കൃഷ്ണന്റെ നിറമുള്ള വണ്ടുകളും ആദ്യ ഇളനീരും; ഗുരുദേവന്റെ ദിവ്യലീലകൾ
കാരുണ്യത്തിന്റെ കടലായ ശ്രീനാരായണ ഗുരുദേവന് അത്ഭുതകരമായ ചില ദിവ്യ സിദ്ധികൾ ഉണ്ടായിരുന്നു. ഗുരുവിനെക്കുറിച്ച് പ്രസിദ്ധീകരിച്ച മിക്ക കൃതികളിലും ഇത്തരം സംഭവങ്ങളുടെ വിവരണങ്ങൾ കാണാം. അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ ഊട്ടിയ ക്രിസ്തു ദേവന്റെയും മറ്റും സിദ്ധികൾ ഓർമ്മപ്പെടുത്തുന്ന സ്വാമി തൃപ്പാദങ്ങളുടെ നൂറു കണക്കിന് ദിവ്യ ലീലകളിൽ ഒന്നുരണ്ടെണ്ണം ഇവിടെപ്പറയാം. ഈ കഥകൾ വായിച്ച് ഏക ലോക ദർശനത്തിന്റെ പ്രവാചകനായ വിശ്വ ഗുരുവിനെ വന്ദിച്ച് സ്വാമിയുടെ നൂറ്റിയറുപത്തിയാറാം ജയന്തി ആഘോഷത്തിൽ, ഈ ചതയ ദിനത്തിൽ നമുക്കും പങ്കുചേരാം:
മൂർക്കോത്തുകുമാരൻ എഴുതിയ ഗുരുസ്വാമിയുടെ ജീവചരിത്രത്തിൽ തലശേരി സ്വദേശി ചെറുവാരി ഗോവിന്ദൻ ശിരസ്താദാരുടെ ഒരു അനുഭവമുണ്ട്. ഒരിക്കൽ ഒരാൾ സ്വാമിയുടെ അടുക്കലെത്തി താൻ ഒരു പുതിയ വീട് പണി കഴിപ്പിച്ചെന്ന് ഉണർത്തിച്ചു: എന്നാൽ അനേകം വണ്ടുകൾ വന്ന് നിത്യവും ഉപദ്രവിക്കുന്നു. അതിനാൽ അവിടെ കൂടിയിരിപ്പാൻ ബുദ്ധിമുട്ടായിരിക്കുന്നു.
വളരെ വണ്ടുകൾ ഉണ്ടോ ? സ്വാമികൾ ചോദിച്ചു: വളരെയേറെ ഉണ്ടെന്ന് അയാൾ പറഞ്ഞു. ഒരു നൂറ് വണ്ടുകൾ ഉണ്ടാകുമോ എന്ന് സ്വാമി ചോദിച്ചതിന് നൂറിൽ അധികമുണ്ടെന്നും ആയിരത്തിൽ കുറയാതെ വണ്ടുകൾ നിത്യവും മുറിക്കകത്തൊക്കെ പറന്നു കളിക്കുകയാണെന്നും, കിടക്കകളിലും ഭക്ഷണപദാർത്ഥങ്ങളിലും വരെ വീണുകൊണ്ടിരിക്കുന്നു എന്നും അയാൾ പറഞ്ഞു.
അപ്പോൾ സ്വാമി പറഞ്ഞു: എന്നാൽ ഒരുകാര്യം ചെയ്യുക. ആയിരം അപ്പം ഉണ്ടാക്കി വയ്ക്കുക ഭയപ്പെടേണ്ട, നെല്ലിക്കയോളം വലിപ്പമുള്ള അപ്പങ്ങൾ മതി. നാം അവിടെ വരാം. അതിന് ഒരു തീയതിയും നിശ്ചയിച്ചു.
ആ ദിവസം സ്വാമി അവിടെ എത്തി. അപ്പോൾ സന്ധ്യയായിരുന്നു. ഒരു വിളക്ക് കത്തിച്ചു വച്ച് വലിയ ഒരു പാത്രത്തിൽ അപ്പങ്ങളും കൊണ്ടുവച്ചു. സ്വാമികൾ ഗൃഹനാഥനോട് ഇങ്ങനെ പറഞ്ഞു: ശ്രീകൃഷ്ണന് വണ്ടിന്റെ നിറമാണല്ലോ. കൃഷ്ണനെ ധ്യാനിച്ചോളൂ. എന്നിട്ട് ഈ അപ്പം ഈ കൂടിയവർക്കൊക്കെ ദാനം ചെയ്യുക. ഇനി വണ്ടിന്റെ ഉപദ്രവം ഉണ്ടാകയില്ല.
അതനുസരിച്ച് ചെയ്തു. സ്വാമി എഴുന്നള്ളിയ വിവരം അറിഞ്ഞ് അനേകം പേർ അവിടെ എത്തിച്ചേർന്നിരുന്നു. അവർക്കെല്ലാവർക്കും അപ്പം കൊടുത്തു. അന്നു മുതൽ ആ വീട്ടിൽ വണ്ടുകളുടെ ഉപദ്രവം തീർന്നു.
വിദ്വാൻ എം.കെ.സുകുമാരൻ എഴുതി 1983 ൽ പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരുദേവന്റെ സമ്പൂർണ്ണ ജീവചരിത്രം രണ്ടാം വാല്യത്തിൽ 134-135 പേജുകളിൽ ഉദ്ദിഷ്ടകാര്യം സാധിക്കുന്നു എന്ന പേരിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. അതിങ്ങനെ:
തലശേരി ധർമ്മടം സുഖപ്രദായിനി ഔഷധശാലയുടെ ഉടമസ്ഥൻ പി.ശങ്കരൻ വൈദ്യരുടെ മകൾ പി.കെ ലീലയുടെ ഭർത്താവ് കുളി നാരായണൻ റൈട്ടർ തന്റെ ഓർമ്മയിലുള്ള ഒരു സംഭവം പറഞ്ഞു:
“എന്റെ അമ്മാവനായ കുളി കോരൻ താമസിച്ചിരുന്ന കിഴക്കേ പാലയാട്ടുള്ള ‘കുളിന്റെ വിട’ എന്ന ഭവനത്തിൽ ഗുരുദേവൻ വരികയുണ്ടായി. ആ വീട്ടിൽ വന്നു കയറുമ്പോഴേക്കും കോടി കായ്ച്ച തൈതെങ്ങിൽ നിന്നും ഒരു ഇളനീർ നിലത്ത് വീണു. അതു നല്ല വണ്ണം ചെത്തി കോരൻ സ്വാമിക്ക് കുടിക്കാൻ കൊടുത്തു. ഗുരുദേവൻ കുടിക്കുകയും ചെയ്തു. എന്നിട്ട് ഗുരുദേവൻ ചോദിച്ചു: ഉദ്ദേശിച്ച കാര്യം കൂടി സാധ്യമായില്ലേ?”
ആ തൈതെങ്ങ് കോടി കായ്ച്ചപ്പോൾ അതിന്റെ ആദ്യത്തെ ഇളനീർ ഗുരുദേവന് കൊടുക്കണമെന്ന് കോരൻ മനസിൽ ഉദ്ദേശിച്ചിരുന്നുവത്രേ. തന്റെ മനസിൽ മാത്രം ഉണ്ടായിരുന്ന അക്കാര്യം പറയുന്നത് കേട്ട് കേരൻ അത്ഭുതം കൂറി സ്വാമിയെ പ്രണമിച്ചു.
പി.എം ബിനുകുമാർ
+919447694053