കൊട്ടിയൂർ പെരുമാൾ ദർശനം മഹാപുണ്യം; ഓടപ്പൂവ് ഐശ്വര്യദായകം
ജ്യേതിഷി പ്രഭാസീന സി പി
ബാവലിപ്പുഴ തീരത്തെ പുണ്യ ഭൂമിയായ കൊട്ടിയൂർ ക്ഷേത്രം വൈശാഖോത്സവ ലഹരിയിലമർന്നു. ഇടവത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയാണ് കൊട്ടിയൂർ പെരുമാളിന്റെ വൈശാഖോത്സവം. കണ്ണൂർ ജില്ലയിലെ സുപ്രസിദ്ധവും ലക്ഷക്കണക്കിന് ശിവ ഭക്തർ പങ്കെടുക്കുന്ന ജനപ്രിയ ഉത്സവവുമായ ഇതിനെ മലബാറിന്റെ മഹോത്സവം എന്ന് തന്നെ വിശേഷിപ്പിക്കാം.
ദക്ഷിണകാശി, ദക്ഷയാഗ ഭൂമിക
ദക്ഷിണകാശിയെന്നും ദക്ഷയാഗം നടന്ന ഭൂമികയെന്നും തൃച്ചെറുമന്ന, വടക്കീശ്വരം, വടക്കും കാവ് എന്നിങ്ങനെയും അറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രം കണ്ണൂർ ജില്ലയുടെ വടക്ക്, വയനാട് ജില്ലയോട് ചേർന്നാണുള്ളത്. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിക്കുന്നു. ഇവിടെ മുഖത്തോടു മുഖം നോക്കി ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും സ്ഥിതി ചെയ്യുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ശിവ ക്ഷേത്രം ഉണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രം ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല
മണിത്തറയിൽ മഹാദേവൻ
മൂലക്ഷേത്രമായ അക്കരെ കൊട്ടിയൂരിൽ ജലാശയ നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും സതീദേവി ശരീര ത്യാഗം ചെയ്തതായി വിശ്വസിക്കുന്ന
അമ്മാറക്കൽ തറയിൽ ശക്തിചൈതന്യമായ പാർവതീ ദേവിയും കുടികൊള്ളുന്നു. പുഴയിൽ നിന്നും എടുക്കുന്ന വെള്ളാരം കല്ലുകൾ കൊണ്ടാണ് ശിവലിംഗത്തിന് പീഠം നിർമ്മിക്കുന്നത്. ഓലകൊണ്ട് ശ്രീകോവിൽ ഒരുക്കി നെയ്യാട്ടത്തോടെ അതായത് നെയ്യഭിഷേകത്തോടെ ഉത്സവം തുടങ്ങും. വൈശാഖോത്സവം നടക്കുമ്പോൾ മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെ കൊട്ടിയൂരിലാണ് ഭഗവദ് സാന്നിദ്ധ്യം. അപ്പോൾ അക്കരെ കൊട്ടിയൂരിലേക്ക് ആർക്കും പ്രവേശനമില്ല.
ഐതിഹ്യം
മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് ഐതിഹ്യം. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യകരമാണ്. പരമശിവനെ സതി വിവാഹം ചെയ്തത് ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ് ദക്ഷൻ 14 ലോകത്തെയും ശിവനൊഴികെ എല്ലാ ദേവകളെയും ക്ഷണിച്ച് യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു; അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വീരഭദ്രൻ യാഗശാലയിലെത്തി ദക്ഷന്റെ താടി പറിച്ചെടുത്തു; ശിരസറുത്തു. ശിവൻ സംഹാരരുദ്രനായി താണ്ഡവമാടി. ദേവൻമാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ദക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. യാഗവും പൂർത്തിയാക്കി പിന്നീട് ആ പ്രദേശം വനമായി മാറി എന്നാണ് ഐതിഹ്യം.
ഹോമകുണ്ഡത്തിന്റെ ആകൃതിയിലുള്ള തീർത്ഥത്തിൽ ആണ് ശിവ പ്രതിഷ്ഠ. ശങ്കരാചാര്യരാണ് കൊട്ടിയൂർ ക്ഷേത്രത്തിലെ പൂജയും ഉത്സവ ചിട്ടകളും ക്രമീകരിച്ചത്. ഉത്സവ ചിട്ടകളുടെ ഏകദേശ രൂപം ഇങ്ങനെ:
മേടമാസം വിശാഖം നാളിൽ ഉത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരിൽ പ്രാക്കൂഴും കൂടും. കൂടാതെ കൊട്ടിയൂരിൽ നിന്ന് 13 കിലോമീറ്റർ അകലെ മണത്തണയിലെ ശ്രീ പോർക്കലി ക്ഷേത്രത്തിന് അടുത്തുള്ള ആയില്യർ കാവിലും ആലോചന നടക്കും.
28 ദിവസം വൈശാഖോത്സവം
28 ദിവസം നീളുന്ന വൈശാഖോത്സവം തീരുമ്പോൾ പൂജ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം പൂർണ്ണമാക്കാതിരുന്ന പൂജകൾ പൂർത്തിയാക്കിയാണ്. ഇടവത്തിലെ ചോതി നാളിൽ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്ന് സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നും വാൾ എഴുന്നള്ളത്ത് ഇക്കരയിലെത്തും. സംഹാരരുദ്രനായ വീരഭദ്രൻ ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാൾ ചെന്നു വീണ സ്ഥലമാണ് മുതിരേരി എന്നാണ് വിശ്വാസം
അക്കരെയിൽ ചോതി വിളക്ക്
കുറ്റിയാടി ജാതിയൂർ മഠത്തിൽ നിന്നുള്ള അഗ്നി വരവ് പിന്നെയാണ്. വാൾ ഇക്കരെ ക്ഷേത്രത്തിൽ വച്ചശേഷം പടിഞ്ഞാറ്റെ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഗ്നി അക്കരെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകും. അക്കരെ ക്ഷേത്രത്തിൽ 5 കർമ്മികൾ ചേർന്ന് പാതി പുണ്യാഹം കഴിച്ച് ചോതി വിളക്ക് തെളിയിക്കും. ചോതി വിളക്ക് തയ്യാറാക്കുന്നത് 3 മൺതാലങ്ങളിൽ നെയ്യ് ഒഴിച്ചാണ്. രാവിലെ കോട്ടയം, എരുവട്ടി ക്ഷേത്രത്തിൽ നിന്ന് ഇതിന് വേണ്ട എണ്ണയും വിളക്കുതിരിയും കൊണ്ടുവരും. ഈ ചടങ്ങ് കഴിഞ്ഞാൽ നാളം തുറക്കൽ എന്ന ചടങ്ങാണ്. ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കിക്കൊണ്ടാണ്. മൂന്നാം ദിവസമായ വൈശാഖത്തിൽ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. ഭണ്ഡാരങ്ങൾ സൂക്ഷിക്കുന്നത് കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കൽ ഗോപുരത്തിലാണ്. മണത്തണ ഗ്രാമത്തിൽ നിന്ന് സ്വർണ്ണം, വെള്ളി പാത്രങ്ങളും ദൈവിക ആഭരണങ്ങളും ഒക്കെ കൊണ്ടുവരും. ഇവയുടെ സൂക്ഷിപ്പവകാശികളായ കുടവതികൾ ഏഴില്ലക്കാർ തുടങ്ങിയ തറവാട്ടുകാർ അടിയന്തിരം നടത്തുന്ന യോഗികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയും ഗജവീരൻമാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും.
നെയ്യാട്ടം കഴിഞ്ഞ് ഇളനീരാട്ടം
ഇതിനു ശേഷമാണ് നെയ്യാട്ടം. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടുവരുന്നത്. അതിനു ശേഷം മാത്രമേ സ്ത്രീ ഭക്തർക്ക് പ്രവേശനം ഉള്ളൂ. നെയ്യാട്ടം കഴിഞ്ഞാൽ ഇളനീരാട്ടമാണ്. മലബാറിലെ തീയ്യ സമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകൾ എത്തിക്കുന്നത് ഇതിനായി അവർ വിഷു മുതൽ വ്രതം ആരംഭിക്കുന്നു. ഇവർ കൊട്ടിയൂരുള്ള മന്ദം ചേരിയിലെത്തി ഇളം നീർവയ്ക്കാനുള്ള രാശി കാത്തിരിക്കുന്നു. ക്ഷേത്രത്തിലെ രാത്രി പൂജകൾ കഴിഞ്ഞാൽ ഇളംനീർ വയ്പ്പിനുള്ള രാശി വിളിക്കും. ഇതോടെ ഭക്തർ സ്വയം മറന്ന് ഇളനീർ കാവോടുകൂടി വാവലി പുഴയിൽ മുങ്ങി ക്ഷേത്രത്തിലേക്ക് ഓടുന്നു. ആ ദിവസം ഭക്തർ ആയിരക്കണക്കിന് ഇളനീരുകൾ ശിവലിംഗത്തിന് മുന്നിൽ സമർപ്പിക്കും അതിന്റെ പിറ്റെ ദിവസം മേൽശാന്തി ഇളനീർ ശിവലിംഗത്തിനു മേൽ അഭിഷേകം ചെയ്യും. ഇത് ഇളനീരാട്ടം എന്നറിയപ്പെടുന്നു.
11 ദിവസം ശിവൻ കോപാകുലൻ
ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവൻ കോപാകുലനായിരിക്കും. കോപം തണുക്കാൻ നീരഭിഷേകം, ഇളനീരഭിഷേകം, കളഭാഭിഷേകം എന്നിവ നിർത്താതെ ചെയ്തു കൊണ്ടിരിക്കും.
മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കിൽ ആലിംഗന പുഷ്പാഞ്ജലി. വിഗ്രഹത്തെ കുറുമാത്തൂർ വലിയ നമ്പൂതിരിപ്പാട് ശൈവ സാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. പൂജകൻ ഇരു കൈകളാലും ചുറ്റി പിടിച്ചു വിഗ്രഹത്തിൽ തല ചേർത്തു നില്ക്കും. സതി നഷ്ടപ്പെട്ട ശ്രീ പരമേശ്വരനെ ബ്രഹ്മാവ് സാന്ത്വനിപ്പിക്കുന്നതിന്റെ പ്രതീകമാണത്രെ ഈ ചടങ്ങ്.
മകം മുതൽ സ്ത്രീകൾക്ക് ദർശനമില്ല
മകം നാൾ മുതൽ സ്ത്രീകൾക്ക് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.
മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാന്മാതർ കൊട്ടിയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുമ്പോൾ കലശം നിറയ്ക്കുന്നത് ഈ കലങ്ങളിലാണ് .
ഈ കലങ്ങൾ ഉപയോഗിച്ച് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഡ കർമ്മങ്ങൾ നടക്കുന്നത് ഇത് കഴിഞ്ഞ് അത്തം നാളിൽ 1000 കുടം അഭിഷേക പൂജയും കലശപൂജയും ചിത്തിര നാളിൽ കലശലാട്ടവും നടക്കും. അതിനു മുൻപായി ശ്രീകോവിൽ പൊളിച്ച് മാറ്റുന്നു. അത് കഴിഞ്ഞ് കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കുന്നു.
പിന്നെ അക്കരെ കൊട്ടിയൂരിൽ അടുത്ത വർഷം ഉത്സവം വരെ ആർക്കും പ്രവേശനമില്ല. മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.
ഓടപ്പൂവ്
വൈശാഖ മഹോത്സവവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവർ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗ ചരിതവുമായി ബന്ധമുണ്ട് വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി ( ദീക്ഷ ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്. ദീക്ഷ വീരഭദൻ കാറ്റിൽ പറത്തി. ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കൾ തൂക്കിയിട്ടുന്നത് സർവ്വൈശ്വര്യകരം എന്നാണ് വിശ്വാസം.
വഴിപാടുകൾ
വലിയ വട്ടളം പായസമാണ് കൊട്ടിയൂരിലെ പ്രധാന വഴിപാട്. പുഷ്പാഞ്ജലി, ആയിരം കുടം, സ്വർണ്ണക്കുടം സമർപ്പണം, വെള്ളിക്കുടം സമർപ്പണം, എന്നിവയുമുണ്ട്.
ഇവിടെ ശയനപ്രദക്ഷിണം നടത്തുന്നത് അത്യുത്തമം ആയി കരുതപ്പെടുന്നു.
ക്ഷേത്രത്തിലെത്താൻ
തലശ്ശേരിയിൽ നിന്ന് 58 കി.മീ. കിഴക്കാണ് ക്ഷേത്രം. കണ്ണൂരും തലശ്ശേരിയും ആണ് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ. സംസ്ഥാനത്തിന്റെ വടക്കു ഭാഗത്ത് നിന്നുള്ളവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കണ്ണൂർ – മട്ടന്നൂർ – പേരാവൂർ- കേളകം- കൊട്ടിയൂർ വഴിയും കണ്ണൂർ-കൂത്തുപറമ്പ്-നിടുംപൊയിൽ- പേരാവൂർ-കേളകം വഴിയും പ്രധാനമായും കൊട്ടിയൂരിൽ എത്താം. റോഡ് മാർഗ്ഗം ശരാശരി 65 കി മീ ദൂരവും രണ്ടു മണിക്കൂർ യാത്രയും വേണ്ടി വരും. തെക്ക് ഭാഗത്ത് നിന്നും വരുന്നവർ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങണം. തലശ്ശേരി – കൂത്തുപറമ്പ് – നെടുംപൊയിൽ – പേരാവൂർ – കേളകം വഴി കൊട്ടിയൂരിൽ എത്താം.. ദൂരം കി.മീ. കണ്ണൂർ എയർപോർട്ടിൽ നിന്നും 45 കി.മീ ആണ് കൊട്ടിയൂർക്കുള്ള ദൂരം.
ജ്യേതിഷി പ്രഭാസീന സി പി
+91 9961442256