കൂവളത്തില ദിവ്യ ഔഷധം
ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ് കൂവളത്തില. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണ് വിന്യസിച്ചിരിക്കുന്നത്. വിഷശമന ശക്തിയുളള കൂവളം ശിവന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്.
സർവ രോഗസംഹാരിയായ കൂവളത്തെ അഷ്ടാംഗഹൃദയത്തിൽ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ശിവപാർവതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷം ശിവദ്രുമം, ശിവമല്ലി, വില്വം , ബില്വം എന്നീ പേരുകളിലും അറിയപ്പെടുന്നു.
എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നൽകി കൂവളം പരിപാലിക്കുന്നു. കൂവളത്തില വാടിയാലും പൂജയ്ക്ക് എടുക്കാം. ചിത്തിര നക്ഷത്രത്തിന്റെ വൃക്ഷമാണ് കൂവളം. ഈ നാളുകാർ ശിവഭക്തിയോടെ കൂവളം നട്ടു പരിപാലിക്കുന്നത് ഗ്രഹദോഷങ്ങൾ കുറയ്ക്കും. കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കുകയും ചെയ്യും. കൂവളത്തിലയിലൂടെ ജന്മാന്തരപാപങ്ങൾ പോലും നശിക്കും 27 നക്ഷത്രക്കാരും അവരവരുടെ ജന്മവൃക്ഷത്തെ പരിപാലിച്ചു പോന്നാൽ മേൽപറഞ്ഞ ഫലങ്ങൾ ലഭിക്കും.
കൂവളം നടുന്നതും ശ്രദ്ധാപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക് അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിക്കുന്നതും ഐശ്വര്യം നിലനിർത്താൻ ഉത്തമം.
ഒരു കൂവളം നട്ടാൽ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രദർശനം നടത്തിയ ഫലം, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയിൽ നീരാടിയ ഫലം എന്നീ സൽഫലങ്ങൾ ലഭിക്കുമെന്നു പുരാണങ്ങളിൽ പറയുന്നു.
കൂവളം പറിക്കാൻ പാടില്ലാത്ത ദിവസങ്ങൾ:
മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർഥി, തിങ്കളാഴ്ച. ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നതു ശിവകോപത്തിനു കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താം.
ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന്, ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകൾ അടർത്താവൂ. കൂവളത്തില മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം.
ക്ഷേത്രത്തിൽ വില്വപത്രം പൂജയ്ക്കായി സമർപ്പിച്ച് ബില്വാഷ്ടകം ചൊല്ലി നമസ്‌കരിക്കുന്നത് ഇരട്ടിഫലം നൽകും, പ്രത്യേകിച്ച് ശിവരാത്രി, തിരുവാതിര, പ്രദോഷ ദിനങ്ങളിൽ.