കൊട്ടാരക്കരയിൽ ബാല ഗണപതി; ഐശ്വര്യവുമായി പൂരം ഗണപതി
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഗണപതിഭഗവാനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന വിശേഷദിവസമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. ഗണപതി ഭഗവാന് വിനായകചതുര്‍ഥി പോലെ പ്രധാനമായ ഒരു ദിനമാണിത്. മീനമാസത്തിലെ പൂരം നാളിലാണ് ഇത്. ഈ വർഷത്തെ പൂരം ഗണപതി മാർച്ച് 27 ശനിയാഴ്ചയാണ്. ഈ ദിവസം ഗണപതിയെ ബാലഭാവത്തിലാണ് ആരാധിക്കേണ്ടത്. ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി, തുലാമാസത്തിലെ തിരുവോണം ഗണപതി, മീന മാസത്തിലെ പൂരം ഗണപതി, വിദ്യാരംഭ ദിവസമായ വിജയദശമി, എല്ലാ മാസത്തെയും ആദ്യ വെള്ളിയാഴ്ച എന്നിവ ഗണേശന് വിശേഷമാണ്.
പൂരം ഗണപതി ദിവസം ഭഗവാനെ ഉണ്ണി ഗണപതിയായി സങ്കല്പിച്ച് പുജയും വഴിപാടും നടത്തണം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഭഗവാൻ ബാലഗണപതി ഭാവത്തിലാണ് കുടികൊള്ളുന്നത്. തെക്കോട്ട് ദർശനം; സ്വർണ്ണവർണ്ണം; രണ്ടുകൊമ്പുകൾ; നാല് തൃക്കൈകൾ; വിഗ്രഹത്തിന്റെ കഴുത്തിൽ രണ്ടു മടക്കിലുള്ള സ്വർണ്ണ രുദ്രാക്ഷമാല; തിരുനെറ്റിയിൽ സ്വർണ്ണപ്പതക്കം –
ഇതാണ് കൊട്ടാരക്കരയിലെ ബാലഗണപതിയുടെ രൂപം. കൊട്ടാരക്കര ഗണപതിയെ വിളിച്ചു പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങളില്ലെന്നാണ് വിശ്വാസം. രോഗങ്ങൾ മാറിയവരും പരീക്ഷയിൽ വിജയം നേടിയവരും ഉൾപ്പെടെ ഭഗവാന്റെ അനുഗ്രഹം ലഭിച്ച എത്രയോ ആയിരങ്ങൾ വീണ്ടും വീണ്ടും ഈ ക്ഷേത്രത്തിലെത്തുന്നു.
അഷ്ടൈശ്വര്യങ്ങളും നൽകുന്ന ബാലവിനായകൻ ആശ്രീതരെ കൈവെടിയാത്ത ഗണേശഭാവമാണ്. ഇത്രയധികം ശക്തി വിശേഷങ്ങളുള്ള ബാല ഗണപതിയെ ഉപാസിക്കുന്നതിന് ഏറ്റവും വിശേഷപ്പെട്ട പൂരം ഗണപതി നാളിൽ ഭക്തർ ചെങ്കണപതി ഹോമം വഴിപാട് നടത്തണം. വീട്ടിലും ചെങ്കണപതി ഹോമം ലളിതമായി ചെയ്യാം. രാവിലെ കുളിച്ച് ശുദ്ധി വരുത്തി അടുപ്പു കത്തിച്ച്, അതില്‍ തേങ്ങാപ്പൂളും ശര്‍ക്കരയും അല്പം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുകയാണ് വേണ്ടത്. ചകിരിത്തൊണ്ടില് തീ കത്തിച്ചു ചെങ്കണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോള്‍ ഗണേശന്റെ മൂലമന്ത്രമായ ഓം ഗം ഗണപതയേ നമ: കഴിയുന്നത്ര ജപിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ നിന്നും വിഘ്നങ്ങളെല്ലാം അകറ്റാം. ഐശ്വര്യവും സമൃദ്ധിയും വന്നു കയറും എന്നാണ് വിശ്വാസം.
പൂരം ഗണപതി ദിനത്തില്‍ ശ്രീഗണേശദ്വാദശ മന്ത്രമോ ശ്രീഗണേശ ദ്വാദശനാമ സ്തോത്രമോ ജപിക്കുന്നത് ഉത്തമമാണ്. ഈ മന്ത്രം ജപിച്ചാല്‍ ഇഷ്ടകാര്യലബ്ധി, വിഘ്നനിവാരണം, പാപമോചനം എന്നിവയാണു ഫലം. 108 തവണ ജപിക്കുന്നതു ശ്രേഷ്ഠമാണ്. എതൊരു കാര്യം തുടങ്ങുമ്പോഴും ഏതു പുണ്യകര്‍മ്മം ആരംഭിക്കുമ്പോഴും വിഘ്നേശ്വരനായ ഗണപതി ഭഗവാനെയാണ് ആദ്യം വന്ദിക്കുന്നത്. ദേവാധിദേവകളില്‍ പ്രഥമ സ്ഥാനീയനാണ് വിഘ്നങ്ങൾ അകറ്റുന്ന ഗണപതി. ഏതു പ്രവൃത്തിയുടെയും ആരംഭത്തിന് മുന്‍പ് ഗണപതിയെ വന്ദിച്ചാല്‍ വിഘ്നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും എന്നാണ് പരമ്പരാഗത വിശ്വാസം. അതിനാലാണ് ഭഗവാന് വിഘ്നേശ്വരന് എന്ന പേര് സിദ്ധിച്ചത്. ശിവഭഗവാന്റെയും പാര്‍വതിയുടെയും പ്രഥമ പുത്രനാണ് ഗണനാഥനായ ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഗണപതിയെ കരുതുന്നത്.
ശ്രീഗണേശ ദ്വാദശ മന്ത്രം
ഓം വക്രതുണ്ഡായ നമ:
ഓം ഏകദന്തായ നമ:
ഓം കൃഷ്ണ പിംഗാക്ഷായ നമ:
ഓം ഗജവക്ത്രായ നമ:
ഓം ലംബോദരായ നമ:
ഓം വികടായ നമ:
ഓം വിഘ്ന രാജായ നമ:
ഓം ധ്രൂമ്ര വർണ്ണായ നമ :
ഓം ഫാലചന്ദ്രായ നമ:
ഓം വിനായകായ നമ:
ശ്രീഗണേശ ദ്വാദശനാമ സ്തോത്രം
പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം
വിനായകം ഭക്താവാസം സ്മരേന്നിത്യം
ആയു: കാമാർത്ഥ സിദ്ധയേ
പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർത്ഥകം
ലംബോധരം പഞ്ചമം ച ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതീം ദ്വാദശം തു ഗജാനനം
(വക്രതുണ്ഡൻ, ഏകദന്തൻ, കൃഷ്ണപിംഗാക്ഷൻ, ഗജവക്ത്രൻ, ലംബോധരൻ, വികടൻ, വിഘ്നരാജൻ, ധൂമ്രവർണ്ണൻ, ഫാലചന്ദ്രൻ, വിനായകൻ, ഗണപതി, ഗജാനൻ എന്നീ പന്ത്രണ്ട് നാമങ്ങൾ മൂന്ന് സന്ധ്യകളിലും ജപിക്കുന്നവർക്ക് വിഘ്നഭയമുണ്ടാകില്ല. എല്ലാ സിദ്ധികളും ലഭിക്കും. വിദ്യാർത്ഥിക്ക് വിദ്യ, ധനാർത്ഥിക്ക് ധനം, പുത്രാർത്ഥിക്ക് പുത്രൻ, മോക്ഷാർത്ഥിക്ക് മോക്ഷവും ലഭിക്കും. ആറുമാസം ജപിച്ചാൽ ഫലവും ഒരു വർഷം കൊണ്ട് സിദ്ധിയും ലഭിക്കും)
ശ്രീഗണേശ ഗായത്രി
1
ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്
2
തത്പുരുഷായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്
3
ലംബോദരായ വിദ്മഹേ
മഹോദരായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്
4
മഹോത്കടായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്
5
തത്കരാടായ വിദ്മഹേ
ഹസ്തിമുഖായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559