കാര്യസാദ്ധ്യത്തിന് ശിവരാത്രി നാൾ
ശ്രീകണ്ഠേശ്വരന് ഇടമുറിയാതെ ഘൃതധാര
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശിവരാത്രി നാളിൽ ശിവഭഗവാന് ധാര, ഭസ്മാഭിഷേകം തുടങ്ങിയവ നടത്തുന്നത് അഭീഷ്ടസിദ്ധിക്കും രോഗശാന്തിക്കും കാര്യവിജയത്തിനും ഐശ്വര്യത്തിനും ഉത്തമമാണ്. പക്ഷേ ചില ശിവ ക്ഷേത്രങ്ങളിൽ ഈ ദിവസം ജലധാര കാണില്ല. ദിവസം മുഴുവനും ഘൃതധാര നടക്കുന്നത് കാരണമാണ് ജലധാരയും മറ്റും ഒഴിവാക്കുക. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഇത്തരത്തിൽ ശിവരാത്രി നാളിൽ 24 മണിക്കൂറും ഘൃതധാര നടക്കുന്നു. അന്ന് പുലർച്ചെ മുതൽ പിറ്റേന്ന് പുലർച്ചെ വരെയാണ് നെയ്യ് ധാര. ഈ ദിവസം മറ്റ് ധാരകളൊന്നും ഇവിടെ നടത്തില്ല. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസം അതായത് ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് മഹാശിവരാത്രി. ഈ വർഷം ഫെബ്രുവരി 18, കുംഭ മാസം 6 ശനിയാഴ്ചയാണ് മഹാശിവരാത്രി കൊണ്ടാടുന്നത്. പ്രദോഷവും ശിവരാത്രിയും ശനിയാഴ്ചയും ഒത്തുവരുന്നത് വളരെ അപൂർവമാണ്. അതിനാൽ ഈ ശിവരാത്രി ആചരണം ശനിദോഷ നിവാരണത്തിനും എല്ലാത്തരം തടസ്സങ്ങൾ നീങ്ങുന്നതിനും വളരെ ശ്രേഷ്ഠമായ ശനി പ്രദോഷ ശിവരാത്രിയാണ്. ശിവഭഗവാന് ഏറ്റവും പ്രിയങ്കരമായ വഴിപാട് ധാരയാണ്. പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ചെയ്യാവുന്ന ഏറ്റവും പ്രധാന നേർച്ചയാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ ജലത്തില്‍ ദര്‍ഭകൊണ്ട് തൊട്ട് മന്ത്രം ജപിക്കുന്നു. ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം ഇടമുറിയാതെ വീഴുന്നു. ഇതാണ് ഈ ചടങ്ങിന്റെ രീതി. ഇങ്ങനെ ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങളും കണക്കാക്കപ്പെടുന്നു. യോഗ്യനായ കര്‍മ്മിയെക്കൊണ്ട് ചെയ്യിച്ചാല്‍ നല്ല ഫലപ്രാപ്തി ഉണ്ടാകും.
ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമായ ശിവരാത്രി നാളില്‍ ശിവലിംഗത്തില്‍ അഭിഷേകം ചെയ്ത ഭസ്മം ധരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ പൂര്‍വ്വജന്മാര്‍ജ്ജിത ദുരിതങ്ങളും പാപങ്ങളുമകന്ന് സൗഖ്യം ഉണ്ടാകും. എപ്പോഴും ഭസ്മം ധരിക്കുന്ന വ്യക്തിയെ മഹാദേവന്‍ കാത്തുരക്ഷിക്കും എന്നാണ് വിശ്വാസം.
ശിവരാത്രി നാളിൽ ശിവന് ഭസ്മാഭിഷേകം വഴിപാടായി നടത്തുന്നത് ശിവപ്രീതിക്ക് തികച്ചും ഗുണകരമാണ്. വിശേഷദിനങ്ങളില്‍ കലശ പൂജയായും ഭസ്മാഭിഷേകം ക്ഷേത്രങ്ങളില്‍ ചെയ്യാറുണ്ട്. സാധാരണ എന്നും രാവിലെ അഭിഷേക ചടങ്ങിന് ശേഷം ഭസ്മവും അഭിഷേകം ചെയ്യുന്നു. ഇങ്ങനെ ശിവലിംഗത്തില്‍ സ്പര്‍ശിച്ച ഭസ്മം നിത്യേന ധരിക്കുന്നത് രോഗശാന്തി, പാപശാന്തി, കാര്യവിജയം എന്നിവയ്ക്ക് നല്ലതാണ്. തിങ്കളാഴ്ചകളില്‍ 12 പ്രാവശ്യം ഭസ്മാഭിഷേകം വഴിപാടായി നടത്തുന്നത് അഭീഷ്ടസിദ്ധിയേകും.
- തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655
Story Summary: Benefits of Gee Dhara and Bhasmabishekam tl Lord Shiva on Shiva Ratri
Copyright 2023 Neramonline.com. All rights reserved