Friday, 20 Sep 2024
AstroG.in

കുടുംബദേവതയെ ഉപാസിച്ചാല്‍ അതിവേഗം അനുഗ്രഹവും ഐശ്വര്യവും കൈവരും

മംഗള ഗൗരി
പൂര്‍വ്വികര്‍ ഏതെങ്കിലും തരത്തില്‍ ഉപാസിച്ചിരുന്ന ദേവതയെ പിന്‍തലമുറയില്‍പ്പെട്ടവരും ഉപാസിച്ചാല്‍ അതിവേഗം അനുഗ്രഹവും ഐശ്വര്യവും കൈവരും. ഉപാസനാപുണ്യം തലമുറയായി കൈമാറി വരുന്ന ഒന്നാണ്. പൂര്‍വ്വബന്ധമുള്ള ദേവതാ ചൈതന്യത്തെ പിന്‍തലമുറിയില്‍പ്പെട്ടവര്‍ അവഗണിക്കുമ്പോഴാണ് ദുരിതങ്ങള്‍ കൂടുന്നത്. കുടുംബദേവത, കാവിലമ്മ, കളരിമൂര്‍ത്തി, ദേശദേവത എന്നിങ്ങനെ കേരളത്തില്‍ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയാണ് ഭദ്രകാളി. അതിനാൽ നമ്മുടെ നാട്ടിലെ മിക്കവാറും എല്ലാവരെയും ഭദ്രകാളിയുമായി പൂര്‍വ്വബന്ധമുള്ളവരായി കാണക്കാക്കപ്പെടുന്നു.

പൂര്‍വ്വികർ ആരാധിച്ച ദേവതയെ തലമുറകള്‍ക്കുശേഷം ആ പരമ്പരയിലെ ഒരാള്‍ പ്രാര്‍ത്ഥിച്ചു പ്രസാദിപ്പിച്ചാല്‍ കൈവരുന്ന അനുഗ്രഹം അത്ഭുതകരമായിരിക്കും. നമ്മെ കാത്തിരിക്കയായിരുന്നു ആ ദേവത എന്നാണു വിശ്വാസം. കാണാതിരുന്ന മകനെ കാണുമ്പോഴുണ്ടാകുന്ന അമ്മയുടെ സന്തോഷം പോലെ ദേവിയുടെ അനുഗ്രഹം പ്രവഹിക്കുന്നു.

ഒരു വ്യക്തിക്ക് അല്ലെങ്കിൽ കുടുംബത്തിന് ഭദ്രകാളി പ്രീതി ഇല്ലെങ്കിൽ പലതരത്തിൽ അതിന്റെ സൂചനകൾ ലഭിക്കും. ധാരാളം പൂജകളും വഴിപാടുകളും നടത്തിയിട്ടും വീട്ടിൽ ദുരിതങ്ങള്‍ ഒഴിയാതിരിക്കുന്നതാണ് ഒരു പ്രധാന ലക്ഷണം. ഗൃഹത്തിൽ മംഗളകര്‍മ്മങ്ങള്‍ യഥാസമയം നടക്കുന്നതിന് തടസം നേരിടുകയാണ് മറ്റൊന്ന്. എത്ര പ്രയത്‌നിച്ചാലും അഭിവൃദ്ധിയും ഐശ്വര്യവും കിട്ടാത്തത് വേറെയൊരു സൂചനയാണ്.

ദുരിതങ്ങളുടെ കാരണം
പൂര്‍വ്വികര്‍ നടത്തിയിരുന്ന ഉപാസനകള്‍ അടുത്ത തലമുറ വേണ്ട രീതിയിൽ പിൻതുടരാത്തതാണ് ഈ ദുരിതങ്ങൾക്ക് കാരണം. പൂര്‍വ്വികരുടെ ഉപാസനകള്‍ കൃത്യമായി തുടരാന്‍ കഴിയാതിരിക്കുക, പൂര്‍വ്വികര്‍ പ്രസാദിപ്പിച്ച ദേവതയെ അവഗണിക്കുക, ഭദ്രകാളിയെ ഭാവസ്വരൂപം മാറ്റി ഭുവനേശ്വരി, വനദുര്‍ഗ്ഗ എന്നിങ്ങനെ പ്രതിഷ്ഠിക്കുക തുടങ്ങിയവയെല്ലാം ദുരിത കാരണമാകാം എന്നതിന് ധാരാളം അനുഭവങ്ങളുണ്ട്. അതുപോലെ, ദേവിയുടെ സമ്പത്തിന്റെ ഒരംശമെങ്കിലും സ്വന്തം സമ്പത്താക്കി മാറ്റിയിട്ടുണ്ടെങ്കില്‍ അതും ദുരിതങ്ങള്‍ക്ക് കാരണമാകും. വിവാഹം നടക്കാനും നല്ല ദാമ്പത്യ ജീവിതത്തിനും സന്താനഭാഗ്യത്തിനുമെല്ലാം പരദേവതയുടെ അനുഗ്രഹം നിശ്ചയമായും ആവശ്യമാണ്. പരദേവതയെ കൃത്യമായി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ശൈവ – വൈഷ്ണവ – ശാക്തേയ സങ്കൽപ്പത്തിൽ പരദേവതയ ആവാഹിച്ച് ത്രികാലപൂജ നിവേദ്യ സഹിതം നടത്തണം. വീട്ടിൽ വച്ച് കുടുംബാംഗങ്ങളുടെ എല്ലാം സാന്നിദ്ധ്യത്തിൽ വേണം ഇത് നടത്തേണ്ടത്. വർഷത്തിലൊരിക്കൽ എങ്കിലും പരദേവതയെ കണ്ട് തൊഴുത് യഥാശക്തി വഴിപാടുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം സന്തതിപരമ്പരകളെ അത് ദോഷകരമായി ബാധിക്കും. കഴിയുന്നതും അടുത്തുള്ള ഏതെങ്കിലും ഭദ്രകാളി ക്ഷേത്രത്തിൽ പതിവായി ദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കണം.

ഭദ്രകാളി പ്രീതിക്ക് വഴിപാടുകൾ
ഭദ്രകാളി പ്രീതി നേടാൻ ധാരാളം വഴിപാടുകളുണ്ട്. കടുംപായസം വഴിപാട് അതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഫലം കാര്യവിജയമാണ്. ചുവന്നപട്ട് സമർപ്പണം തടസ്സ നിവാരണത്തിന് ഉത്തമം. കരിക്ക് അഭിഷേകം ചെയ്താൽ രോഗശാന്തി ലഭിക്കും. മഞ്ഞൾ അഭിഷേകം കുടുംബഭദ്രതയ്ക്ക് നല്ലതാണ്. ദേവിക്ക് ചാന്താട്ടം നടത്തിയാൽ ശത്രുദോഷശാന്തി ഫലം. കുങ്കുമാഭിഷേകം: ദാമ്പത്യഭദ്രത, പ്രേമസാഫല്യം കുങ്കുമാർച്ചന കാര്യസിദ്ധിക്കായി നടത്താം. പട്ടുംതാലിയും വിവാഹതടസ മുക്തി, ദാമ്പത്യഭദ്രത. ചെമ്പരത്തിമാല ദൃഷ്ടിദോഷനിവാരണത്തിന് ഉത്തമം. എണ്ണ അഭിഷേകം രോഗശാന്തിക്ക് രക്തപുഷ്പാഞ്ജലി ആഭിചാരദോഷശാന്തിക്ക് . ഗുരുതിപുഷ്പാഞ്ജലി ശത്രുദോഷനിവാരണം നൽകും. പൂമൂടൽ ദുരിതശാന്തിക്കും, അലച്ചിൽ മാറാനും നല്ലത്. പുഷ്പാഭിഷേകം ഐശ്വര്യമേകും.
സഹസ്രനാമാർച്ചന: കാര്യവിജയം, കർമ്മലാഭം ഭാഗ്യസൂക്താർച്ചന ഭാഗ്യം തെളിയാൻ നല്ലതാണ്. അഷ്‌ടോത്തരം തടസ്സ നിവാരണം സർവാഭീഷ്ട സിദ്ധി പുഷ്പാഞ്ജലി ഐശ്വര്യാഭിവൃദ്ധിയും പനിനീരാഭിഷേകം കർമ്മവിജയവും.നൽകും. കളഭം ചാർത്ത് സാമ്പത്തിക അഭിവൃദ്ധിക്കും ഭാഗ്യം തെളിയുന്നതിനും ദുരിതങ്ങൾ
മാറുന്നതിനും ഫലപ്രദമാണ്. കാളീസൂക്ത പുഷ്പാഞ്ജലി ശത്രുദോഷം മാറാനുള്ളതാണ്.
ഭദ്രകാളി ധ്യാനം
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്‌ഗം ഖേടകപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂത പ്രേത പിശാചമാതൃ സഹിതാം
മുണ്ഡസ്ര ജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീം ഈശ്വരീം

മൂലമന്ത്രം
ഓം ഐ ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

ഭദ്രകാളി ഗായത്രി
ഓം രുദ്രസുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്ന: കാളീ പ്രചോദയാത്

ഭദ്രകാളി പ്രാർത്ഥന
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ

Story Summary: Significance and Benefits of worshipping Bhadrakali the Family dity

error: Content is protected !!