Saturday, 21 Sep 2024
AstroG.in

കർക്കടകത്തിലെ വഴിപാടിന് ഇരട്ടിഫലം; സംക്രമ വേളയിൽ ദീപം തെളിയിക്കുക

ജ്യോതിഷരത്നം വേണു മഹാദേവ്

2022 ജൂലൈ 16 ശനിയാഴ്ച രാത്രി 10 മണി 57 മിനിട്ടിന് കർക്കടക സംക്രമം. സൂര്യദേവൻ കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും വിശിഷ്ടമായ ഈ സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് പുണ്യ പ്രദമാണ്. സംക്രമം രാത്രിയിൽ വരുന്നതിനാൽ ഞായറാഴ്ച അതിരാവിലെ വീട്ടിൽ വിളക്ക് തെളിച്ച് പ്രാർത്ഥിച്ചാലും സദ്ഫലങ്ങൾ ലഭിക്കും.

ദക്ഷിണായനം പുണ്യകാല ആരംഭമാണ് കർക്കടക രവിസംക്രമം. പിറ്റേന്ന് കർക്കടകപ്പുലരിയിൽ രാമായണ മാസം തുടങ്ങുന്നു. അതിവിശേഷമാണ് കർക്കടകം. എല്ലാ ആരാധനകൾക്കും എന്ത് വഴിപാട് കഴിച്ചാലും ഇരട്ടിഫലം ലഭിക്കുന്ന മാസമത്രേ കർക്കടകം. അതിനാൽ സംക്രമദീപം തെളിയിച്ചു തന്നെ ഈ നല്ല മാസത്തെ വരവേൽക്കണം. സൽകർമ്മങ്ങൾ ചെയ്യുക, ക്ഷേത്ര ദർശനം, വഴിപാട് എന്നിവ നടത്തുക എന്നിവയ്ക്കും ഏറെ പ്രാധാന്യമുള്ള മാസമാണിത്. രാമായണ പാരായണത്തിന് പുറമെ കർക്കടകത്തിൽ ക്ഷേത്രങ്ങളിൽ നടത്തുന്ന മറ്റൊരു പ്രധാന വഴിപാട് ഭഗവതി സേവയാണ്.

വീടുകളിൽ ശീവോതിക്ക് വെയ്ക്കുക ( ശ്രീ ഭഗവതിയെ പ്രത്യേകം കുടിവെച്ച് വിളക്കുവെക്കുന്ന ചടങ്ങ് ) കർക്കടക സംക്രാന്തിയുമായി ബന്ധപ്പെട്ടാണ് നടത്തുക.
ദശപുഷ്പം ചൂടുക, ഔഷധ സേവനടത്തുക തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ കർക്കടത്തിൽ പലരും അനുഷ്ഠിക്കാറുണ്ട്. രാമായണം ഈ മാസം മുഴുവൻ കൊണ്ട് വിധി പ്രകാരം ഭക്തിയോടെ വായിച്ചു തീർത്താൽ കുടുംബ സൗഖ്യം, ഉന്നതി എന്നിവ ഉണ്ടാവും. വിദേശ രാജ്യങ്ങളിൽ ഉള്ളവർ അതാത് സ്ഥലത്തെ പ്രാദേശിക സമയത്താണ് ദീപം തെളിയിക്കേണ്ടത്. എല്ലാവരെയും സൂര്യ ഭഗവാൻ അനുഗ്രഹിക്കട്ടെ.

ഓം ആദിത്യായ നമഃ
ഓം ആദിദേവായ നമഃ
ഓം ആർത്തരക്ഷകായ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847475559
Story Summary: Importance of Karkkadaka Ravi Sankraman

error: Content is protected !!