Friday, 20 Sep 2024
AstroG.in

കർക്കടകവാവും തിങ്കളാഴ്ചയും ഒരേ ദിവസം; കാളി ദര്‍ശനം നടത്തിയാൽ ദുരിത മുക്തി

ജ്യോതിഷരത്‌നം വേണു മഹാദേവ്
കർക്കടകവാവും തിങ്കളാഴ്ചയും ഒരേ ദിവസം വരുന്ന അപൂർവ ദിനമാണ് 2023 ജൂലൈ 17. അമാസോമവാര വ്രതം എന്ന പേരിൽ പ്രസിദ്ധമായ ഈ തിങ്കളാഴ്ച വ്രതം നോറ്റാൽ ഉമാമഹേശ്വര പ്രീതിയാൽ മംഗല്യഭാഗ്യവും അഭീഷ്ടസിദ്ധിയും രോഗമുക്തിയും കൈവരിക്കാനാകും.

വിവാഹതടസം മാറാനും നല്ല ഭര്‍ത്താവിനെ കിട്ടാനും ഭര്‍ത്താവിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കായും മാത്രമല്ല ചന്ദ്രദോഷം മാറ്റുന്നതിനും രോഗങ്ങള്‍ അകറ്റുന്നതിനും അമാസോമവാരവ്രതം നോൽക്കുന്നത് നല്ലതാണ്.

അമാവാസിയും തിങ്കളും ഒത്തുചേര്‍ന്നു വരുന്ന ദിവസം ഭദ്രകാളി ക്ഷേത്ര ദര്‍ശനം നടത്തുന്നത് ചന്ദ്രദോഷവും ദു:ഖദുരിതങ്ങളും മാറാൻ അത്യുത്തമമാണ്. വേണ്ടത്ര ജാതക പൊരുത്തം ഇല്ലാതെ വിവാഹം കഴിച്ച് ദുരിതം അനുഭവിക്കുന്നതിന് പരിഹാരമായും ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്.

ജാതകത്തില്‍ ചന്ദ്രന് പക്ഷബലമുള്ളവർ ചന്ദ്രദശയിൽ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുമ്പോള്‍ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വെളുത്ത പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തുകയും ദേവീ മാഹാത്മ്യം വായിക്കുകയും വേണം. ചന്ദ്രന് പക്ഷബലമില്ലാത്തവർ ചന്ദ്രദശാകാലത്ത് തിങ്കളാഴ്ച ഭദ്രകാളി ക്ഷേത്ര ദര്‍ശനമാണ് നടത്തേണ്ടത്.

മംഗല്യതടസങ്ങൾ മാറാൻ തിങ്കളാഴ്ച വ്രതം നല്ലതാണ്. 12 തിങ്കളാഴ്ച വ്രതം നോറ്റാൽ മംഗല്യ തടസ്സങ്ങൾ നീങ്ങും. വ്രതം നോൽക്കുന്നവർ ഞായറാഴ്ച വൈകിട്ട് കുളിച്ച് ഓം നമഃ ശിവായ ജപിച്ച് ദീപം കൊളുത്തി വ്രതം തുടങ്ങണം. അന്ന് രാത്രി ഉപവസിക്കണം. പറ്റാത്തവർ പഴങ്ങളും മറ്റും ലഘുവായി കഴിക്കുക. തിങ്കളാഴ്ച രാവിലെ കുളിച്ച് ഓം നമഃ ശിവായ ജപിച്ച് ശിവക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിച്ചു പ്രാർത്ഥിക്കണം. അന്ന് പകൽ ഉറങ്ങരുത്. ഉച്ചയ്ക്ക് നിവേദ്യച്ചോറ് കഴിക്കാം. രാത്രി പഴങ്ങളോ ലഘു ഭക്ഷണമോ ആകാം. ചൊവ്വാഴ്ച രാവിലെ കുളിച്ച് ശിവക്ഷേത്ര ദർശനം നടത്തി വ്രതം പൂർത്തിയാക്കാം. മംഗല്യ തടസ്സം മാത്രമല്ല ദാമ്പത്യ പ്രശ്നങ്ങൾ, സന്താനങ്ങൾ മൂലമുളള വിഷമങ്ങൾ കുടുംബ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാനും ഇത് നല്ലതാണ്.

ജ്യോതിഷരത്‌നം വേണു മഹാദേവ്
+91 8921709017

Story Summary : Significance of observing Ama Somavara Vritham

error: Content is protected !!