Sunday, 6 Oct 2024
AstroG.in

കുടുംബത്തിൽ ഐശ്വര്യസമൃദ്ധിയും ശാന്തിയും കൈവരുന്നതിന്

ആറ്റുകാൽ ദേവീദാസൻ
ലളിതമനോഹരമാണ് ശങ്കരാചാര്യ വിരചിതമായ ലളിതാ പഞ്ചരത്‌ന സ്തോത്രം. ഇത് നിത്യവും പാരായണം ചെയ്താൽ ദേവി അതിവേഗം പ്രസാദിക്കും. ഏതൊരു വ്യക്തിയുടെയും ഈശ്വരാധീനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന് അവരുടെ കുടുംബാന്തരീക്ഷമാണ്. ശാന്തമായ കുടുംബാന്തരീക്ഷം ഉള്ളവർക്ക് മാത്രമേ ജപവും ധ്യാനവുമെല്ലാം ചിട്ടയോടെ നടത്തി ഉപാസനാബലം വർദ്ധിപ്പിക്കാൻ കഴിയൂ. പല വീടുകളിലും
കലഹങ്ങൾ, ദാമ്പത്യ ക്ലേശങ്ങൾ, മറ്റ് തരത്തിലെ കുടുംബദുരിതങ്ങൾ തുടങ്ങിയവ പതിവാണ്. ഇതെല്ലാം ഒഴിവാക്കുന്നതിന് ശ്രീലളിതാ പരമേശ്വരിയെ ഉപാസിക്കുന്നത് വളരെ നല്ലതാണ്. എല്ലാ ദിവസവും രാവിലെ വീട്ടിൽ നിലവിളക്ക് കത്തിച്ചു വച്ച് ലളിതാ പഞ്ചരത്‌നം സ്‌തോത്രം ജപിച്ചു നോക്കൂ. പെട്ടെന്നു തന്നെ ആ വീട്ടിൽ ശാന്തിയും സമാധാനവും കൈവരും. അനേകമനേകം ആളുകളുടെ അനുഭവമാണിത്. വലിയ വഴിപാടുകളും മറ്റ് അനുഷ്ഠാന കർമ്മങ്ങളുമൊന്നും നടത്താൻ സമയവും സാഹചര്യവുമില്ലാത്ത എല്ലാവർക്കും തന്നെ അതിവേഗം ദേവീപ്രീതി നേടാൻ ഫലപ്രദമാണ് നിത്യേനയുള്ള ശ്രീലളിതപഞ്ചരത്‌ന സ്തോത്ര ജപം:

ലളിതാ പഞ്ചരത്‌ന സ്തോത്രം

പ്രാത:സ്മരാമി ലളിതാവദനാരവിന്ദം
ബിംബാധരം പൃഥുലമൗക്തികശോഭിനാസം
ആകർണ്ണദീർഘനയനം മണികുണ്ഡലാഢ്യം
മന്ദസ്മിതം മൃഗമദോജ്വലഫാലദേശം

(തൊണ്ടിപ്പഴം പോലെയുള്ള അധരം, വലിയ മുത്തുമണി ചാർത്തി ശോഭിക്കുന്ന മൂക്ക്, കർണ്ണങ്ങളോളം നീളുന്ന കണ്ണുകൾ, വിശിഷ്ഠമായ രത്‌നകുണ്ഡലങ്ങൾ, കസ്തൂരി തിലകത്താൽ തിളങ്ങുന്ന നെറ്റിത്തടം, മന്ദസ്മിതത്താൽ അതിസുന്ദരമായ മുഖാരവിന്ദം – ഇങ്ങനെ ശോഭിക്കുന്ന ലളിതാദേവിയെ ഞാൻ പ്രഭാതത്തിൽ സ്മരിക്കുന്നു.)

പ്രാതർഭജാമി ലളിതാഭുജകല്പവല്ലീം
രത്‌നാം ഗുലീയലസദം ഗുലിപല്ലവാഢ്യാം
മാണിക്യഹേമവലയാംഗദശോഭമാനാം
പുണ്‌ഡ്രേക്ഷുചാപകുസുമേഷുസൃണീർദ്ദധാനാം

(രത്‌നമോതിരങ്ങൾ തിളങ്ങുന്ന തളിരുപോലുള്ള
വിരലുകളാൽ ശ്രേഷ്ഠമായതും മാണിക്യം പതിച്ച സ്വർണ്ണവളയും തോൾവളയും കൊണ്ട് ശോഭിക്കുന്നതും
വെൺതാമരയും കരിമ്പുവില്ലും പുഷ്പബാണവും,
തോട്ടിയും എന്നിവ ധരിക്കുന്നതുമായ, ലളിതാദേവിയുടെ തൃക്കൈകളാകുന്ന കല്പവല്ലിയെ എന്നും പ്രഭാതത്തിൽ ഉപാസിക്കുന്നു.)

പ്രാതർന്നമാമി ലളിതാചരണാരവിന്ദം
ഭക്തേഷ്ടദാനനിരതം ഭവസിന്ധുപോതം
പദ്മാസനാദിസുരനായകപൂജനീയം
പദ്മാങ്കുശധ്വജസുദർശനലാഞ്ഛനാഢ്യം

(ഭക്തരുടെ ആഗ്രഹങ്ങൾ നിവർത്തിക്കുന്നതിൽ എപ്പോഴും താത്പര്യം കാട്ടുന്ന, ജീവിതമാകുന്ന സമുദ്രം തരണം ചെയ്യുന്നതിന് നൗകയെപ്പോലെ സഹായിക്കുന്ന
പദ്മത്തിൽ സ്ഥിതി ചെയ്യുന്ന ദേവന്മാരാൽ പോലും പൂജിക്കപ്പെടുന്നതും പദ്മം, അങ്കുശം, ധ്വജം, സുദർശനചക്രം തുടങ്ങിയ അലങ്കാരങ്ങളാൽ
ദിവ്യവുമായ ലളിതാദേവിയുടെ പാദപങ്കജങ്ങൾ പ്രഭാതത്തിൽ വന്ദിക്കുന്നു.)

പ്രാത: സ്തുവേ പരശിവാം ലളിതാം ഭവാനീം
ത്രയ്യന്തവേദ്യവിഭവാം കരുണാനവദ്യാം
വിശ്വസ്യ സൃഷ്ടിവിലയസ്ഥിതിഹേതുഭൂതാം
വിശ്വേശ്വരീം നിഗമവാങ്മനസാതിദൂരാം

(വേദാന്തത്താൽ മനസിലാക്കാൻ കഴിയുന്ന പ്രഭാവം ഉള്ള കരുണാമയിയായ പ്രപഞ്ചത്തിന്റെ സൃഷ്ടി, സംഹാരം, സ്ഥിതി എന്നിവയ്ക്ക് കാരണഭൂതയായ ലോകത്തിന്റെ ഭഗവതിയും വേദം, വാക്ക്, മനസ്‌ എന്നിവയ്ക്ക് പോലും എത്താൻ കഴിയാത്ത ദൂരത്ത് വർത്തിക്കുന്ന സദാശിവ തത്ത്വാത്മികയുമായ ലളിതാദേവിയെ പ്രഭാതത്തിൽ സ്തുതിക്കുന്നു.)

പ്രാതർവദാമി ലളിതേ തവ പുണ്യനാമ
കാമേശ്വരീതി കമലേതി മഹേശ്വരീതി
ശ്രീശാംഭവീതി ജഗതാം ജനനീ പരേതി
വിദ്യാത്മികേതി വചസാ ത്രിപുരേശ്വരീതി

(ലളിതാദേവി, അവിടുത്തെ പുണ്യനാമങ്ങളായ
കാമേശ്വരി, കമല, മഹേശ്വരി, ശ്രീശാംഭവി, ജഗജ്ജനനി, പരാ, വിദ്യാത്മിക, ത്രിപുരേശ്വരി എന്നിവ നിന്തിരുവടിയെ
പൂജിക്കാൻ പ്രഭാതത്തിൽ ജപിക്കുന്നു.)

യ: ശ്ലോക പഞ്ചകമിദം ലളിതാംബികായാ:
സൗഭാഗ്യദം സുലളിതം പഠതി പ്രഭാതേ
തസ്‌മൈ ദദാതി ലളിതാ ത്സടിതി പ്രസന്നാ
വിദ്യാ ശ്രിയം വിമലസൗഖ്യമനന്തകീർത്തിം

(എല്ലാ സൗഭാഗ്യങ്ങളും നൽകുന്ന അതി ലളിതമായ ലളിതാപഞ്ചരത്‌നം എന്നും പ്രഭാതത്തിൽ പഠിക്കുന്ന എല്ലാവരിലും ലളിതാദേവി അതിവേഗം പ്രസാദിക്കും.
അവർക്ക് വിദ്യ, ഐശ്വര്യം, നിർമ്മലമായ സൗഖ്യം, അനന്തമായ കീർത്തി എന്നിവ ഭഗവതി നൽകും.)

ആറ്റുകാൽ ദേവീദാസൻ, +91 9847575559

error: Content is protected !!