Monday, 23 Sep 2024
AstroG.in

കുടുബസുഖത്തിന് ചെട്ടികുളങ്ങര കാര്‍ത്തിക പൊങ്കാല

തെക്കൻ കേരളത്തിലെ  പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ ചെട്ടികുളങ്ങരയിലെ ഒരു പ്രധാന വിശേഷമാണ് മകരമാസത്തിലെ  കാർത്തിക പൊങ്കാല.

സര്‍വ്വമംഗള കാരണിയായ അമ്മക്ക് മകരമാസത്തില്‍ പൊങ്കാലയിട്ട് പ്രാര്‍ത്ഥിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല എന്നാണ് വിശ്വാസം. ഉദ്ദിഷ്ടകാര്യസിദ്ധി,കുടുംബസുഖം,രോഗശമനം, കര്‍മ്മരംഗത്ത് അഭിവൃദ്ധി,ശത്രുദോഷശാന്തി, ദീര്‍ഘായുസ്‌സ്,വിദ്യാവിജയം, മംഗല്യഭാഗ്യം തുടങ്ങിയ ഗുണാനുഭവങ്ങള്‍പൊങ്കാല സമര്‍പ്പണത്തിലൂടെ കൈവരും.

 18 പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും സന്ദേശങ്ങൾ അനുഷ്ഠാനങ്ങളാക്കി പരിണമിപ്പിച്ച്   ഭക്തരുടെ ഹൃദയങ്ങളില്‍ എത്തിച്ച  ദിവ്യ സന്നിധിയാണ് ഈ ക്ഷേത്രം. അതിപുരാതനവും വിശ്വപ്രസിദ്ധവുമായ ഈ  ക്ഷേത്രം മാവേലിക്കരയ്ക്ക് അടുത്താണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രമാണ് ചെട്ടികുളങ്ങര ദേവിക്ഷേത്രം. 13 കരക്കാരാണ് ക്ഷേതാവകാശികള്‍. ഈ ക്ഷേത്രത്തില്‍ ദാരുവിഗ്രഹമാണ്. കിഴക്കോട്ട് ദര്‍ശനം. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ അംശമാണെന്നാണ് വിശ്വാസം. 


ശക്തിസ്വരൂപിണിയും ഇഷ്ടവരപ്രദായനിയുമായ ഭഗവതിയുടെ ഇഷ്ടവഴിപാടുകളിലൊന്നാണ് മകര മാസത്തിലെ കാര്‍ത്തികപൊങ്കാല.പൊങ്കാല ദിവസം രാവിലെ തന്ത്രി ശ്രീലകത്തുനിന്ന് അഗ്‌നി തിരുനടയില്‍ പ്രത്യേകമായി ഒരുക്കിയ പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നു നല്‍കും. ഈ പുണ്യമുഹൂര്‍ത്തത്തില്‍ മേല്‍ശാന്തിയും സന്നിഹിതനായിരിക്കും. തുടര്‍ന്ന് ക്ഷേത്രവളപ്പില്‍ നിന്ന് നാലു ദിക്കുകളിലേക്കും കിലോമീറ്റര്‍ നീളുന്ന പൊങ്കാല അടുപ്പുകളിലേക്ക് അഗ്‌നി കൈമാറും. പൊങ്കാല തിളയ്ക്കുന്നതോടെ നിവേദ്യം ഒരുക്കിയവരുടെ കണ്ഠങ്ങളില്‍ നിന്ന് ഉയരുന്ന ദേവീസ്തുതികളാല്‍ ദേശം ഭക്തി സാന്ദ്രമാകും അതിനുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുരോഹിതര്‍ പൊങ്കാല അടുപ്പുകള്‍ക്ക് സമീപമെത്തി തീര്‍ത്ഥം തളിച്ചും പുഷ്പാഭിഷേകം നടത്തിയും പൊങ്കാല സമര്‍പ്പണം നടത്തും. ഈ സമയത്ത്  ഭക്തർ  അമ്മയുടെ അനുഗ്രഹവര്‍ഷത്തിനായി മനമുരുകി പ്രാര്‍ത്ഥിക്കും. തീർച്ചയായും അമ്മയുടെ അനുഗ്രഹം ലഭിക്കും.

error: Content is protected !!