Monday, 30 Sep 2024
AstroG.in

കിഴക്ക് ദർശനമായി ശ്രീവല്ലഭൻ , പടിഞ്ഞാറോട്ട്സുദർശന മൂർത്തി; എന്നും 5 ഭാവങ്ങളിൽ ദർശനം

മംഗള ഗൗരി
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശ്രീ മഹാവിഷ്ണു രണ്ടു ഭാവങ്ങളിൽ കുടികൊള്ളുന്നു. കിഴക്ക് ദർശനമായി ശ്രീവല്ലഭനും പടിഞ്ഞാറ് ദർശനമായി സുദർശന മൂർത്തിയും. ലക്ഷ്മീ ദേവിയോടും ഭൂമിദേവിയോടും കൂടിയാണ് ശ്രീവല്ലഭൻ വാണരുളുന്നത്. മഞ്ഞപ്പടുത്ത ഭഗവാന്റെ തിരുനെറ്റിയിൽ ഗോപിക്കുറിയും നവരത്നം പ്രഭചൊരിയുന്ന കിരീടവും കഴുത്തിൽ കൗസ്തുഭവും മാറിൽ ശ്രീവത്സവും വനമാലയും കാണം.

ഇതേ ശ്രീകോവിലിൽ തന്നെ പടിഞ്ഞാറ് ദർശനമായി കുടികൊള്ളുന്ന സുദർശനമൂർത്തിയുടെ കൈയിൽ നക്ഷത്രാകൃതിയിലുള്ള തേജോമയമായ സുദർശന ചക്രം ഉണ്ട് . അതിന് പിന്നിൽ പതിനാറ് തൃക്കൈകളോട് കൂടിയ പ്രഭാമൂർത്തിയെ കാണാം. പഞ്ചലോഹ നിർമ്മിതമായ ഈ സുദർശന മൂർത്തിയെ ഭക്തിപൂർവം തൊഴുത്
പ്രാർത്ഥിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കും.

സകലരെയും ദ്രോഹിച്ച് വിരാജിച്ച തുകലൻ എന്ന അസുരനെ ഭയന്ന് മല്ലികാവനം ഉൾപ്പെടുന്ന ദേശത്ത് ആരും തന്നെ വരാതെയായി. അത് കാരണം, ഏകാദശി നോറ്റ ചംക്രോത്തമ്മ എന്ന ഭക്തയ്ക്ക് ദ്വാദശി നാളിൽ കാൽ കഴുകിച്ചൂട്ടാൻ ഒരു ബ്രഹ്മചാരിയെ കിട്ടാതെ വന്നു. വ്രതഭംഗം വരുമല്ലോയെന്ന് വിഷമിച്ച ചംക്രോത്തമ്മയെ അനുഗ്രഹിക്കാനെത്തിയ സാക്ഷാൽ മഹാവിഷ്ണു തന്നെ ബ്രഹ്മചാരിയായി പ്രത്യക്ഷപ്പെട്ട് തുകലനെ തന്റെ കൈയ്യിലുണ്ടായിരുന്ന ദണ്ഡ് ചക്രമാക്കി മാറ്റി, അതുകൊണ്ട് തുകലൻ വധിച്ച് ആ നാടിനെ രക്ഷിച്ചു. ചംക്രോത്തമ്മയുടെയും മറ്റും യാചനയെത്തുടർന്ന് ആ ശ്രീ ചക്രത്തെ നിത്യവും വണങ്ങാൻ ഭഗവാൻ സൗകര്യം ചെയ്തു. അതിനു വേണ്ട ചെലവുകൾക്കായി തന്റെ സ്വത്തുക്കൾ ചംക്രോത്തമ്മ ദാനം ചെയ്തു. അങ്ങനെ ശ്രീവല്ലഭന് മുന്നേ തന്നെ സുദർശന മൂർത്തി ഇവിടെ പ്രതിഷ്ഠിതനായി എന്ന് ഐതിഹ്യം പറയുന്നു. സ്വപ്ന ദർശന പ്രകാരം നേത്രാവതി നദിയിൽ നിന്നു കിട്ടിയ വിഗ്രഹമാണ് ശ്രീവല്ലഭന്റേത്. നാടുവാഴിയുടെ നിദ്ദേശം പാലിച്ച് അത് കണ്ടെടുത്ത് സുദർശന മൂർത്തിക്ക് സമീപം സ്ഥാപിച്ചു. ശ്രീകൃഷ്ണ സാരഥി സാത്യകിയും ഗരുഡനും
പൂജിച്ചിരുന്ന വിഗ്രഹമാണിത്. ലക്ഷ്മീ ദേവിയോടും ഭൂമി ദേവിയോടും കൂടിയ വിഗ്രഹമായതിനാലാണ് ശ്രീവല്ലഭൻ എന്ന പേരു വന്നത്. തിരുവല്ലഭൻ കുടികൊള്ളുന്ന സ്ഥലം ആയതിനാൽ മല്ലികാവനം തിരുവല്ലയായി. 108 വൈഷ്ണവ തിരുപ്പതികളിൽ ഒന്നായ ഇവിടെ പ്രധാന മൂർത്തിയായ ശ്രീവല്ലഭനെ എന്നും അഞ്ചു ഭാവങ്ങളിൽ പൂജിക്കുന്നു. ദുർവാസാവ് പ്രതിഷ്ഠ നടത്തിയതിനാൽ ദുർവാര സംഹിതയനുസരിച്ച് പഞ്ചരാത്രവിധാനത്തിലെ പൂജകളിൽ ഭഗവാൻ ഒരോരോ ഭാവങ്ങൾ സ്വീകരിക്കുന്നു. ഉഷപൂജയിൽ ലക്ഷ്മീദേവി, ഭൂമിദേവി സമ്മേതം ധ്യാന ഭാവത്തിൽ ഭഗവാനെ തൊഴാം. വില്വമംഗലം പൂജ എന്ന് ഇത് അറിയപ്പെടുന്നു. ഇതിനും ശങ്കരമംഗലം പൂജയായ പന്തീരടിക്കും ധ്യാനം ഒന്നു തന്നെയാണ്. ഉച്ചപൂജയും നാലാംപൂജയും വാസുദേവ സങ്കല്പത്തിലാണ്. ഉച്ചപൂജ രാജാധിരാജന്റെ ആഡംബരങ്ങൾ അണിഞ്ഞ് ഗൃഹസ്ഥ വേഷത്തിലാണ്. ദീപാരാധന കഴിഞ്ഞ് നാലാം പൂജയിൽ രാജകീയ വേഷത്തിൽ, ലക്ഷ്മീ ദേവിക്കും ഭൂമി ദേവിക്കും ഒപ്പമുള്ള ശ്രീ നാരായണനായി ആരാധിക്കുന്നു. അഞ്ചാം പൂജയിൽ സന്ന്യസ്ഥ രൂപമാണ്. അതിന് ശേഷം നിത്യവും പള്ളിക്കുറുപ്പ് പൂജ നടക്കും.

ധ്യാനഭാവം, ഗൃഹസ്ഥാശ്രമി ഭാവം, രാജാധി രാജഭാവം, കാഷായം ധരിച്ച സന്ന്യാസ ഭാവം, വിരാട് പുരുഷഭാവം എന്നിവയാണ് ഇവിടുത്തെ ശ്രീ വല്ലഭന്റെ വ്യത്യസ്തമായ
ഭാവങ്ങൾ.

വിശ്വകർമ്മാവ് കടുശർക്കരയോഗം പോലെ ഒരു കൂട്ടുപയോഗിച്ചാണ് ശ്രീവല്ലഭ വിഗ്രഹം പണിതീർത്തത്. മണലും ദർഭയും ചേർന്ന മിശ്രിതമാണെന്ന് പറയുന്നു. അതിനാൽ ഇതിൽ ചന്ദനം ചാർത്ത്, കളഭാഭിഷേകം, ജലാഭിഷേകം എന്നിവ നടത്താറില്ല. കദളിപ്പഴമാണ് ഇവിടെ ഭഗവാന്റെ പ്രിയപ്പെട്ട നിവേദ്യം. നിത്യവും ഇവിടെ
നടയ്ക്ക് വയ്ക്കുന്ന കദളിപ്പഴക്കുലകൾക്ക് കണക്കില്ല. എന്നും അന്നദാനമുണ്ട്. ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന നേർച്ചയാണിത്.

ഈ ക്ഷേത്രത്തിൽ തൊഴുന്നതിനും പ്രദക്ഷിണത്തിനും പ്രത്യേകം ക്രമമുണ്ട്. ആദ്യം പ്രദക്ഷിണ വഴിയിലൂടെ തെക്കു വശത്തെ ഗണപതിയെ തൊഴണം. ശാസ്താവ്, വടക്കുപടിഞ്ഞാറ് സങ്കല്പത്തിൽ മാത്രമുള്ള ഭഗവതി, കിഴക്കോട്ട് നടന്ന് കുരയപ്പൻ സ്വാമി, അതിന് കിഴക്ക് ഇലവന്തിക്കരയിൽ വ്യാസഭഗവാൻ, ദുർവാസാവ്, ധ്വജാഗ്രത്തിലുള്ള ഗരുഡൻ , നാലമ്പലത്തിൽ കയറി ആദ്യമായി വടക്കും ദേവൻ, വിഷ്വക്സേനൻ , ശ്രീ കോവിലിൽ ദക്ഷിണാമൂർത്തി, നരസിംഹ മൂർത്തി, ശ്രീ വല്ലഭൻ , ലക്ഷ്മീദേവിയോടും ഭൂമിദേവി, പടിഞ്ഞാറേ നടയിൽ സുദർശന മൂർത്തി – ഇതാണ് ദർശന ക്രമം.

മണിമലയാറിന്റെ തീരത്താണ് ക്ഷേത്രം. ഇവിടുത്തെ സുദർശനമൂർത്തി പ്രതിഷ്ഠ നടത്തിയത് ബി.സി. 2998 ൽ ആണെന്ന് പറയപ്പെടുന്നു. ബി.സി. 59 ൽ ശ്രീവല്ലഭ പ്രതിഷ്ഠയും നടന്നു. ഈ സമയത്താണ് കിഴക്കേ നടയിൽ 54 അടി ഉയരമുള്ള കരിങ്കൽക്കൊടിമര നിർമ്മാണവും നടന്നത്. പെരുന്തച്ചനാണത്രേ ഈ ഒറ്റക്കൽക്കൊടിമരം നിർമ്മിച്ചത്. ഇതിന്റെ മുകളിൽ പഞ്ചലോഹനിർമ്മിതമായ മൂന്നടി ഉയരമുള്ള ഗരുഡ വിഗ്രഹമുണ്ട്. ചിറകുകളുള്ള മനുഷ്യന്റെ രൂപത്തിലാണ് ഗരുഡ വിഗ്രഹം. കൊടിമരം ചരിഞ്ഞുവീഴാൻ തുടങ്ങിയപ്പോഴാണ് വേറെ ഒരിടത്തും കാണാൻ കഴിയാത്ത അത്ഭുതരൂപമായ ഗരുഡമാടത്തറ നിർമ്മിച്ചു. മൂന്നു നിലകളിൽ ദീർഘചതുരാകൃതിയിലുള്ള ഈ ശില്പരൂപം അത്ഭുതക്കാഴ്ചയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇപ്പോൾ ക്ഷേത്രം.

Story Summary: Sreevallabha Temple, Thiruvalla. History, unique customs and architectural grandeur

error: Content is protected !!