Saturday, 23 Nov 2024
AstroG.in

കുമാര തന്ത്രത്തിൽ 16 ഭാവങ്ങൾ; ഈ 6 നക്ഷത്രക്കാർ ഭജനം മുടക്കരുത്

ജ്യോതിഷരത്നം വേണുമഹാദേവ്
എത്രയെത്ര പേരുകളാണ് ശ്രീമുരുകനുള്ളത് – ഷൺമുഖൻ, കുമാരൻ, കാർത്തികേയൻ, സ്‌കന്ദൻ, സുബ്രഹ്മണ്യൻ, സ്വാമിനാഥൻ, ശരണവൻ, വടിവേലൻ,
ഗാംഗേയൻ, ജ്ഞാനപണ്ഡിതൻ, വേലായുധൻ, ജ്ഞാനപ്പഴം, ശക്തിവേൽ, ആറുമുഖൻ,
മഹാസേനൻ, ശരജന്മൻ, ഷഡാനനൻ, പാർവതീ നന്ദനൻ, അഗ്നിഭൂ, ഗുഹൻ, ബാഹുലേയൻ, ശൂരൻ,
താരകജിത്ത്, വിശാഖൻ, ശിഖി വാഹനൻ,
വല്ലീശ്വരൻ, ഷൺമാതുരൻ, ശക്തിധരൻ, ക്രൗഞ്ചദാരണൻ, കുക്കുട ധരൻ, ദ്വിഷഡ്ഭുജൻ, തമിഴ്കടവുൾ, ദേവസേനാപതി, വള്ളിമാണൻ, മയൂര വാഹനൻ, വേലൻ, ഇങ്ങനെ അനേകം നാമങ്ങളിലാണ് പരബ്രഹ്മ സ്വരൂപമായ മുരുകൻ പ്രകീർത്തിക്കപ്പെടുന്നത്. കുമാര തന്ത്രത്തിൽ 16 ഭാവങ്ങളാണ് ഭഗവാനുള്ളത്. ശക്തിധരൻ, സ്കന്ദൻ,
സേനാപതി, സുബ്രഹ്മണ്യൻ, ഗജവാഹനൻ, ശരവണ ഭവൻ, കാർത്തികേയൻ, കുമാരൻ, ഷണ്മുഖൻ, താരകാരി, സേനാനി, ബ്രഹ്മശാസ്താ, വള്ളി കല്യാണസുന്ദരിമൂർത്തി, ബാലസ്വാമി, ക്രൗഞ്ചദേതാ, ശിഖിവാഹനൻ എന്നിവയാണ് ഈ 16 ഭാവങ്ങൾ.

ഭഗവാന്റെ പേരുകൾക്കെല്ലാം വിശദീകരണമുണ്ട്.
അതിന്റേതായ അർത്ഥ വ്യാപ്തിയുമുണ്ട്. ഉദാഹരണം പറഞ്ഞാൽ വേൽ ആയുധമാക്കിയവൻ വേലായുധൻ, സ്വാമിയും നാഥനുമായ ഭഗവാൻ എന്നർത്ഥത്തിൽ പറഞ്ഞാൽ സ്വാമിനാഥൻ. ആറുമുഖങ്ങളോട് കൂടിയവൻ ഷൺമുഖൻ. ഗംഗയിൽ നിന്ന് ഉദയം
കൊണ്ടവൻ ഗാംഗേയൻ. ഇതിലൂടെ മുരുകന്റെ എല്ലാ പേരുകൾക്കും അർത്ഥമുണ്ടെന്നതു വ്യക്തമാകുന്നു.

മുരുകന് പ്രധാനമായി ആറുക്ഷേത്രങ്ങളാണ്
ഇന്ത്യയിലുള്ളത്. ആറും തമിഴ്‌നാട്ടിലായതിനാൽ
പേരും തമിഴിൽതന്നെ – ആറുപടൈ വീടുകൾ. പഴനി, തിരുപ്പറം കുൺട്രം, മരുതാമല, പഴമുതിർ ചോല, സ്വാമിമല, തിരുച്ചന്തൂർ. ഇതിൽ കേരളീയർക്ക് കൂടുതൽ ആഭിമുഖ്യം പഴനിയോടാണ്. പാലക്കാട്ട്
നിന്ന് അധികം ദൂരമില്ല പഴനി ദണ്ഡായുധപാണി
മലയിലേക്ക്. മദ്ധ്യ കേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നും എത്താനും എളുപ്പമാണ്. ഇത് തന്നെയാകണം ഈ ഇഷ്ടത്തിന് മുഖ്യ കാരണം. ദക്ഷിണ കേരളത്തിലുള്ളവർക്ക് തിരുച്ചന്തൂരിനോടും
താല്പര്യമുണ്ട്.

ലോകത്ത് ദ്രാവിഡ ജനത പ്രത്യേകിച്ച് തമിഴർ വസിക്കുന്ന ദേശങ്ങളിലെല്ലാം മുരുക ക്ഷേത്രങ്ങൾ ധാരാളം കാണാം. ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കുന്നതിനാണ് ശിവ പാർവ്വതീപുത്രനായി കാർത്തികേയൻ അവതരിച്ചത്. പിന്നീട് ദേവ സേനാപതിയായ മുരുകൻ അസുരന്മാരെയെല്ലാം നിഗ്രഹിച്ചു. മുരുകന്റെ മാഹാത്മ്യങ്ങൾ വർണ്ണിക്കുന്ന 8000 ശ്ലോകങ്ങളുള്ള സക്ന്ദപുരാണമാണ് പുരാണങ്ങളിൽ ഏറ്റവും വലിപ്പമുളളത്. ജ്യോതിഷം രചിച്ചത് മുരുകനാണ്. മയിലാണ് വാഹനം.
കൊടിയടയാളം കോഴി. ആയുധം: അസുരന്മാരെ
നിഗ്രഹിക്കാൻ അമ്മ ശ്രീ പാർവ്വതി സമ്മാനിച്ച വേൽ.
ആറു പ്രദക്ഷിണമാണ് ഭഗവാന് വിധിച്ചിട്ടുള്ളത്.
ചൊവ്വാഴ്ചയാണ് വിശേഷദിവസം. മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, പൂയം, വിശാഖം നക്ഷത്രക്കാർ സുബ്രഹ്മണ്യനെ പതിവായി ഭജിക്കുന്നത് വളരെ നല്ലതാണ്. ചൊവ്വാ ദോഷമുളള സന്താനങ്ങളുടെ ക്ഷേമത്തിന് മാതാവ് ഷഷ്ഠി വ്രതം നോൽക്കുന്നത് ഉത്തമമാണ്.

ഉള്ളൂർ, ഹരിപ്പാട്, പയ്യന്നൂർ, നീണ്ടൂർ, പെരുന്ന, പന്മന, തിരുവഞ്ചൂർ, പെരളേശേരി, കിടങ്ങൂർ, തിരുവണ്ണൂർ, ആലപ്പാട്, വെള്ളനാതുരുത്ത്, പെരുമണ്ണശേരി,
തിരുവണ്ണൂർ, ഉദയനാപുരം, പാഞ്ഞാൾ തുടങ്ങി അനേകം സ്ഥലങ്ങളിൽ കേരളത്തിലും പ്രസിദ്ധ സുബ്രഹ്മണ്യ ക്ഷേത്രങ്ങളുണ്ട്. മകരത്തിലെ തൈപ്പൂയവും പങ്കുനി ഉത്രവും ശൂര സംഹാരവും (സ്കന്ദഷഷ്ഠി) പൂയം നക്ഷത്രദിവസവും
ഷഷ്ഠി തിഥികളും ഈ ദിവസങ്ങളിലെ വ്രതങ്ങളുമാണ് മുരുകന് പ്രധാനം. മംഗല്യദോഷം, ചൊവ്വാദോഷം, ദാമ്പത്യദോഷം, സന്താനദോഷം, സന്താനം ഇല്ലായ്മ എന്നിവ പരിഹരിക്കുന്നതിന് മുരുകനെ ഉപാസിച്ചാൽ മതി.

വടക്കൻ കേരളത്തോട് ചേർന്ന് കിടക്കുന്ന സുള്ളിയ
കുക്കെ സുബ്രഹ്മണ്യ ക്ഷേത്രവും തെക്കൻ കേരളത്തോട് ചേർന്നു കിടക്കുന്ന വേളിമലയിലെ കുമാരകോവിലും വിശ്വപ്രസിദ്ധ മുരുക
ക്ഷേത്രങ്ങളാണ്. മുരുകന് പത്‌നിമാർ രണ്ടാണ്. വള്ളിസേനയും ദേവയാനിയും. വള്ളിയും മുരുകനും പ്രണയ സാഫല്യം നേടിയ സന്നിധിയാണ് കുമാരകോവിൽ. അതിനാൽ പ്രണയ സാഫല്യത്തിനും വിവാഹലബ്ധിക്കും ദാമ്പത്യ ഭദ്രതയ്ക്കും കുമാരകോവിൽ ദർശനം നടത്തുന്നവർ ധാരാളമാണ്. ഭസ്മാഭിഷേകവും കുമാരസൂക്ത പുഷ്പാഞ്ജലിയും
പഞ്ചാമൃതവുമാണ് മുരുകന്റെ ഇഷ്ട വഴിപാടുകൾ. കാവടിയാണ് പ്രിയപ്പെട്ട സമർപ്പണം. കാവടിയിൽ കൊണ്ടു പോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി പാൽകാവടി, ഭസ്മക്കാവടി, അഭിഷേകക്കാവടി,
പീലിക്കാവടി, വേൽക്കാവടി, അഗ്നിക്കാവടി ഇങ്ങനെ പലതരം കാവടികളുണ്ട്.

വള്ളിയുടെയും ദേവയാനിയുടെയും മുരുകന്റെയും അനുഗ്രഹത്തിനായി നിത്യവും പ്രാർത്ഥിക്കാനുള്ള ചില സ്തുതികൾ. ഗണപതി വന്ദനത്തോടെ തുടങ്ങാം:

ഗണപതി സ്തുതി
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബു ഫലസാരഭക്ഷിതം
ഉമാ സുതം ശോകവിനാശകാരണം
നമാമി വിഘ്‌നേശ്വരപാദപങ്കജം

ഗുരുവന്ദനം
ഗുരു: ബ്രഹ്മാ ഗുരു: വിഷ്ണു
ഗുരുദേവോ മഹേശ്വര:
ഗുരുസാക്ഷാൽ പരബ്രഹ്മം:
തസ്‌മൈ ശ്രീ ഗുരവേ നമഃ

ധ്യാനം
ഷജ്വക്ത്രം ശിഖി വാഹനം ത്രിനയനം
ചിത്രാംബരാലംകൃതം
ശക്തിം വജ്രമസിം ത്രിശൂലമഭയം
ഖേടം ധനുശ്ചക്രകം
പാശം കുക്കുടമങ്കുശം ച വരദം
ദോർ ഭിർ ദധാനം സദാ
ധ്യായേ ദീപ്സിത സിദ്ധിദം ശിവസുതം
സ്കന്ദം സുരാരാധിതം

(ആറുമുഖമുള്ളവനായി, മയിൽ വാഹനനായി, മുക്കണ്ണനായി, നാനാവർണ്ണമായ വസ്ത്രം കൊണ്ട് അലംകൃതനായി വേലിനെയും വജ്രായുധത്തെയും വാളിനെയും ത്രിശൂലത്തെയും അഭയമുദ്രയെയും വളഞ്ഞ വാളിനെയും വില്ലിനെയും ചക്രത്തെയും കയറിനെയും കോഴിയെയും തോട്ടിയെയും വരദാനമുദ്രകളെയും കൈകളാൽ ധരിക്കുന്നവനായി അഭീഷ്ട പ്രാപ്തി നൽകുന്ന ദേവപൂജിതനായ
രുപത്തിൽ ശിവപുത്രൻ സ്കന്ദനെ ധ്യാനിക്കുന്നു.)

ശ്രീ ഷൺമുഖഗായത്രി
ഓം തത്പുരുഷായവിദ്മഹേ
മഹാ സേനായ ധീമഹീ
തന്നോ ഷൺമുഖ പ്രചോദയാത്

സുബ്രഹ്മണ്യസ്തുതി
ഷഡാനനം കുങ്കുമ രക്തവർണ്ണം
മഹാമതീം ദിവ്യമയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹം സദാ ശരണമഹം പ്രപദ്യേ
ആശ്ചര്യ വീരം സുകുമാര രൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്ക ഗൗരീ തനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി
സ്‌കന്ദായ കാർത്തികേയായ
പാർവ്വതീനന്ദനായ
മഹാദേവകുമാരായ
സുബ്രഹ്മണ്യായതേ നമഃ

ജ്യോതിഷരത്നം വേണുമഹാദേവ്
+91 9847475559

error: Content is protected !!