Thursday, 21 Nov 2024
AstroG.in

കുടുംബ ഐശ്വര്യത്തിനും ആയുസ്സിനും ആരോഗ്യത്തിനും ശിവരാത്രി വ്രതം

സുജാതപ്രകാശൻ
ശിവപ്രീതിക്ക് അനുഷ്ഠിക്കുന്ന സുപ്രധാന വ്രതമാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്‌ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. ഭഗവാൻ പരമശിവന് വേണ്ടി പാർവതി ദേവി ഉറക്കമിളച്ചു പ്രാർത്ഥിച്ചത് ഈ ദിവസമാണ് എന്നാണ് വിശ്വാസം. അതിനാൽ കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി എല്ലാ വർഷവും ശിവരാത്രിയായി ആഘോഷിക്കുന്നു.

2022 മാർച്ച് 1 നാണ് ഈ വർഷം മഹാ ശിവരാത്രി. ശിവരാത്രി വ്രതം അനുഷ്‌ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതിന് ഏറ്റവും നല്ല ദിവസമാണ് ശിവരാത്രി. ശിവരാത്രി വ്രതത്തിന് പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്:

ദേവന്മാരും അസുരന്മാരും ചേർന്ന് അമൃതിന് വേണ്ടി പാലാഴി കടയുമ്പോൾ ഭൂമിയെ നശിപ്പിക്കാൻ പോന്ന കാളകൂടവിഷം പുറത്ത് വന്നു. അത് പതിച്ച് ഭൂമി നശിക്കും എന്ന് മനസിലാക്കിയ ഭഗവാൻ പരമശിവൻ ആ വിഷം പാനം ചെയ്തു. വിഷം ഉളളിൽ ചെന്ന് മഹാദേവന് ആപത്തുണ്ടാകുമെന്ന് ഭയന്ന പാർവ്വതി ദേവി ഭഗവാന്റെ കണ്‌ഠത്തിൽ മുറുകെ പിടിച്ചു. വായിൽ നിന്ന് വിഷം പുറത്തു പോകാതിരിക്കാനായി ഭഗവാൻ വിഷ്‌ണു വായ് പൊത്തി പിടിക്കുകയും ചെയ്‌തു. അങ്ങനെ വിഷം ഭഗവാൻ ശിവന്റെ കണ്‌ഠത്തിൽ ഉറയ്‌ക്കുകയും കഴുത്ത് നീല നിറമാവുകയും ചെയ്‌തു.ഭഗവാൻ ശിവന് ആപത്തുണ്ടാകാതിരിക്കാനായി പാർവ്വതീ ദേവിയും ദേവലോകം മുഴുവനും ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം.

ശിവരാത്രിയുടെ തലേന്ന് മുതൽ ഒരിക്കലോടെ വ്രതം ആരംഭിക്കണം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. പകലുറക്കമൊ എണ്ണതേച്ചു കുളിയോ പാടില്ല. ശിവരാത്രി ദിവസം അതിരാവിലെ ഉണർന്ന് ദേഹശുദ്ധി വരുത്തിയശേഷം നെറ്റിയിൽ ഭസ്മം ചാർത്തി ശിവ ക്ഷേത്ര ദർശനം നടത്തണം. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളായ കൂവളമാല സമർപ്പിക്കുന്നതും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചന ചെയ്യുന്നതും ജലധാര നടത്തുന്നതും ശിവപ്രീതിക്ക് അത്യുത്തമമാണ്. രാത്രി ഉറക്കമൊഴിച്ചുളള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് നന്ന്. അതിനു കഴിയാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാം. ശിവരാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല. ശിവപുരാണവും ശിവസ്തോത്രവും പഞ്ചാക്ഷരി മന്ത്രവും ജപിക്കുന്നത് നല്ലതാണ്.

ശിവഭഗവാനെ ധ്യാനിച്ച് രാത്രി മുഴുവൻ ഉറക്കമിളച്ച് നേരം പുലർന്നാൽ ശരീര ശുദ്ധി വരുത്തി ശിവക്ഷേത്രത്തിൽ ഭഗവാനെ ദർശിച്ച് അമ്പലത്തിലെ തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്. കുടുംബത്തിന്റെ ഐശ്വര്യത്തിനും ആയുസ്സിനും ആരോഗ്യത്തിനും ശിവരാത്രി വ്രതം വളരെ ഉത്തമമാണ്.

സുജാതപ്രകാശൻ
ജ്യോതിഷി, ശങ്കരം, കാടാച്ചിറ,
കണ്ണൂർ, +919995960923

Story Summary: Significance Of Shivaratri Vritham

error: Content is protected !!