Friday, 20 Sep 2024
AstroG.in

കുചേലൻ ദരിദ്രനായ ഐതിഹ്യം; കുടുംബ ഐശ്വര്യത്തിന് അവിൽ നിവേദ്യം

ജ്യോതിഷി സുജാത പ്രകാശൻ

ഭഗവാൻ ശ്രീകൃഷ്ണൻ സതീർത്ഥ്യനായ കുചേലന്റെ ദാരിദ്ര്യദു:ഖങ്ങൾ മാറ്റി സർവ്വ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിച്ച പുണ്യ ദിനമാണ് കുചേലദിനം. എല്ലാ വർഷവും ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. ഒരു പിടി അവിൽ സ്വീകരിച്ച് ഒരു നേരത്തെ ആഹാരത്തിന് പോലും വക ഇല്ലാത്ത സുഹൃത്തായ കുചേലന്റെ ദാരിദ്ര്യ ദുഃഖം ശ്രീകൃഷ്ണൻ അകറ്റിയ കഥ എല്ലാവർക്കും അറിയാം എങ്കിലും എന്ത് കൊണ്ട് കുചേലൻ ദരിദ്രനായി എന്ന ഐതിഹ്യം അത്ര പ്രസിദ്ധമല്ല. ആ കഥ ഇങ്ങനെ:

ഒരു ഗ്രാമത്തിൽ ഭക്തയായൊരു ബ്രാഹ്മണി ഉണ്ടായിരുന്നു. ദരിദ്രയായ അവർ ഭിക്ഷ യാചിച്ചിട്ടാണ് ജീവിതം കഴിച്ച് പോന്നത്. പല ദിവസങ്ങളിലും അവർ പട്ടിണിയായിരുന്നു. ഒരു ദിവസം ഭിക്ഷ യാചിച്ച് കിട്ടിയത് ഒരു പൊതി കടലയായിരുന്നു. അത് ഭഗവാന് നേദിച്ച ശേഷം കഴിക്കാമെന്നു വിചാരിച്ച അവർ ക്ഷീണം കാരണം ഉറങ്ങിപ്പോയി. ആ രാത്രി അവിടെ കയറിയ കള്ളൻമാർ സ്വർണനാണയമാണെന്ന് കരുതി അത് എടുത്തു. അപ്പോഴേക്കും ഉണർന്ന അവർ ബഹളം വെച്ചു… കള്ളന്മാർ ഓടി രക്ഷപെട്ട് ശ്രീകൃഷ്ണനും സുദാമാവും (കുചേലന്റെ പേര് ) വിദ്യ അഭ്യസിക്കുന്ന സാന്ദീപനി മുനിയുടെ ആശ്രമത്തിൽ ഒളിച്ചു. അവിടെനിന്നും രക്ഷപെട്ട് പോകുമ്പോൾ കള്ളന്മാർ കടലപ്പൊതി അവിടെ ഉപേക്ഷിച്ചു. ഇതൊന്നുമറിയാതെ ബ്രാഹ്മണി എന്റെ കടല ആര് ഭക്ഷിച്ചുവോ അവർ ദരിദ്രരായി പോവട്ടെ എന്ന് ശപിച്ചു. പിറ്റേന്ന് രാവിലെ ഗുരുമാതാവിന് കടലപ്പൊതി കിട്ടുകയും ശ്രീകൃഷ്ണനും സുദാമാവും കാട്ടിൽ വിറക് പെറുക്കാൻ പോവുമ്പോൾ രണ്ട് പേരും വിശക്കുമ്പോൾ കഴിച്ചോളൂ എന്ന് പറഞ്ഞു കൊടുത്തു വിടുകയും ചെയ്തു. ജന്മനാ ബ്രഹ്മജ്ഞാനിയായ സുദാമാവിന് ഈ പൊതി കയ്യിൽ കിട്ടിയപ്പോൾ തന്നെ അതിന്റെ രഹസ്യം മനസിലായി. ഗുരുമാതാവ് പറഞ്ഞതിൻ പ്രകാരം കടല ശ്രീകൃഷ്ണന് കൊടുത്താൽ തന്റെ പ്രിയ സുഹൃത്തും ദരിദ്രനാകും. സൃഷ്ടി മുഴുവനും ദാരിദ്ര്യം അനുഭവിക്കും – ഇത് മനസിലാക്കിയ സുദാമാവ് ശ്രീകൃഷ്ണന് കൊടുക്കാതെ കടല മുഴുവനും കഴിച്ച് ദാരിദ്ര്യത്തിന്റെ ശാപം സ്വയം വരിച്ചു. അങ്ങനെയാണ് സുദാമാവ് ദരിദ്രനായത് എന്നാണ് ഐതിഹ്യം. 2021 ഡിസംബർ 22നാണു കുചേലദിനമായി ആചരിക്കുന്നത്.

ദാരിദ്ര്യദുഃഖം സഹിക്കാനാകാതെയായപ്പോഴാണ് ഭാര്യ ശ്രീകൃഷ്ണനെ കണ്ടു സങ്കടം പറയാൻ കുചേലനോട് ആവശ്യപ്പെട്ടത്. എന്നാൽ ദ്വാരകയിലെ കൊട്ടാരത്തിൽ അതീവ സ്നേഹത്തോടെ സ്വീകരിക്കുകയും തന്റെ കയ്യിൽ ഉണ്ടായിരുന്ന അവിൽ വളരെ സന്തോഷത്തോടെ കഴിക്കുകയും ചെയ്ത ശ്രീകൃഷ്‌ണനോടുള്ള അതീവഭക്തിയിൽ സർവ്വം മറന്ന കുചേലൻ താൻ വന്ന കാര്യം പറയാതെയാണ് മടങ്ങിയത്… എന്നാൽ തന്റെ വീടിരിക്കുന്ന സ്ഥലത്തെത്തിയപ്പോൾ കുചേലൻ കണ്ടത് വലിയ കൊട്ടാരവും ആഭരണങ്ങൾ അണിഞ്ഞു നിൽക്കുന്ന പത്നിയെയും കുട്ടികളെയുമാണ്. ഭഗവാൻ ഒരു പിടി അവിൽ വാരിക്കഴിച്ചപ്പോൾ തന്നെ കുചേലന് സർവ്വ ഐശ്വര്യങ്ങളും ഭഗവാന്റെ കടാക്ഷത്താൽ ലഭിച്ചു. വീണ്ടും ഒരു പിടി കൂടി വാരിക്കഴിക്കാൻ ശ്രീകൃഷ്ണൻ മുതിർന്നപ്പോൾ ലക്ഷ്മീ ദേവിയുടെ അവതാരമായ പത്നി രുഗ്മിണി തടഞ്ഞു. ദേവന്മാര്‍ക്കു പോലും ലഭിക്കാത്ത ഐശ്വര്യം ഇപ്പോള്‍ തന്നെ കുചേലന് ലഭിച്ചുകഴിഞ്ഞു. ഇനിയും ആ നിസ്വ ബ്രാഹ്മണൻ കൊണ്ടുവന്ന ഭക്ഷണം ഭഗവാൻ കഴിച്ചാൽ താൻ ഉൾപ്പെടെ കുചേലന്റെ ദാസരായി കഴിയേണ്ടി വരും എന്ന് മനസിലാക്കിയാണ് ദേവി കൃഷ്ണനെ തടഞ്ഞത്.

ഭക്തിയോടെ എന്ത് സമർപ്പിച്ചാലും അത് ഭഗവാന് പ്രിയപ്പെട്ടതാണ് എന്നാണ് കുചേലന് ലഭിച്ച അനുഗ്രഹം വ്യക്തമാക്കുന്നത്. കുചേലദിനത്തിൽ വിഷ്ണു / കൃഷ്ണ ക്ഷേത്രം ദർശിക്കുന്നതും അവിൽ നിവേദിക്കുന്നതും പുണ്യമായി കരുതുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനുമാണ് അവിൽ നിവേദിക്കുന്നത്.

  • ജ്യോതിഷി സുജാത പ്രകാശൻ,
    കാടാച്ചിറ, കണ്ണൂർ,
    വാട്സാപ്പ് : +91 9995960923
    email : Sp3263975@gmail.com

Story Summary: Myth behind proverty of Kuchela and benifits of Aval Nivedyam

Copyright 2021 Neramonline.com. All rights reserved


error: Content is protected !!