Thursday, 21 Nov 2024
AstroG.in

കർക്കടകം 16 ചൊവ്വാഴ്ച ഔഷധ സേവാദിനം;അന്ന് ഈ ധന്വന്തരി മന്ത്രവും ജപിച്ചു നോക്കൂ

മംഗള ഗൗരി
ഒരു വർഷത്തോളം രോഗങ്ങൾ പിടിപെടാതിരിക്കാൻ
ആയുർവേദ വിധിപ്രകാരം ചില ക്ഷേത്രങ്ങളിൽ നടക്കുന്ന
സവിശേഷ പ്രതിരോധചികിത്സയാണ് ഔഷധസേവ. ഇതിന്റെ ഭാഗമായി എല്ലാവർഷവും കർക്കടകം16 ഔഷധസേവ ദിനമായി ആചരിച്ചു വരുന്നു. നെല്ലുവായ് ധന്വന്തരി ക്ഷേത്രം, ഇടിവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം , ഊരകം കുറ്റാള്ളൂർ മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയവ ഈ ഔഷധ സേവയ്ക്ക് പ്രസിദ്ധമാണ്.

ഈ ദിനത്തിൽ സേവിക്കുന്ന മരുന്നിന്റെ കൂട്ട് പണ്ട് രഹസ്യമായിരുന്നു. പല സ്ഥലത്തും വ്യത്യസ്ത രീതിയിൽ ഔഷധം സേവിച്ചു വരാറുണ്ടെങ്കിലും ഒരു പ്രധാനപ്പെട്ട ഔഷധയോഗം ഇപ്രകാരമാണ്: കൊടുവേലികിഴങ്ങ് (വേര്) ശുദ്ധി ചെയ്ത് എടുത്തതിൽ ശുദ്ധമായ പശുവിൻ നെയ്യ് ചേർത്ത് അരച്ചെടുക്കുന്നതാണ് ഈ ദിവ്യഔഷധം. കൊടുവേലി, ചുണ്ണാമ്പു വെള്ളത്തിലിട്ടു ശുദ്ധി ചെയ്യുക ആണ് പതിവ്. ശുദ്ധി ചെയ്തു മാത്രമേ കൊടുവേലി മരുന്നിനായി എടുക്കാറുള്ളൂ. കൊടുവേലിക്ക് അമ്ല സ്വഭാവമുള്ളതായതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.

കർക്കടകം 16 രാവിലെ കുളികഴിഞ്ഞ് വെറും വയറ്റിൽ ആദ്യമായി കുന്നിക്കുരു വലിപ്പത്തിൽ മാത്രം ഈ ഔഷധം ശ്രീധന്വന്തരിമൂർത്തിയെയോ ധർമ്മദൈവത്തേയോ പ്രാർത്ഥിച്ച് സേവിക്കേണ്ടതാണ്. വടക്ക് തിരിഞ്ഞിരുന്ന് ധന്വന്തരി മന്ത്രം ജപിച്ചാണ് ഔഷധം സേവിക്കേണ്ടത്.

ധന്വന്തരി മന്ത്രം
ഓം ധം ശ്രീം അച്യുതാനന്ദ
ഗോവിന്ദാ, വിഷ്ണോ നാരായണാമൃതാ,
രോഗാന്‍ മേ നാശയാശേഷാ,
നാശു ധന്വന്തരെ ഹരയേ നമഃ

ഔഷധസേവാ ദിവസം മരുന്ന് സേവിച്ചാലും ഇല്ലെങ്കിലും ഈ ധന്വന്തരി മന്ത്രം 108 തവണ ജപിച്ച് പ്രാർത്ഥിക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തിന് ഗുണകരമാണെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. ധന്വന്തരീ മൂർത്തിയുടെ ക്ഷേത്രത്തിലിരുന്നാണ് ഔഷധസേവാ ദിവസം മരുന്ന് കഴിക്കേണ്ടത്.

നെല്ലുവായ്, ഇടിവെട്ടി, ഊരകം എന്നീ ക്ഷേത്രങ്ങളിൽ അവിടെ നേദിച്ച ഔഷധമാണ് സേവിക്കാൻ നൽകുക. നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ ഔഷധം മുക്കിടി എന്നും അറിയപ്പെടുന്നു. കർക്കടകം 16 ന് ഔഷധ സേവയ്ക്കായി എത്തുന്ന ഭക്തർക്ക് സൗജന്യമായാണ് മരുന്നു നൽകി വരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രധാന ധന്വന്തരി ക്ഷേത്രങ്ങളിൽ ഒന്നായ ഇത് തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് എരുമപ്പെട്ടി പഞ്ചായത്തിലാണ്. ഗുരുവായൂർ ക്ഷേത്രവും നെല്ലുവായ് ക്ഷേത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പരസ്പരം അഭിമുഖമായാണത്രേ ഈ വൈഷ്ണവ സന്നിധികൾ നിലകൊള്ളുന്നത്. നെല്ലുവായ് ധന്വന്തരി മൂർത്തിക്ക് പടിഞ്ഞാറ് ദർശനമാണ്. കൊച്ചി ദേവസ്വം ബോർഡിന്റെ
നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട
വിശേഷങ്ങളിൽ ഒന്നാണ് ഔഷധസേവ ദിനാചരണം.
പല ഔഷധങ്ങൾ ചേർത്തുള്ള കർക്കടകക്കഞ്ഞിക്ക് പ്രാധാന്യം വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ഇതും പരീക്ഷിച്ചു നോക്കുന്നത് നല്ലതാണ്. ഈ വർഷം ഔഷധസേവാദിനം 2023 ആഗസ്റ്റ് ഒന്ന് ചൊവ്വാഴ്ചയാണ്.

ഇടുക്കി ജില്ലയിൽ തൊടുപുഴ്ക്ക് അടുത്തുള്ള ഇടിവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വളരെ വിപുലമായാണ് ഔഷധസേവ ദിനാചരണം. ആഗസ്റ്റ് ഒന്നിന് രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഔഷധ സേവ. ഔഷധ സൂക്തം ജപിച്ച് ചൈതന്യവത്താക്കിയ ഈ ഔഷധം ക്ഷേത്രാങ്കണത്തിൽ വച്ച് സേവിച്ചാൽ വർഷം മുഴുവൻ രോഗങ്ങൾ അകന്ന് നിൽക്കും എന്ന് വിശ്വാസം.

ആൽമരത്തിന്റെ ഇലകളിലാണ് മരുന്ന് വിളമ്പുന്നത്. നാലമ്പലത്തിന് വടക്ക് ദർശനമായി ആചാര്യന്മാർ ജപിച്ച പ്രാർത്ഥനകൾ ആവർത്തിക്കുമ്പോഴാണ് മരുന്ന് കഴിക്കേണ്ടത്. ഇവിടെ ഔഷധ ദിനാചരണത്തിനുള്ള ഒരുക്കങ്ങൾ മെയ് മാസത്തിലെ സപ്താഹം കാലത്ത് ആരംഭിക്കുന്നു. ഔഷധസേവയുടെ തലേദിവസം ഔഷധനിർമ്മാണം ആരംഭിക്കും. ഔഷധി സൂക്തം ചൊല്ലി വെണ്ണ കലർത്തി പ്രത്യേക അനുപാതത്തിലാണ് മരുന്ന് തയ്യാറാക്കുന്നത്. തൃശൂർ തെക്കേമാടത്ത് നിന്നുള്ള വേദപണ്ഡിതരാണ് ഇതിന് നേതൃത്വം നൽകുന്നത്.
കൊടുവേലിയിലെ കിഴങ്ങാണ് ഔഷധത്തിലെ പ്രധാന ചേരുവ. അതുകൂടാതെ വയമ്പ്, ഇരട്ടിമധുരം തുടങ്ങിയവ അരച്ച് വെണ്ണയിൽ കലക്കും. ഈ മരുന്ന് ആദ്യം ഭഗവാന്
സമർപ്പിക്കും. പിന്നീട് ഭക്തർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ക്ഷേത്രത്തിൽ വച്ച് ഔഷധം സേവിച്ച് ഭഗവത് ദർശനവും തീർത്ഥസേവയും നടത്തി ഔഷധക്കഞ്ഞി കൂടി കഴിച്ചാണ് ഭക്തർ ചടങ്ങ് പൂർത്തിയാക്കുക. തമിഴ്നാട്, കർണ്ണാടക തുടങ്ങി പല സംസ്ഥാനങ്ങളിൽ നിന്നും വരെ ഇവിടെ ഔഷധ സേവയ്ക്ക് ഭക്തർ എത്തുന്നുണ്ട്.

പാണ്ഡവരിൽ ഒരാളായ നകുലൻ വനവാസകാലത്ത്
ഈ ക്ഷേത്രം നിർമ്മിച്ചു എന്നാണ് ഐതിഹ്യം. ഹൈന്ദവ
പുരാണങ്ങളിലെ ഇരട്ട ഔഷധാചാര്യന്മാരായ അശ്വിനി കുമാരന്മാർ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വേളയിൽ നകുലനെ അനുഗ്രഹിച്ചതായി കഥയുണ്ട്. ക്ഷേത്രത്തിന് ചുറ്റും ഔഷധ സസ്യങ്ങളും മരങ്ങളും നിറഞ്ഞ ഔഷധ വനമുണ്ട്. അമൂല്യവും അതേസമയം പവിത്രവുമായ ഈ തോട്ടത്തിന് കാവൽ നിൽക്കുന്നത് വനദുർഗ്ഗയാണെന്ന് ഭക്തർ വിശ്വസിക്കുന്നു.
മലപ്പുറം ജില്ലയിലെ ഊരകം കുറ്റാള്ളൂർ മഹാവിഷ്ണു ക്ഷേത്രത്തിലും ഔഷധസേവാദിനം ആചരിക്കുന്നുണ്ട്.
ഇവിടെയും ക്ഷേത്രത്തിൽ പ്രത്യേകമായി ഒരുക്കുന്ന ഔഷധകൂട്ടാണ് ഭക്തർക്ക് നൽകുന്നത്. ഔഷധസേവ കഴിഞ്ഞ് ഊട്ടുപുരയിൽ വച്ച് ചുറ്റുഭാഗങ്ങളിൽനിന്ന്‌ ശേഖരിച്ച പച്ചമരുന്നുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഔഷധക്കഞ്ഞി വിതരണവും നടക്കും.

Story Summary: Karkidakam 16, Oushadha Seva Dinnam:
A procedure of consuming special Ayurvedic immunity medicine. It is held on the 16th day of Karkidaka Masam Yearly (mostly on August 1 or on July 31). The
Temples famous for Oushadha Seva are Nelluwaya Trichur, Edavetty Idukki, Uurakam Malappuram

error: Content is protected !!