Saturday, 23 Nov 2024
AstroG.in

കർക്കടകം കടക്കാൻ രാമായണ പാരായണം

ആനക്ക് പോലും അടിതെറ്റുന്ന മാസമാണ് കർക്കടകം. അത്തരം  കാലാവസ്ഥയാണ് കർക്കടകത്തിലേത്. അതു കൊണ്ടു തന്നെ കർക്കടകത്തെ നേരിടാൻ ശാരീരികവും മാനസീകവുമായ തയ്യാറെടുപ്പുകൾ അനിവാര്യമാണ്. ഇതിന് രാമായണ പാരായണം നമ്മെ മാനസികമായി പ്രാപ്തമാക്കുമ്പോൾ കർക്കടക വ്രതാചരണം ശാരീരികമായും സജ്ജമാക്കുന്നു.

കാലാവസ്ഥയിലെ മാറ്റം കാരണം ദഹനശേഷി  കുറയുന്ന മാസമാണ് കർക്കടകം.  മത്സ്യമാംസാദികളും, ദഹനത്തിന് പ്രയാസം സൃഷ്ടിക്കുന്ന  ആഹാരങ്ങളും അതിനാൽ കുറയ്ക്കണം. രണ്ടുനേരവും കുളി അത്യാവശ്യം. ക്ഷേത്രദർശനം നിർബന്ധം . രാവിലെയും വൈകിട്ടും രണ്ടു മുതൽ ഏഴ് വരെ തിരിയിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് വിളക്ക് തെളിക്കണം. വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം  ദീപം തെളിക്കേണ്ടത് . 11 പേരുള്ള അതായത് ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവരുൾപ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാന്‍.

അഞ്ചാമത്തെ വേദമായിട്ടാണ് രാമായണം പരിഗണിച്ചിരിക്കുന്നത്. ആധ്യാത്മിക രഹസ്യങ്ങളും ധർമ്മതത്വങ്ങളുമാണ് രാമായണത്തിൽ പറയുന്നത്. നിരവധി ധർമ്മതത്വങ്ങൾ ഉപദേശിക്കുന്ന ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നു രാമായണത്തിലുണ്ട്. ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു. കർക്കടകമാസം രാമായണമാസമായാണ് ആചരിക്കുന്നത്. 

വാത്മീകി മഹർഷി രാമായണമെഴുതിയ ശേഷം ലവകുശന്മാരെ കൊണ്ടാണ് (സീതാദേവിയുടെ മക്കൾ) ആദ്യം പാടിച്ചത്. ഇത് ഒരു കര്‍ക്കടകമാസത്തിലായിരുന്നത്രേ. കർക്കടകമാസം പൊതുവെ നിഷ്ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതിൽ നിന്നുള്ള മോചനത്തിന്  ആചാര്യന്മാർ നൽകിയ ഉപായമാണ് രാമായണപാരായണവും കർക്കടകമാസ അനുഷ്ഠാനങ്ങളും. 

യാതൊരു കേടുപാടുമില്ലാത്ത മഹത്ഗ്രന്ഥമാണ് രാമായണ പാരായണത്തിന് ഉപയോഗിക്കേണ്ടത്. ക്ഷേത്രദർശനം കഴിഞ്ഞ് വന്ന് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് വടക്ക് അഭിമുഖമായി ഇരുന്ന് വിളക്ക്  കൊളുത്തി പാരായണം ചെയ്യണം.  കിഴക്ക് സൂര്യനുള്ളപ്പോൾ പടി‍ഞ്ഞാറ് ചന്ദ്രനുണ്ടായിരിക്കും. തെക്കോട്ടിരുന്ന് ഒരു കർമ്മവും ചെയ്യാൻ പാടില്ല. വടക്കോട്ടാണ് ഇരിക്കേണ്ടത്. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാൻ. അപ്പോൾ മറ്റു കാര്യങ്ങളിൽ ഇടപെടാൻ പാടില്ല.  ഏകാഗ്രതയും ശ്രദ്ധയും അത്രത്തോളം വേണം. രാമായണപാരായണം ആരംഭിക്കുന്നതിന് മുമ്പും ഒരോ ദിവസവും വായിച്ചു നിറുത്തുമ്പോഴും രാമനാമമോ, ഓം രാം രാമായണ നമ: എന്ന മൂലമന്ത്രമോ കഴിയുന്നത്ര ജപിക്കണം. രാമായണ പാരായണം  ആരംഭിക്കുന്നത് ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തിൽ നിന്നായിരിക്കണം. ഏതൊരു ഭാഗം വായിക്കുന്നതിനുമുമ്പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തിരിക്കണം. ശ്രേഷ്ഠകാര്യങ്ങൾ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിച്ച് നല്ല കാര്യങ്ങൾ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങിയവ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിർത്തുന്നതാണ് ഉത്തമം. നിത്യപാരായണം ചെയ്യുമ്പോൾ യുദ്ധകാണ്ഡത്തിന്റെ അവസാനഭാഗത്തു നൽകിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം അവസാനിപ്പിക്കാൻ.

കർക്കടകമാസത്തിൽ പാരായണം ചെയ്യുമ്പോൾ ആ മാസത്തിൽ ചില വർഷങ്ങളിൽ 30, 31, 32 ദിവസങ്ങളുണ്ടാകും. ദിവസങ്ങൾ എത്രയുണ്ടെന്ന് കണക്കാക്കി രാമായണത്തിലെ പേജുകള്‍ വിഭജിക്കണം. ഒരു നല്ല ഭാഗം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കണം. ദോഷം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കരുത്. തലേദിവസം വായിച്ചു നിര്‍ത്തിയ ഏതാനും ഭാഗം  കൂടി അടുത്തദിവസം പാരായണം ചെയ്ത് പോകേണ്ടതാണ്.

ശ്രീരാമഭക്തനായ ആഞ്ജനേയ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യയെന്നും ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നതും രാമഹനുമത് ജപങ്ങളും ദോഷകരമാണെന്നും  അന്ധവിശ്വാസമുണ്ട്. ഹനുമാന്റെ ഭജനം തടസ്സപ്പെടുമെന്നും അതിനാൽ ഹനുമാൻ കോപിക്കുമെന്നുമാണ് കാരണങ്ങൾ പറഞ്ഞുവരുന്നത്. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്. അമൃതസ്വരൂപികളും പുണ്യത്മാക്കളുമായ ജനങ്ങള്‍ ഭക്തിമൂലമാണ് ഈശ്വരനെ ഭജിക്കുന്നത്. അതുകൊണ്ടുതന്നെ ആഞ്ജനേയ സ്വാമിയുടെയോ മറ്റു ദേവന്മാരുടെയോ കോപമുണ്ടാകില്ല. മറ്റൊന്ന് ഹനുമാൻ സദാ രാമനാമം ജപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥന കൊണ്ട് ഹനുമാന് പ്രാർത്ഥനയ്ക്ക് തടസ്സം നേരിടുമെങ്കിൽ ഒരിക്കലും ഹനുമത്‌ഭജനം സാധിക്കില്ലല്ലോ. രാവിലെയോ വൈകിട്ടോ രാത്രിയിലോ എപ്പോൾ വേണമെങ്കിലും തികഞ്ഞ ഏകാഗ്രതയോടെ രാമായണം പാരായണം ചെയ്യണം. സന്ധ്യാസമയത്ത് വായിക്കാത്തതിന് മറ്റൊരു കാരണമുണ്ട്. എവിടെ രാമായണ പാരായണം നടന്നാലും അവിടെയെല്ലാം ഹനുമാൻ ആനന്ദാശ്രു ചൊരിഞ്ഞുകൊണ്ട് അത് കേൾക്കാനിരിക്കുമെന്നാണ് വിശ്വാസം. ദേവന്മാർ, ഗന്ധർവന്മാർ, കിന്നരന്മാർ, യക്ഷന്മാർ, പരേതാത്മാക്കൾ തുടങ്ങിയവരെല്ലാം ഇത് കേൾക്കാൻ സന്നിഹിതരാകും. ത്രിസന്ധ്യാ സമയത്ത് രാമായണം വായിച്ചാൽ ഇക്കൂട്ടരുടെയെല്ലാം സന്ധ്യാവന്ദനം മുടങ്ങും. ഹനുമാനാണെങ്കില്‍ എല്ലാ സന്ധ്യയിലും തർപ്പണമുണ്ട്. നാരദന് നിവേദ്യം സന്ധ്യയ്ക്കാണ്. ചില അമൃതസ്വരൂപികളായ ബ്രാഹ്മണശ്രേഷ്ഠന്മാർക്ക് സന്ധ്യാവന്ദനമുണ്ട്. അത് നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സന്ധ്യയ്ക്കുള്ള രാമായണ പാരായണം നിർത്തി വയ്ക്കുകയും അത് കഴിഞ്ഞ് രാമായണ പാരായണം തുടരുകയും ചെയ്യുന്നത്.

– പി.എം. ബിനുകുമാർ,

Mobile: +91 94476 94053

error: Content is protected !!