Friday, 22 Nov 2024
AstroG.in

കർക്കടകത്തിലെ വഴിപാടിന് ഇരട്ടിഫലം;സംക്രമ വേളയിൽ ദീപം തെളിയിക്കുക

ജ്യോതിഷരത്നം വേണു മഹാദേവ്

2023 ജൂലൈ 17 തിങ്കളാഴ്ച വെളുപ്പിന് 5:07 മണിക്ക് കർക്കടക സംക്രമം. ആദിത്യൻ കർക്കടക രാശിയിൽ പ്രവേശിക്കുന്ന വിശിഷ്ടമായ സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് പുണ്യ പ്രദമാണ്. ഈ സംക്രമം പുലർച്ചെ വരുന്നതിനാൽ തിങ്കളാഴ്ച അതിരാവിലെ വീട്ടിൽ വിളക്ക് തെളിച്ച് പ്രാർത്ഥിച്ചാൽ സദ്ഫലങ്ങൾ ലഭിക്കും.

ദക്ഷിണായനം പുണ്യകാല ആരംഭമാണ് കർക്കടക രവിസംക്രമം. പിറ്റേന്ന് കർക്കടകപ്പുലരിയിൽ രാമായണ മാസം തുടങ്ങുന്നു. അതിവിശേഷമാണ് കർക്കടകം. എല്ലാ ആരാധനകൾക്കും എന്ത് വഴിപാട് കഴിച്ചാലും ഇരട്ടിഫലം ലഭിക്കുന്ന മാസമത്രേ കർക്കടകം. അതിനാൽ സംക്രമദീപം തെളിയിച്ചു തന്നെ ഈ നല്ല മാസത്തെ വരവേൽക്കണം. സൽകർമ്മങ്ങൾ ചെയ്യുക, ക്ഷേത്ര ദർശനം, വഴിപാട് എന്നിവ നടത്തുക എന്നിവയ്ക്കും ഏറെ പ്രാധാന്യമുള്ള മാസമാണിത്. രാമായണ പാരായണത്തിന് പുറമെ കർക്കടകത്തിൽ ക്ഷേത്രങ്ങളിൽ നടത്തുന്ന മറ്റൊരു പ്രധാന വഴിപാട് ഭഗവതി സേവയാണ്.

വീടുകളിൽ ശീവോതിക്ക് വെയ്ക്കുക ( ശ്രീ ഭഗവതിയെ പ്രത്യേകം കുടിവെച്ച് വിളക്കുവെക്കുന്ന ചടങ്ങ് ) കർക്കടക സംക്രാന്തിയുമായി ബന്ധപ്പെട്ടാണ് നടത്തുക. ദശപുഷ്പം ചൂടുക, ഔഷധ സേവനടത്തുക തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ കർക്കടത്തിൽ പലരും അനുഷ്ഠിക്കാറുണ്ട്. രാമായണം ഈ മാസം മുഴുവൻ കൊണ്ട് വിധി പ്രകാരം ഭക്തിയോടെ വായിച്ചു തീർത്താൽ കുടുംബ സൗഖ്യം, ഉന്നതി എന്നിവ ഉണ്ടാവും. വിദേശ രാജ്യങ്ങളിൽ ഉള്ളവർ അതാത് സ്ഥലത്തെ പ്രാദേശിക സമയത്താണ് ദീപം തെളിയിക്കേണ്ടത്.

ജന്മക്കൂറിന്റെ 3, 6, 10,11 എന്നീ ഭാവങ്ങളില്‍ മാത്രമാണ് ആദിത്യന്‍ അനുകൂലനാവുക. അതിനാൽ കർക്കടക സംക്രമം കന്നി, തുലാം, കുംഭം, ഇടവം കൂറുകാർക്ക് ഏറെ ഗുണകരമാകും. ഇക്കൂട്ടർ ഗുണ ഫലങ്ങൾ കൂടുതൽ ലഭിക്കാനും മറ്റു കുറുകാർ സൂര്യന്റെ അനിഷ്ട സ്ഥിതി മൂലമുണ്ടാകുന്ന ദോഷശാന്തിക്കും മാസം മുഴുവനും സൂര്യഭജനം, ശിവഭജനം എന്നിവ നടത്തുന്നത് ഉത്തമം. ആദിത്യഹൃദയ മന്ത്രം, ആദിത്യ സ്‌തോത്രം എന്നിവ നിത്യവും ശ്രദ്ധാ ഭക്തിപുരസ്സരം പാരായണം ചെയ്യുന്നത് നല്ലതാണ്. ഏവരെയും സൂര്യ ഭഗവാൻ അനുഗ്രഹിക്കട്ടെ.

ഓം ആദിത്യായ നമഃ
ഓം ആദിദേവായ നമഃ
ഓം ആർത്തരക്ഷകായ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847475559
    Story Summary: Importance of Karkkadaka Ravi Sankraman
error: Content is protected !!