Saturday, 21 Sep 2024
AstroG.in

കൊടുക്കുന്നതെന്തും ഇരട്ടിയായിതിരിച്ചു കിട്ടുന്ന പുണ്യ ദിനം

ജ്യോതിഷരത്നം വേണു മഹാദേവ്
കൊടുക്കുന്നതെന്തും ഇരട്ടിയായി തിരിച്ചു കിട്ടുന്ന വൈശാഖ മാസത്തിലെ പുണ്യദിനമാണ് അക്ഷയതൃതീയ. വെളുത്തപക്ഷത്തിലെ മൂന്നാമത്തെ തിഥി വരുന്ന ഈ ദിവസം ദാനധർമ്മാദികൾക്ക് മാത്രമല്ല എല്ലാ സൽക്കർമ്മങ്ങൾക്കും ശ്രേഷ്ഠമാണ്. തൃതീയ എന്നാൽ ഇവിടെ അർത്ഥം മൂന്നാമത്തെ ചന്ദ്രദിനം എന്നാണ്. അക്ഷയം എന്ന വാക്കിന്റെ അർത്ഥം ക്ഷയം ഇല്ലാത്തത്, ഒരിക്കലും നശിക്കാത്തത് എന്നും. അതിനാൽ ആരാണെങ്കിലും ഈ ദിവസം ചെയ്യുന്ന എന്ത് കർമ്മവും വെറുതെയാകില്ലെന്ന് തന്നെയല്ല അതിന് ഇരട്ടി പുണ്യവും ഉണ്ടാകും. ദാനം, മന്ത്രജപം, പ്രാർത്ഥന എന്നിവ പോലെ തന്നെയാണ് ഈ ദിവസത്തെ പൂജകളുടെയും ഫലം. അതിനാൽ അക്ഷയതൃതീയയിലെ ദാനങ്ങളുടെയും സൽക്കർമ്മങ്ങളുടെയും ഫലം അത് അനുഷ്ഠിക്കുന്ന ഏതൊരു വ്യക്തിക്കുമൊപ്പം എക്കാലവും നിലനിൽക്കും. അവരുടെ ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും നിറയും. ഈ ദിവസം പ്രകൃതി പോലും ഐശ്വര്യസമൃദ്ധിയേകാൻ ഒരുങ്ങി നില്‍ക്കുന്നതായി ആചാര്യന്മാർ പറയുന്നു. അക്ഷയ തൃതീയ നാൾ സൂര്യന്‍ അതിന്റെ പൂര്‍ണ്ണമായ ചൈതന്യ പ്രഭയില്‍ എത്തും. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്‌ഥാനത്താണ്‌ അന്ന് നില്‍ക്കുന്നത്‌. അതിനാൽ എല്ലാം കൊണ്ടും ഉത്തമമായ ഈ ദിവസം ചെയ്യുന്ന ദാനങ്ങളുടെയും കർമ്മങ്ങളുടെയും ഫലം പേരു സൂചിപ്പിക്കും പോലെ അനന്തവുമായിരിക്കും.

സ്വര്‍ണം വാങ്ങാൻ മാത്രമുള്ള ദിവസമല്ല അക്ഷയതൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസം എന്ന ധാരണ ശരിയല്ല. അന്ന് എന്തു വാങ്ങിയാലും എന്ത് കിട്ടിയാലും അത് ഇരട്ടിക്കും. കാർഷികോപകരണങ്ങൾ, യന്ത്ര സാമഗ്രികൾ, പണിയായുധങ്ങൾ, വെള്ളി, പിച്ചള, ഓട്‌, ചെമ്പ് എന്നിവയെല്ലാം വാങ്ങുന്നത് കുടുംബത്തിൽ ഐശ്വര്യവും ഐക്യവും സമാധാനവും കൊണ്ടുവരുമെന്ന് പരമ്പരാഗതമായി കരുതപ്പെടുന്നു. അന്ന് വീട്ടിൽ വന്നു കയറുന്ന ധനവും കൈവിട്ടു പോകില്ലെന്ന് തന്നെയല്ല അതിന്റെ മൂല്യം വർദ്ധിച്ചു കൊണ്ടേയിരിക്കും. വീട്, ഭൂമി വാങ്ങുന്നതിനും ഗൃഹപ്രവേശത്തിനും പുതിയ വാഹനം വാങ്ങുന്നതിനും മാത്രമല്ല എല്ലാ മംഗള കര്‍മ്മങ്ങള്‍ക്കും ഈ ദിനം ശ്രേഷ്ഠമാണ്. അവിവാഹിതകളായ പെൺകുട്ടികൾ അക്ഷയതൃതീയ ദിവസം ഉപവസിച്ച് ഉമാമഹേശ്വരന്മാരെ ഉപാസിച്ച് ഫലമൂലാദികൾ ദാനം ചെയ്താൽ മികച്ച മംഗല്യ ഭാഗ്യമുണ്ടാകും. വിഷ്ണുപ്രീതി നേടാൻ മാസം മുഴുവൻ ശ്രേഷ്ഠമായ വൈശാഖത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നാണ് അക്ഷയതൃതീയ. ഗണപതിയെയും ലക്ഷ്മിയെയും ഭജിക്കുക

അക്ഷയതൃതീയ ദിവസം രാവിലെ കുളിച്ച് ശുദ്ധമായി നിലവിളക്ക് കൊളുത്തി ഗണപതി, മഹാലക്ഷ്മി എന്നീ ദേവതകളെയും ഇഷ്ട മൂർത്തികളെയും പ്രാര്‍ത്ഥിക്കണം. എന്നിട്ട് അക്ഷയമാകുന്ന അനുഗ്രഹങ്ങള്‍ ലഭിക്കാൻ പ്രാർത്ഥന, ദാനം എന്നിവ ചെയ്യണം. ഈ ദിവസം അർഹതയുള്ളവർക്ക് കഴിയുന്നത്ര സഹായം ചെയ്യുന്നത് നമ്മുടെ ഏഴ് തലമുറകൾക്ക് നന്മ വരുത്തും.

അക്ഷയതൃതീയ വിഷ്ണുവിന്റെ ആറാം അവതാരമായ പരശുരാമ ജയന്തിയോട് അനുബന്ധിച്ചാണ് വരുന്നത്. അന്ന് അല്ലെങ്കിൽ അതിന്റെ തലേന്നായിരിക്കും ജയന്തി. അതിനാൽ അക്ഷയതൃതീയ പരശുരാമ ജയന്തിയായും കണക്കാക്കുന്നു. പുരാണത്തില്‍ പല സന്ദർഭങ്ങളിലും അക്ഷയതൃതീയയെക്കുറിച്ച് പരാമർശമുണ്ട്. കുബേരന് തന്റെ സമ്പത്ത് തിരികെ ലഭിച്ച ദിനമായും ശ്രീകൃഷ്ണൻ സുദാമാവിന് (കുചേലൻ) എല്ലാ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിച്ച ദിവസമായും പാർവതീ ദേവി അന്നപൂർണ്ണാ ദേവിയായി മാറിയ നാളായും വേദവ്യാസൻ മഹാഭാരതം എഴുതിയെടുക്കാൻ ഗണപതിക്ക് വർണ്ണിച്ചു കൊടുത്ത ആദ്യ ദിവസമായും ദ്രൗപതിക്ക് ശ്രീകൃഷ്ണൻ അക്ഷയ പാത്രം സമ്മാനിച്ച നാളായും ഭഗീരഥൻ ഗംഗയെ ഭൂമിയിൽ കൊണ്ടുവന്ന ദിവസമായും ബലഭദ്ര ജയന്തിയായും ഇത് കരുതുന്നു. പിതൃപ്രീതി കര്‍മ്മങ്ങള്‍ക്കും ഉത്തമമാണ്.

ശങ്കരാചാര്യർ സ്വർണ്ണ നെല്ലിക്ക പൊഴിച്ച ദിനം
ശങ്കരാചാര്യർ കനകധാരാസ്തവം ജപിച്ച് സ്വർണ്ണ നെല്ലിക്ക പൊഴിച്ച ഈ ദിവസം വർഷത്തിലെ ഏറ്റവും ആദരണീയ തിഥികളില്‍ ഉള്‍പ്പെടുന്നു. ഈ ദിവസം മുഖ്യമായി ഭജിക്കേണ്ടത് ലക്ഷ്മി, ഗണപതി, വിഷ്ണു, ശിവപാർവ്വതി തുടങ്ങിയവരെയാണ്. പൂജാമുറിയിൽ നെയ് വിളക്ക് കൊളുത്തി ഗണപതി, ലക്ഷ്മി, വിഷ്ണു, പാർവതി, ശിവ, കുബേര പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. വിഷ്ണുവിന് വെള്ളത്താമരയോ വെള്ള റോസയോ സമർപ്പിച്ച് അക്ഷയ തൃതീയ ദിവസം പ്രാർത്ഥിച്ചാൽ മനം നിറയുന്ന തരത്തിൽ ഭാഗ്യവർദ്ധനവ് ഉണ്ടാകും. ലക്ഷ്മിക്ക് മുന്നിൽ ചുവന്ന പൂക്കളും കുങ്കുമപ്പൂക്കളും ചുവന്ന പട്ടും വച്ച് പ്രാർത്ഥിച്ചാൽ എല്ലാ സാമ്പത്തിക ദുരിതങ്ങളും ഒഴിഞ്ഞു പോകും. വിഷ്ണുവിനും ലക്ഷ്മിക്കും തുളസിയില അർച്ചിച്ച് പൂജിച്ചാൽ ഐശ്വര്യവും ഭാഗ്യവർദ്ധനവും ഉണ്ടാകും. ശിവപാർവ്വതിമാരെ പൂജിച്ചാൽ കുടുംബത്തിൽ ഐശ്വര്യം നിറയും. ഈ ദിവസം അന്നദാനം നടത്തുന്നതും ധാന്യങ്ങളും വസ്ത്രങ്ങളും അഗതികൾക്ക് ദാനം ചെയ്യുന്നതും അത്യുത്തമമാണ്.

ജപിക്കേണ്ട മന്ത്രങ്ങൾ

ഹ്രീം ഓം ഹ്രീം നമഃ ശിവയ എന്ന ശിവശക്തി കവചം സന്ധ്യക്ക് ജപിക്കുക.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേഹരേ
കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണഹരേ ഹരേ എന്ന
കലി സന്തരണ മന്ത്രം ജപിക്കുക.

ഓം ശ്രീം ഓം ഹ്രീം ശ്രീം ഹ്രീം ക്ലീം ശ്രീം ക്ലീം വിത്തേശ്വരായ നമഃ എന്ന ധന – ഐശ്വര്യസമൃദ്ധി മന്ത്രവും ജപിക്കുക .

ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017

Story Summary: Significance and Rituals of Akshaya Tritiya


error: Content is protected !!