Friday, 22 Nov 2024
AstroG.in

കൊടുങ്ങല്ലൂരമ്മയെ ഭജിച്ചാൽ എല്ലാദുരിതവും അകലും; മീനഭരണി ബുധനാഴ്ച

വി എം ശാസ്ത്രി
മീനമാസത്തിലെ ദേവീ പ്രധാനമായ വിശേഷങ്ങളിൽ ഒന്നാണ് മീനഭരണി. കാളീസ്തുതിയും മന്ത്രജപവും ക്ഷേത്രദർശനവുമെല്ലാം കൊണ്ട് ഭദ്രകാളി പ്രീതി നേടാൻ ഉത്തമമായ ഈ ദിവസം കൊടുങ്ങല്ലൂർ ഭരണി എന്ന
പേരിൽ പ്രസിദ്ധമാണ്. 2024 ഏപ്രിൽ 10 ബുധനാഴ്ച യ ആണ് ഈ വർഷത്തെ കൊടുങ്ങല്ലൂർ ഭരണി. അന്ന് ഭദ്രകാളിയെ ആരാധിച്ചാൽ സകല ദോഷദുരിതങ്ങളും ഒഴിഞ്ഞു പോകും.

ദാരുകനിഗ്രഹത്തിനായി അവതാരമെടുത്ത ദേവിയാണ് ഭദ്രകാളി എന്ന് വിശ്വസിക്കുന്നു. കേരളത്തിൽ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഏറ്റവും മുഖ്യം കൊടുങ്ങല്ലൂരാണ്. കൊടുങ്ങല്ലൂർ ഭഗവതിയെ സങ്കല്പിച്ച് പ്രതിഷ്ഠിച്ചതോ ഇവിടെ നിന്ന് ആവാഹിച്ചു കൊണ്ടു പോകുന്നതോ ആയ 64 കാളിക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമാണിത്. ഭക്തരെ മഹാമാരികളിൽ നിന്നും രക്ഷിക്കുന്ന ഭഗവതിയാണ് കൊടുങ്ങല്ലൂരിൽ കുടികൊള്ളുന്നത്.

കേരളത്തെ മഹാമാരികളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും രക്ഷിക്കാൻ പരശുരാമൻ നാലു ദിക്കിൽ പ്രതിഷ്ഠിച്ച 4 ദേവിമാരിൽ ലോകാംബിക ദേവിയാണ് കൊടുങ്ങല്ലൂരമ്മ. ആദിപരാശക്തി ഇവിടെ കാളീരൂപത്തിൽ കുടികൊള്ളുന്നു. ഈ ക്ഷേത്രത്തിന്റെ പേര് ശ്രീ കുരുംബ ഭഗവതിക്ഷേത്രം എന്നാണ്. ത്രേതായുഗത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ജാതി മതഭേദമില്ലാതെ ഏതൊരു വിശ്വാസിക്കും പ്രവേശിച്ച് അമ്മയെ തൊഴാം. ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ക്ഷേത്രനാഥനായി ശ്രീപരമേശ്വരന്റെ സാന്നിദ്ധ്യവുമുണ്ട്. ഇവിടെ കൊടിമരമില്ല. അതിന് പകരം ആൽമരത്തിലാണ് കൊടിയേറ്റ് നടത്തുന്നത്.

രേവതി വിളക്ക്, തൃച്ചന്ദനച്ചാർത്ത്, അശ്വതി കാവുതീണ്ടൽ, കോഴിക്കല്ല് മൂടൽ എന്നിവയാണ് മീനഭരണിയുടെ മുഖ്യ വിശേഷങ്ങൾ. രേവതി ദിവസം ഭഗവതിക്ക് ഏറ്റവും വിശേഷമാണ്. അന്ന് സന്ധ്യക്ക് ഭഗവതിയെ ദർശിച്ച് തൊഴുത് പ്രാർത്ഥിച്ചാൽ സർവാനുഗ്രഹവും ആഗ്രഹസാഫല്യവും കൈവരും എന്നാണ് വിശ്വാസം. അശ്വതി ദിവസമാണ് തൃച്ചന്ദന ചാർത്ത്. താന്ത്രിക പ്രാധാന്യമുള്ള വിശേഷ പൂജയാണ് തൃച്ചന്ദനച്ചാർത്ത്. ഈ പൂജയുടെ അവകാശികൾ അതിനുളള രഹസ്യ മന്ത്രങ്ങൾ പകർന്നുകിട്ടിയ അടികൾമാരാണ്. ഇവർ ഈറനണിഞ്ഞ് കിഴക്കേ നടയിലെത്തി വലിയ തമ്പുരാന്റെ അനുവാദം വാങ്ങി ശ്രീകോവിലിൽ പ്രവേശിച്ച് രഹസ്യ മന്ത്രങ്ങൾ ഉരുവിട്ട് തൃച്ചന്ദച്ചാർത്ത് പൂജ നടത്തും. പൂജ കഴിഞ്ഞ് അടികൾമാർ പുറത്തിറങ്ങുമ്പോൾ വലിയ തമ്പുരാൻ കാവുതീണ്ടലിന് അനുവാദം നല്കും. തുടർന്ന് ഭക്തി പാരമ്യത്തോടെ സ്വയം മറന്ന് ഉറഞ്ഞുതുള്ളി കോമരക്കൂട്ടങ്ങളും ഭക്തരും ക്ഷേത്രത്തിന്റെ ചെമ്പോല തകിടിൽ മുളം തണ്ടുകളാൽ ആഞ്ഞടിച്ചും വഴിപാടുകൾ എറിഞ്ഞും ഭക്തി പ്രഹർഷം സൃഷ്ടിച്ച് മൂന്നു പ്രാവശ്യം ക്ഷേത്ര പ്രദക്ഷിണം ചെയ്ത് അശ്വതി കാവ് തീണ്ടൽ പൂർത്തിയാക്കും.

ഉത്സവ ഭാഗമായി മീനത്തിലെ തിരുവോണത്തിന് കോഴിക്കല്ല് മൂടൽ എന്ന ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു.
ഭദ്രകാളി–ദാരിക യുദ്ധത്തിൽ അസുരന്മാരെ കൊന്നൊടുക്കുന്നതിന്റെ പ്രതീകമായി ദിവസം തോറും ഓരോ അങ്കക്കോഴിയെ ബലി കൊടുത്തിരുന്നു. അന്ന് കോഴിവെട്ടിന് ഉപയോഗിച്ചിരുന്ന രണ്ടു കല്ലുകളാണ് കോഴിക്കല്ലുകൾ.

കോഴിക്കല്ല് മൂടിക്കഴിഞ്ഞാൽ ഭരണിപ്പാട്ട് തുടങ്ങും. 41 ദിവസത്തെ വ്രതമെടുത്ത് കുടുംബാംഗങ്ങൾ ഒരുമിച്ചാണ് ഭരണിപ്പാട്ട് പാടുന്നത്. അഹല്യാമോക്ഷം തുടങ്ങിയ പുരാണകഥകളെ ആസ്പദമാക്കിയാണ് ഭരണിപ്പാട്ട് രചിച്ചിരിക്കുന്നത്. ദേവീസന്നിധിയിൽ വച്ച് മനസിലെ മാലിന്യം മുഴുവൻ അകറ്റി പരിശുദ്ധമാകുകയാണ് ഈ അനുഷ്ഠാനത്തിന്റെ പ്രത്യേകത.

ഇനി പറയുന്ന ഭദ്രകാളിയെ സ്തുതിക്കുന്ന ശ്ലോകം പതിവായി ജപിച്ചാൽ എല്ലാവിധ ഭയത്തിൽ നിന്നും ആധിവ്യാധികളിൽ നിന്നും മോചനം ലഭിക്കും. മീന ഭരണിക്ക് നിശ്ചയമായും ഇത് കഴിയുന്നത്ര ജപിക്കണം.

ഭദ്രകാളി സ്തുതി
ഭദ്രകാളി മഹാദേവി
ഭദ്രതേ രുദ്ര നന്ദിനി
യാനസന്ത്രായസേ നിത്യം
നമസ്തസ്യെെ നമോ നമ:

ഭദ്രകാളിയുടെ മൂലമന്ത്രം
ഓം ഐം ക്‌ളീം സൗ: ഹ്രീം ഭദ്രകാളിയൈ നമഃ

വി എം ശാസ്ത്രി
+91 89217 09017

Email: vmsastry@gmail.com

Story Summary: Importance of Meena Bharani and Kodungalloor Sree Kurumba Temple

Copyright 2024 Neramonline.com. All rights reserved

error: Content is protected !!