Saturday, 23 Nov 2024
AstroG.in

കാര്യസിദ്ധിയും വിജയവും നേടാം; ഭദ്രകാളി പെട്ടെന്ന് അനുഗ്രഹിക്കുന്ന 3 അത്ഭുതദിനങ്ങൾ

തന്ത്രരത്‌നം പുതുമന മഹേശ്വരൻ നമ്പൂതിരി

എത്ര പൂജകളും പ്രാർത്ഥനകളും നടത്തിയിട്ടും ഒരു ഫലവും ഇല്ല. ജീവിതത്തിൽ ഇതുവരെ ഒരു സുഖവും സന്തോഷവും കിട്ടിയിട്ടില്ല. കയ്‌പേറിയ അനുഭവങ്ങൾ മാത്രം അനുഭവിക്കേണ്ടി വരുന്നു. ഇത്തരത്തിൽ സങ്കടം പറഞ്ഞു ദുരിതങ്ങൾ കാരണം കഷ്ടപ്പെടുന്നവർക്ക് അതിൽ നിന്നും മോചനം നേടാൻ ഏറ്റവും നല്ല വഴിയാണ് ഭരണി വ്രതാനുഷ്ഠാനം. എങ്ങനെയെല്ലാം ശ്രമമിച്ചിട്ടും മാറാത്ത തടസങ്ങൾ ഭരണിവ്രതം നോറ്റാൽ മാറും. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ദിവസമാണ്
വ്രതം അനുഷ്ഠിക്കേണ്ടത്.

2023 ജനുവരി 28 നാണ് മകര ഭരണി. 2023 ഫെബ്രുവരി 25 നാണ് കുംഭഭരണി. 2023 മാർച്ച് 25 നാണ് മീന ഭരണി. ഈ 3 ദിവസങ്ങളിൽ വ്രതം നോറ്റ് ഭദ്രകാളി പ്രീതി നേടിയാൽ കാര്യസിദ്ധിയും ജീവിത വിജയവുമുണ്ടാക്കാം. പ്രത്യേകിച്ച് ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും നിരാശ ബാധിച്ചവർക്കും. ക്ഷിപ്രഫലദായകമാണ് അത്ഭുത ശക്തിയുള്ള ഭരണി വ്രതം.

ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ വശ്യയുമായ ആദിപരാശക്തിയുടെ വ്യത്യസ്തമായ ധാരാളം ഭാവങ്ങൾ പ്രചാരത്തിലുണ്ട്. ഇതിൽ പ്രശസ്തവും ശക്തിവിശേഷം വർദ്ധിച്ചതുമായ ഭദ്രകാളീ ഭാവത്തിലാണ് ദേവിയെ ഭരണി വ്രതം നേറ്റ് ആരാധിക്കുന്നത്. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ദിവസം ഭദ്രകാളീപ്രീതിക്ക് ഏറ്റവും ഫലപ്രദമാണ്. ഈ 3 ദിവസങ്ങളിലും വ്രതം പിടിച്ച് കാളീ ഉപാസനയും വഴിപാടുകളും നടത്തിയാൽ ഫലസിദ്ധി ഉറപ്പാണ്.

വ്രതദിനങ്ങളിൽ ഉച്ചക്ക് ഒരു നേരം മാത്രം ഊണ് കഴിക്കുക. രാവിലെയും, വൈകിട്ടും ഉപവാസിക്കുക. പഴവർഗ്ഗങ്ങളോ, ലഘുഭക്ഷണമോ കഴിക്കുകയുമാകാം. മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം ബ്രഹ്മചര്യം പാലിക്കുകയും വേണം. വ്രതദിവസങ്ങളിൽ രണ്ട് നേരവും ദേവീക്ഷേത്ര ദർശനം നടത്തണം. ചുവന്ന വസ്ത്രം പൂർണ്ണമായോ ജപസമയത്ത് മാത്രമായോ ധരിക്കണം. പുല, വാലായ്മ, മാസാശുദ്ധി എന്നിവ ഉള്ളവർ വ്രതമെടുക്കരുത്. രണ്ട് നേരവും വീട്ടിൽ നെയ്‌വിളക്ക് കൊളുത്തി യഥാശക്തി പ്രാർത്ഥിക്കണം.
വ്രതം കഴിഞ്ഞാൽ പിറ്റേദിവസം ക്ഷേത്രത്തിൽ നിന്നും തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കണം.

കാര്യസിദ്ധിയാണ് ഭരണിവ്രതത്തിന്റെ പ്രധാനഫലം. ഏതൊരു വിഷയത്തിലെയും തടസം അകലുന്നതിന് ഈ വ്രതം ഗുണകരമാണ്. വ്രതദിവസങ്ങളിൽ രണ്ട് നേരവും കുളിച്ച് ഭദ്രകാളിയുടെ മൂലമന്ത്രം ജപിക്കണം.
ഇഷ്ടകാര്യസിദ്ധിക്ക് അത്ഭുതശക്തിയുള്ളതാണ് ഇത്.
രാവിലെയും വൈകിട്ടും 48 പ്രാവശ്യം വീതം ജപിക്കണം.
നിത്യജപത്തിനും നല്ലതാണ്. ശത്രുദോഷം മൂലം വരുന്ന ദുരിതം നീക്കാൻ ഈ മന്ത്രത്തിന് അത്ഭുതശക്തിയുണ്ട്.
ഭരണി വ്രതത്തിന്റെ ഭാഗമല്ലാതെയും ഈ മന്ത്രം 12,21,41 തുടങ്ങിയ ദിവസം ജപിക്കാം. ഭരണിനാളിൽ തുടങ്ങുന്നത് ഏറ്റവും ഉത്തമം. മകര ഭരണി തുടങ്ങി മീനഭരണി വരെ ചെയ്യുന്നത് അതീവ ഫലപ്രദം. ഈ മൂന്ന് ദിവസങ്ങളിലും
ഭദ്രകാളി ധ്യാനവും അഷ്ടോത്തരവും കേൾക്കുകയോ
ജപിക്കുകയോ ചെയ്യുന്നത് അത്യുത്തമമാണ്.

ഭദ്രകാളി ധ്യാനം
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്‌ഗ ഖേട കപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂത: പ്രേത: പിശാചമാതൃ സവിതാം
മുണ്ഡസ്ര ജാലം കൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീമീശ്വരീം

മൂലമന്ത്രം
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

ഭദകാളി അഷ്ടോത്തരം
https://youtu.be/nisHLRj4_Tc
തന്ത്രരത്‌നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655

Story Summary: Bharani Viritham: Significance of Makara Bharani, Kumbha Bharani and Meena Bharani
Copyright 2023 Neramonline.com. All rights reserved


error: Content is protected !!