Friday, 20 Sep 2024
AstroG.in

കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാർക്ക് രക്ഷ ശിവ പൂജ

ജാതകത്തിലുള്ള സൂര്യ ദോഷങ്ങൾ പരിഹരിക്കാൻ  ഏറ്റവും നല്ല മാർഗ്ഗം ശിവപൂജയാണ്. കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാർ സുര്യദശാകാലത്താണ് ജനിക്കുന്നത്. അതിനാൽ  ഈ നക്ഷത്രക്കാർ പതിവായി ശിവഭജനം നടത്തണം.

ജാതകത്തിൽ ആദിത്യനും രാഹുവും ഒരുമിച്ച് നിൽക്കുന്നതും രാഹുദശയിലെ ആദിത്യദശാകാലവും ആദിത്യദശയിലെ രാഹുവിന്റെ സ്വാപഹാരകാലവും ഈ നക്ഷത്രജാതകർക്ക് ദോഷകരമാണ്.

ഈ കാലത്ത് ശിവക്ഷേത്രത്തിൽ നീലകണ്ഠത്രക്ഷരീ മന്ത്രപുഷ്പാഞ്ജലി നടത്തുന്നതും മന്ത്രം ജപിച്ച് പഞ്ചഗവ്യ ഘൃതം സേവിക്കുന്നതും നല്ലതാണ്. സൂര്യൻ, ശനി എന്നിവർ ചന്ദ്രാൽ ആറിൽ നിൽക്കുമ്പോൾ ശത്രുദോഷമോ ആഭിചാരദോഷമോ സംഭവിക്കാം. പരിഹാരമായി ശിവക്ഷേത്രത്തിൽ അഘോര മന്ത്രപുഷ്പാഞ്ജലി, ഹോമം എന്നിവ നടത്തുക. ശിവഭജനത്തിലൂടെ ഇവർക്ക് ദോഷശാന്തിയുണ്ടാവും. ശിവക്ഷേത്രത്തിൽ  പക്കപ്പിറന്നാളിനോ ഞായറാഴ്ച തോറുമോ ധാര, പിൻവിളക്ക് എന്നിവയും കൂവളത്തില കൊണ്ടോ ചുവന്നപൂക്കളാലോ പുഷ്പാഞ്ജലിയും  നടത്തണം.

അഭിഷേക പ്രിയോ രുദ്ര: വചനമനുസരിച്ച് ശിവന് അഭിഷേകം പ്രധാനമാണ്. മൂന്ന് ഇതളുള്ള കുവളത്തില കൊണ്ട് ശിവന് അർച്ചന നടത്തിയാൽ മൂന്ന് ജന്മത്തിലെ പാപങ്ങൾ തീരും. കൂവളത്തില  ശിവന്റെ തൃക്കണ്ണുകളാണെന്നാണ് സങ്കൽപ്പം. നവഗ്രഹ പുഷ്പങ്ങളിൽ പെട്ടതും ശ്രീവൃക്ഷം എന്നറിയപ്പെടുന്നതുമായ കൂവളത്തില ശിവസ്വരൂപമാണ്. ഇതിന്റെ ശാഖകൾ വേദങ്ങളായും മുള്ളുകൾ ശക്തിസ്വരൂപമായും വേരുകൾ ഏകാദശരുദ്രന്മാരായും സങ്കൽപ്പിക്കപ്പെടുന്നു. പല രോഗശാന്തിക്കും ആയൂർവേദത്തിൽ കൂവളത്തില പ്രധാനമാണ്. പ്രഭാതത്തിൽ മാത്രമേ കൂവളത്തില ഇറുക്കാവൂ. ചതുർത്ഥി ചതുർദ്ദശി, കറുത്തവാവ് പൗർണ്ണമി തിഥികളിൽ കൂവളത്തില ഇറുക്കരുത്.

ഇഷ്ടപുരുഷനെ ഭർത്താവായി കിട്ടുന്നതിന്  കന്യകമാരും ഉത്തമ ദാമ്പത്യ ജീവിതത്തിന് വിവാഹിതരായ സ്ത്രീകളും തിങ്കളാഴ്ചകളിൽ ദിവസവും ശിവക്ഷേത്രദർശനം നടത്തുന്നതും വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. ശിവരാത്രി നാളിലും ധനുമാസത്തിലെ തിരുവാതിര നാളിലും ഉപവാസവും വ്രതവും അനുഷ്ഠിക്കുന്നത് ഏറ്റവും നല്ലത്.

അശ്വതി, മകം, മൂലം,പൂയം, അനിഴം, ഉത്തൃട്ടാതി, തിരുവാതിര,ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം നക്ഷത്രക്കാർ ശനി ദശാക്കാലത്തും ശിവ ഭജനം  നടത്തണം. സൂര്യദോഷ ശാന്തിക്ക് ആദിത്യ ഹൃദയമന്ത്രം ആദിത്യ നമസ്‌കാരം എന്നിവയും നല്ലതാണ്. ശിവ സഹസ്രനാമ സേ്താത്രം അഷ്‌ടോത്തര നാമജപം തുടങ്ങിയ ശിവകീർത്തനങ്ങൾ ചൊല്ലുന്നതും സൂര്യദോഷമകറ്റാൻ ഉത്തമമാണ്.
ഓം നമ: ശിവായ എന്നു ചൊല്ലി വേണം ശിവനെ ആദ്യം നമസ്‌ക്കരിക്കേണ്ടത്. തുടർന്ന് ഇഷ്ടാനുസരണം ജപം നടത്താം.

ഭഗവാനെ തൊഴുതിട്ട് ഇനി  പറയുന്ന ക്ഷമാപണമന്ത്രം ചൊല്ലി പ്രാർത്ഥിക്കുന്നത് നല്ലതാണ്. 

കരചരണകൃതം വാക് കായജം കർമ്മജം വാ
ശ്രവണ നയനജം വാ മാനസം വാപരാധം
വിഹിത മവിഹിതം വാ സർവ്വമേതത് ക്ഷമസ്വ
ശിവ ശിവ കരുണാബ്‌ധേ ശ്രീ മഹാദേവ ശംഭോ

ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹിമാം
ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷമാം 
എന്ന് ചൊല്ലി ഭഗവാനെ പ്രദക്ഷിണം വയ്ക്കുകയുംവേണം.

– സുധീർ ചെറുതാഴം,

കണ്ണൂർ: 9847886497, 9447810257

error: Content is protected !!