Saturday, 23 Nov 2024
AstroG.in

കാവടി നേർച്ച സുബ്രഹ്മണ്യന്
ഏറ്റവും പ്രിയപ്പെട്ട വഴിപാട്

ശ്രീകുമാർ ശ്രീ ഭദ്ര
സുബ്രഹ്മണ്യ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് കാവടി. വ്രത നിഷ്ഠയോടെയാണ് ഭക്തർ ഭഗവാന് കാവടി എടുക്കുന്നത്. 41 ദിവസം വരെ വ്രതം നോറ്റ് വഴിപാടായി കാവടി എടുക്കുന്നവരുണ്ട്. തൈപ്പൂയ ദിവസം കാവടിയെടുക്കുന്നത് അതിവിശേഷമാണ്. ബ്രഹ്മചര്യം പാലിച്ച് മത്സ്യ മാംസാദികൾ വെടിഞ്ഞ് രണ്ടുനേരവും
പച്ചവെള്ളത്തിൽ കുളിച്ച് വെറും നിലത്ത് ഉറങ്ങി ക്ഷൗരം ചെയ്യാതെയാണ് വിധി പ്രകാരം കാവടി എടുക്കുക.
കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യം അടിസ്ഥാനമാക്കി പലതരം കാവടികളുണ്ട്. പാൽക്കാവടി, ഭസ്മക്കാവടി, കളഭക്കാവടി, പീലിക്കാവടി, അഗ്നിക്കാവടി, പൂക്കാവടി, കർപ്പൂരക്കാവടി എന്നിങ്ങനെ ധാരാളം കാവടികളുണ്ട്. ഈ ദ്രവ്യങ്ങളാണ് ഭഗവാന് അഭിഷേകം ചെയ്യുന്നത്.

പഴനി മുരുകൻ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് കാവടിയുടെ ഐതിഹ്യം: മഹാമുനിയായ അഗസ്ത്യ മഹര്‍ഷി കൈലാസത്തിലെത്തി മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവതങ്ങൾ നേടി. തന്റെ അനുചരനായ ഹിഡുംബൻ എന്ന അസുരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ട് അറ്റങ്ങളിലായി മലകളെടുത്ത് തന്റെ പർണശാലയിൽ എത്തിക്കാൻ ചട്ടം കെട്ടിയ ശേഷം അഗസ്ത്യമുനി കൈലാസത്തിൽ നിന്നു മടങ്ങി. പഴനിക്കു സമീപം എത്തിയപ്പോൾ ക്ഷീണം കാരണം വിശ്രമിക്കാനായി ഈ മലകൾ ഹിഡുംബൻ തോളിൽ നിന്നിറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനായില്ല.

കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജസ്സാർന്ന ഒരു ബാലൻ കൗപീനം മാത്രം ധരിച്ച് വടിയുമായി നിൽക്കുന്നതാണ് കണ്ടത്.
കൈലാസ പർവതനിരയുടെ ഭാഗമായ മല തന്റേത് ആണെന്ന് ഈ ബാലൻ ഹിഡുംബനോട് വാദിച്ചു. തർക്ക ശേഷമുണ്ടായ യുദ്ധത്തിൽ ഹിഡുംബനെ ബാലൻ വധിച്ചു. ദിവ്യദൃഷ്ടികൊണ്ട് കാര്യം അറിഞ്ഞ് അഗസ്ത്യ മുനി ഹിഡുംബന്റെ ഭാര്യയ്ക്കൊപ്പം അവിടെ എത്തി, ദിവ്യബാലനായ മുരുകനെ സ്തുതിച്ചു ക്ഷമാപണം നടത്തി. പ്രീതനായ മുരുകന്‍ ഹിഡുംബനെ ജീവിപ്പിച്ചു. അയാള്‍ രണ്ടു വരങ്ങള്‍ അപേക്ഷിച്ചു. ഒന്ന് : തന്നെ അവിടെ പഴനിയാണ്ടവന്റെ ദ്വാരപാലകനാക്കണം.
രണ്ട്: താന്‍ മലകള്‍ കൊണ്ടുവന്ന പോലെ ഭഗവാന് പൂജാദ്രവ്യങ്ങള്‍ കാവടിയില്‍ കെട്ടിക്കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. രണ്ടു വരങ്ങളും ഭഗവാൻ നല്‍കി.

പഴനിമലയിലേക്കുള്ള പടികൾ കയറി പകുതി വഴി എത്തുമ്പോൾ ഹിഡുംബന്റെ ക്ഷേത്രമുണ്ട്. ദേവകളുടെ സേനാധിപതിയുടെ സന്നിധിയിൽ ഒരു അസുരന് ഭക്തർ ആരാധന അർപ്പിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇതിനുണ്ട്. പഴനിമലയുടെ അടിവാരത്തു നിന്നും 697 കല്‍പ്പടികളുണ്ട് ക്ഷേത്രത്തിലേക്ക്. സമുദ്ര നിരപ്പില്‍ നിന്നും പഴനി സമതലത്തിന് 1068 അടി ഉയരമാണ്. മലയുടെ ഉയരം 450 അടിയാണ്. പടികയറാൻ പ്രയാസം ഉള്ള ഭക്തർക്ക് വിഞ്ചിലോ റോപ് കാറിലോ മുകളിൽ എത്താം.

മലയിലേക്ക് പടികള്‍ കയറുന്നതിനു മുമ്പ് അടിയിലുള്ള ഗണപതികോവിലില്‍ വിഘ്‌നനിവാരണത്തിന് ഭക്തര്‍ നാളികേരം, കര്‍പ്പൂരം, മുതലായവ അര്‍പ്പിക്കുന്നു. പടി കടന്നുകയറുമ്പോള്‍ ഇടയ്ക്കു ക്ഷീണിക്കുന്ന തീര്‍ത്ഥാടകര്‍ക്കു വിശ്രമിക്കുന്നതിനായി ചെറിയ മണ്ഡപങ്ങള്‍ കാണാം. ഓരോ മണ്ഡപത്തോടും ചേര്‍ന്ന് ഗണപതി, സുബ്രഹ്മണ്യന്‍, മയില്‍ ഇവയുടെ വിഗ്രഹങ്ങള്‍ ഉണ്ട്. അവിടെയെല്ലാം വഴിപാടുകള്‍ സ്വീകരിക്കാന്‍ പൂജകരെയും കാണാം. ഇന്നു കാണുന്ന പടികളുടെ പണി പൂര്‍ത്തിയായത് 1942 ലാണ്. പ്രത്യേകം വഴിപാട് നേർന്ന് വരുന്ന പലരും അടിവാരത്തില്‍ വച്ച് തലമുണ്ഡനം ചെയ്തു കുളിച്ചതിനു ശേഷമാണ് ക്ഷേത്രത്തിലേക്ക് പോകുന്നത്. ചിലര്‍ കാവടിയെടുത്ത് വാദ്യമേളങ്ങളോടെ ആണ് പഴനി മല കയറുന്നത്.

ശ്രീകുമാർ ശ്രീ ഭദ്ര
+91 94472 23407
Story Summary : Myth behind Kabadi Aattam, The ceremonial sacrifice and offering by devotees of Lord Murugan (Palani Murugan – 3)

Copyright 2022 Neramonline.com. All rights reserved


error: Content is protected !!