Saturday, 23 Nov 2024
AstroG.in

കേതുദോഷ പരിഹാരത്തിന് സകല വരപ്രദായിനിയായ ധൂമാവതി

ദശമഹാവിദ്യ 7
കാക്ക കൊടിയടയാളമുള്ള, മുറം ആയുധമാക്കിയ, വൃത്തിഹീനയും വിധവയും വൃദ്ധയുമായ ധൂമാവതി
ദശമഹാവിദ്യകളിൽ ഏഴാമത്തേതാണ്. സർവാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതി ദേവിക്ക് യാതൊരു ആഭരണങ്ങളും ഇല്ല. രൂക്ഷ നയനങ്ങളും അഴിഞ്ഞ, പാറിപ്പറക്കുന്ന മുടിയോടും ചുക്കിച്ചുളിഞ്ഞ ചർമ്മത്തോടും കൂടിയ ധൂമാവതിയെ ജീവിതത്തിന്റെ ആത്യന്തിക അവസ്ഥ മനസ്സിലാക്കിയ ഒരു മുത്തശ്ശിയായി, കോടി തമസിന്റെ പ്രതീകമായി കണക്കാക്കാം. ധൂമം അഥവാ പുകയുടെ രൂപത്തിലാണ് ദേവിയെ സങ്കല്പിക്കുന്നത്. ധൂമവാനെന്ന ശിവന്റെ ശക്തിയായി ദേവിയെ പറയുന്നുന്നെങ്കിലും ശിവനില്ലാത്ത ദേവി തന്നെയാണ് ധൂമാവതി. ദേവി വിധവയും സൗന്ദര്യമില്ലാത്തവളുമാണ്. തേജസ്സില്ലാത്ത മുഖത്തോടുകൂടി പ്രത്യേക രൂപത്തിൽ നിയന്ത്രിക്കപ്പെടാത്ത ഈ ശക്തി വ്യാപന ശീലത്വം ഉള്ളതിനാൽ നശീകരണസ്വഭാവം കാണിക്കുന്നു. ശരിയായ അറിവില്ലാത്തവർക്ക് ധൂമാവതിയോട് അറപ്പും വെറുപ്പും തോന്നുന്നതാണ്. ഈ ദേവിയുടെ സാധനാപദ്ധതി തന്ത്രത്തിലെ ഉന്നതമായ തലത്തിൽപ്പെടുന്നതാണ്. ശരിയായി സാധന ചെയ്തു വരുമ്പോൾ ദേവിയും സാധകനും രണ്ടല്ല എന്ന അവസ്ഥയിലെത്തുന്നു. ഈ അവസ്ഥയ്ക്ക് കാരണം ശിവനില്ലാത്ത ശക്തിയായത് തന്നെയാണ്. പ്രപഞ്ചം മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ശക്തിയുടെ ദേവത ധൂമാവതിയാണ്. മാരണം – ഉച്ചാടനം – വിദ്വേഷണം എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് ദേവിയെ ആരാധിക്കുന്നു. പ്രത്യേകം പ്രത്യേകം സമാഹരിക്കപ്പെട്ട എനർജിയല്ലാത്ത മൊത്തമായി പരന്നു കിടക്കുന്ന എനർജിയെപ്പറ്റി പഠിക്കുന്നതിന് ദേവിയെ ആരാധിക്കാം. ഇതിനാൽ നവരാത്രിയിലും പൂജിക്കപ്പെടുന്നു. കേതു ദോഷ പരിഹാരങ്ങൾക്ക് ദശമഹാവിദ്യയിലെ ഏഴാമത്തെ ഈ ദേവിയെ ഭജിക്കുന്നു.

ഭക്ഷണം ചോദിച്ച ശിവനിൽ നിന്ന് ദീർഘനേരമായിട്ടും മറുപടി കിട്ടാത്തതിൽ ക്ഷമകെട്ട് പാർവതി ശിവനെ ഭക്ഷിച്ചു. ഈ പ്രവൃത്തി കാരണം ദേവിയുടെ ശരീരത്തിൽ നിന്നും ധൂമപടലങ്ങൾ സർവത്ര വ്യാപിച്ചു. മായയിലൂടെ വെളിയിൽ വന്ന ശിവൻ ദേവിയോട് പറഞ്ഞു: പ്രപഞ്ചത്തിലെ ഏക പുരുഷൻ ഞാനും ഏക സ്ത്രീ ഭവതിയുമാണ്. ഭവതി ഭർത്താവിനെ വിഴുങ്ങിയതിനാൽ വിധവയായി. അതുകൊണ്ട് വിധവാ വേഷം കൈകൊള്ളുക. ദേവിയുടെ ഈ ഭാവം ധൂമാവതിയെന്ന രീതിയിൽ മഹാവിദ്യയായി പൂജിക്കപ്പെടും എന്ന് ഈ ദേവിയുടെ ഉത്പത്തിയെ കുറിച്ച് ഒരു കഥയുണ്ട്. മറ്റൊരു ഐതിഹ്യത്തിൽ ദക്ഷയജ്ഞത്തിൽ സതീദേവി യാഗകുണ്ഡത്തിൽ വീണു ജീവത്യാഗം ചെയ്യുകയും അതിൽ നിന്ന് ഉയർന്ന ധൂമപടലങ്ങളിൽ നിന്ന് ധൂമാവതി ഉത്ഭവിച്ചു എന്നും പറയുന്നു.

അന്നപൂർണേശ്വരിയായ ദേവി അന്നമല്ല ഇവിടെ ഭഗവാനോട് വാസ്തവത്തിൽ ചോദിച്ചത്. ജ്ഞാനമാണ്. ശിവനാൽ ദേവിക്ക് നൽകിയ വിദ്യകളാണ് ഇന്ന് കാണുന്ന എല്ലാ ജ്ഞാനങ്ങളും. ജ്ഞാനമാകുന്ന ഭക്ഷണം വൈകുന്തോറും അജ്ഞാനമാകുന്ന വിശപ്പ് വളരുന്നു. തന്നെ തന്നെ മറന്ന് പല ദുഷ്പ്രവൃത്തികളും ചെയ്യുന്നു. പ്രപഞ്ചത്തെ സംഹരിക്കുന്നവനായ ശിവനെ വിഴുങ്ങുക വഴി തന്റെ സംഹാരശക്തിയെയും ദേവി ഇവിടെ കാണിക്കുന്നു. എന്നാൽ സകല ജ്ഞാനസ്വരൂപിണിയും സകലസംഹാര മൂർത്തിയും ആണെങ്കിലും അതൊന്നും കാണിക്കാതെ ദേവി വൃദ്ധരൂപിണിയായി സദാ മായാസ്വരൂപത്തിൽ സ്ഥിതിചെയ്യുന്നു.

അമംഗളവസ്തുക്കളുടെ നാഥയായിട്ടാണ് ധൂമാവതിയെ ചിത്രീകരിക്കാറുള്ളത്. സകല മംഗളകരമായ വസ്തുക്കളിലെന്ന പോലെ തന്നെ അമംഗളത്തിലും വിരാജിക്കുന്നത് ദേവി തന്നെയാണ് എന്ന് വ്യംഗ്യം. ധൂമത്തെ മായയായി ചിന്തിച്ചാൽ, മായാസ്വരൂപത്താൽ മൂടിക്കിടക്കുന്നതിനാൽ സത്യത്തെ തിരിച്ചറിയാൻ സാധാരണക്കാർക്ക് സാധിക്കാറില്ല. മായയുടെ ഈ ആവരണം തന്നെയാണ് ധൂമാവതിയെന്ന ഭാവം. സത്യത്തിന്റെ യഥാർത്ഥമുഖം മറയ്ക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതുപോലെ സകലജ്ഞാന സ്വരൂപിണിയും മോക്ഷത്തിലേക്ക് നയിക്കുന്നവളും ആണ് ദേവിയെങ്കിലും യാഥാർത്ഥ്യത്തെ മൂടിവച്ച് വിരൂപ ഭാവത്തിൽ ദേവി സ്ഥിതിചെയ്യുന്നു.
സ്വയം മായാസ്വരൂപിണിയായതുകൊണ്ട് ദേവി മായയുടെ അധിഷ്ഠാത്രിയും ആണ്.

അമ്മയുടെ മടിയിൽ ഇരുന്നു കളിക്കുന്ന യഥാർത്ഥ ഉപാസകന് അമ്മയുടെ വൈരൂപ്യം അല്ല അമ്മയുടെ വാത്സല്യം ആണ് കാണാനാകുക. ഉത്തമസാധകന് മാത്രമേ ഭീതിജനകമായ അമ്മയുടെ രൂപത്തിലും വൈരൂപ്യത്തിന്റെ പുറകിലുമുള്ള സ്വരൂപത്തെ കാണാനാകു. സകല തടസങ്ങളുടേയും പ്രതികൂല സാഹചര്യങ്ങളുടേയും ദേവതയെന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് പ്രതികൂല അനുഭവങ്ങളാണ് തന്റെ യഥാർത്ഥ ശക്തി തിരിച്ചറിയുവാൻ സഹായിക്കുന്നത് എന്നതാണ്. യഥാർത്ഥ ഉപാസകൻ പ്രതിസന്ധികളെ തരണം ചെയ്ത് ലക്ഷ്യത്തിൽ എത്തും. ഭൗതിക ജീവിതത്തിൽ ഭ്രമിച്ച സാധാരണക്കാരെ ആത്മീയ മാർഗ്ഗത്തിലേക്ക് നയിക്കാൻ ദേവി സന്നദ്ധയാണ്. ധൂമാവതി സൃഷ്ടിപൂർവമായ മഹാന്ധകാരത്തേയും മഹാശൂന്യതയെയും പ്രജ്ഞയെ മൂടിയിരിക്കുന്ന അജ്ഞാന തമസിനെയും പ്രതിനിധീകരിക്കുന്നു എന്ന് പറയാം. മഹാശൂന്യതയായ ധൂമാവതിയിൽ നിന്നു തന്നെയാണ് ലോകം പരിണമിച്ച് എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം ശൂന്യതയിൽ എല്ലാം ഉണ്ട്. എന്നാൽ അതിൽ നിന്ന് ഒന്നിനേയും വേർതിരിച്ച് എടുക്കാനും കഴിയില്ല. ഇങ്ങനെ സകലഭാവങ്ങൾ കൊണ്ടും ഉപാസകരെ പൂർണ്ണരാക്കുന്ന സകല വരപ്രദായിനിയാണ് ജഗദീശ്വരിയായ ധൂമാവതി.

Story Summary: Dashamaha Vidya 7: Significance of Dhoomavati

Pic Design: Prasanth Balakrishnan
+91 7907280255 dr.pbkonline@gmail.com

error: Content is protected !!