കുത്തിയോട്ട വ്രതം സന്താനലാഭത്തിനും കുട്ടികളുടെ ഐശ്വര്യത്തിനും
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിലെ ഏറ്റവും പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്നായ കുത്തിയോട്ട വ്രതത്തിന് തുടക്കമായി. 830 ബാലന്മാരാണ് ഇത്തവണ കുത്തിയോട്ട വ്രതമെടുക്കുന്നത്. 12 വയസിൽ താഴെയുള്ള ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. 7 ദിവസം ക്ഷേത്രത്തിൽ താമസിച്ച് 1008 നമസ്‌കാരം ദേവിക്കു മുമ്പിൽ പൂർത്തിയാക്കണമെന്നതാണ് കുത്തിയോട്ട വ്രതത്തിലെ അനുഷ്ഠാനം. കഠിനമായ വ്രതനിഷ്ഠയുള്ള ചടങ്ങാണിത്. സന്താനഭാഗ്യത്തിനുള്ള, അതും ആണ്‍കുട്ടികള്‍ ജനിക്കാനുള്ള നേർച്ചയാണിത്. ഒപ്പം വ്രതമെടുക്കുന്ന കുട്ടികളുടെ ഐശ്വര്യപൂർണ്ണമായ ജീവിതത്തിനും ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും വിദ്യാവിജയത്തിനും സുഗമമായ ജീവിതത്തിനും കുത്തിയോട്ട നേർച്ച നടത്താറുണ്ട്.
മൂന്നാം ഉത്സവ ദിവസമായ (മകയിരം നക്ഷത്രം) ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് പന്തീരടി പൂജകൾക്ക് ശേഷം കുത്തിയോട്ട വ്രതത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 9 മണിക്ക് വ്രതം ആരംഭിച്ചു. മഹിഷാസുര മർദ്ദിനിയുടെ മുറിവേറ്റ ഭടന്മരായാണ് കുത്തിയോട്ട ബാലന്മാരെ സങ്കൽപ്പിക്കുന്നത്.ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ ആറ്റുകാലമ്മയെ വണങ്ങി പള്ളിപ്പലകയിൽ ഏഴു വെള്ളിനാണയങ്ങൾ വച്ച് ക്ഷേത്ര മേൽശാന്തിക്ക് ദക്ഷിണ നൽകിയാണ് വ്രതം ആരംഭിച്ചത്. ആറ്റുകാൽ ദേവസ്വം ചുമതലപ്പെടുത്തിയ ബാലനാണ് മേൽശാന്തിയോട് അനുമതി തേടി ആദ്യം പള്ളിപ്പണം വച്ചത്. പിന്നീട് മറ്റുളളവർ ഇത് അവർത്തിച്ചു. മേൽശാന്തി ഒരോരുത്തർക്കും പ്രസാദവും തീർത്ഥവും നൽകി. മൂന്നാല് മണിക്കൂർ നീണ്ട ചടങ്ങിന് ശേഷം ബാലന്മാർ വീണ്ടും കുളിച്ച് ക്ഷേത്രത്തിന് 5 പ്രദക്ഷിണം വച്ചു. ശേഷം ഒന്നാം ദിവസത്തെ നമസ്കാരം നടത്തി.
ദിവസവും 5 തവണയാണ് കുത്തിയോട്ട ബാലന്മാർ കുളിക്കേണ്ടത്. ഒരോ തവണ നമസ്കരിച്ച ശേഷവും ഉടുക്കുന്ന വെള്ളത്തോർത്ത് അലക്കണം. മാതാപിതാക്കൾക്ക് കുട്ടികളെ എപ്പോൾ വേണെങ്കിലും വന്ന് കാണാം. പക്ഷേ അവരെ സ്പർശിക്കാൻ പോലും പാടില്ല. അഥവാ സ്പർശിച്ചാൽ കുട്ടികൾ കുളിച്ച് വെള്ളത്തോർത്ത് മാറ്റി ഉടുക്കണം. പുൽപ്പായയിലാണ് കുട്ടികൾ ഉറങ്ങുന്നത്. അതും രാത്രി 12 മണിക്കുള്ള ദീപാരാധന തൊഴുത ശേഷം . 20 കുട്ടികൾക്ക് ഒരാൾ വീതം അവരുടെ കാര്യങ്ങൾ നോക്കാനുണ്ട്. ഈ കുട്ടികളുടെ പ്രഭാത ഭക്ഷണം കഞ്ഞിയും ചെറുപയറുമാണ്. ഉച്ചയ്ക്ക് സമൃദ്ധമായ ഊണ്. രാത്രിയിൽ അവലും ചെറുപയറും. ഇടയ്ക്ക് പഴവും കരിക്കിൻ വെള്ളവും നൽകും. ഇവർക്ക് ആഹാരം നൽകുന്നത് പുണ്യകരമായതിനാൽ ഇത് ഒട്ടേറെപ്പേർ വഴിപാടായി നടത്തുന്നു. കഠിന നിഷ്ഠകളാണ് അനുഷ്ഠിക്കുന്നെതെങ്കിലും ഈ കുട്ടികൾക്ക് കാര്യമായ അസുഖങ്ങൾ ഉണ്ടാകാറില്ല.
ഒൻപതാം ഉത്സവദിവസം പൊങ്കാലയ്ക്ക് ശേഷം
വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിപ്പിച്ചാണ് ദേവീ സന്നിധിയിൽ കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തുന്നത്. ചൂരൽ കുത്ത് ദിവസം പൊങ്കാല നിവേദ്യം കഴിയു വരെ മറ്റ് അനുഷ്ഠാനങ്ങൾ നിർവ്വഹിച്ച് കുട്ടികൾ ഉപവസിക്കും. ചൂരൽ കുത്തിന് മുൻപ് അവൽ, പഴം, കരിക്കിൻ വെള്ളം എന്നിവ കഴിച്ച് വ്രതം മുറിക്കും. പിന്നീട് കുട്ടികളെ ക്ഷേത്രത്തിന്റെ കല്യാണ മണ്ഡപത്തിൽ കൊണ്ടുവന്ന് പട്ടുടുപ്പിച്ച് കണ്ണെഴുതി, പൊട്ടുതൊട്ട് കീരിടം അണിയിച്ച് ഉണ്ണിക്കണ്ണനെപ്പോലെ ഒരുക്കും. ഏഴു പേരെ വീതം വാദ്യ ഘോഷങ്ങളോടെയാണ് ചൂരൽ കുത്തിന് കൊണ്ടുപോകുന്നത്. ദേവിയെ പ്രദക്ഷിണം വച്ച ശേഷം പൂച്ചെണ്ടുമായി നിൽക്കുന്ന ബാലന്മാരെ ക്രമത്തിൽ ചൂരൽ കുത്തും. ഇപ്പോൾ ചൂരലിനു പകരം നേർത്ത വെള്ളിക്കമ്പിയാണ് കുത്താൻ ഉപയോഗിക്കുന്നത്. വാരിയെല്ലിനു താഴെ വെള്ളിക്കമ്പി കുത്തി ചോര പൊടിക്കുന്നതാണ് ചടങ്ങിന്റെ പ്രത്യേകത. ചോര പൊടിയുമെങ്കിലും നേരിയ വേദന പോലും കുട്ടികൾ അറിയാത്തത് അത്ഭുതമാണ്. ചൂരൽ കുത്തിനു ശേഷം ദേവിയുടെ പ്രസാദമായ മാല്യവും ആഭരണങ്ങളുമണിഞ്ഞ് അവർ ഭടന്മാരായി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്തിന് അകമ്പടി സേവിക്കും.
രൗദ്രഭാവം പൂണ്ട കണ്ണകിയുടെ നരബലി എന്ന ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് കുത്തിയോട്ടം നിലവില്‍ വന്നത്. കുത്തിയോട്ടക്കാര്‍ക്ക് ആയിരത്തെട്ട് നമസ്‌കാരം എന്നത് മുടങ്ങിപ്പോയാല്‍ മുടങ്ങിപ്പോയ നമസ്‌കാരം കൂടി വ്രതകാലത്തെമറ്റു ദിവസങ്ങളില്‍ പൂര്‍ത്തിയാക്കി നേര്‍ച്ചയില്‍ പങ്കെടുക്കാം. മഹിഷാസുരമര്‍ദ്ദിനിയായ ദേവിക്ക് അകമ്പടി സേവിക്കുന്ന ഭടന്മാരായതിനാലാണ് ഏഴു ദിവസം വ്രതശുദ്ധിയോടെ ക്ഷേത്രത്തില്‍ തന്നെ കഴിയേണ്ടത്.
12 വയസുവരെ കുത്തിയോട്ടത്തിന് കുട്ടികളെ നിര്‍ത്താം. 12 വയസിനു മുകളിലുള്ള കുട്ടിക്കുവേണ്ടി പ്രായം കുറഞ്ഞ മറ്റൊരു കുട്ടിയെ നിര്‍ത്താം.
നിറുത്തുന്നവർ പക്ഷേ ആ കുട്ടിയുടെ എല്ലാ ബാധ്യതകളും ഏറ്റെടുക്കണം. നിര്‍ത്താന്‍ കഴിയാത്ത കുട്ടിയുടെ പേര് സങ്കല്പിച്ച് ദേവിക്ക് ഒരു പ്രായശ്ചിത്ത കാണിക്കകൂടി സമര്‍പ്പിക്കുക. നിര്‍ത്തുന്ന കുട്ടിയുടെ പേരും വിലാസവുമാണ് നല്‍കേണ്ടത്. എന്നാല്‍ നിര്‍ത്താന്‍ സാധിക്കാത്ത കുട്ടിയെ സങ്കല്പിക്കണം. 2021 ലെ പൊങ്കാലയ്ക്ക് കുത്തിയോട്ട വ്രതമെടുക്കുന്നതിന് പേര് ചേർക്കൽ ആഗസ്റ്റ് 17, ചിങ്ങം ഒന്നിന് തുടങ്ങും. കാപ്പുകെട്ടിന് തലേ ദിവസം വരെ ഓൺലൈനായി പേര് ചേർക്കാം.
– പി.എം ബിനുകുമാർ
+919447694053