Sunday, 6 Oct 2024
AstroG.in

കൽപ്പറ്റയിൽ അടുത്ത വ്യാഴാഴ്ച സൂര്യന്റെ തീവലയം

2019 ഡിസംബർ 26നു ഒരു വലയ സൂര്യഗ്രഹണം ദർശിക്കാനാകും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ  വരുമ്പോൾ സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ ചന്ദ്രൻ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം.ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തുചേരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. 

സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ് ഏകദേശം അര ഡിഗ്രിയാണ്.  കൃത്യമായി പറഞ്ഞാൽ 0.488 ഡിഗ്രി മുതൽ 0.568 ഡിഗ്രി വരെ. ഈ വ്യത്യാസത്തിന് കാരണം ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. സൂര്യന്റെ കാര്യത്തിൽ ഇത് 0.527 ഡിഗ്രി മുതൽ 0.545 വരെയാകാം. സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരവ്യതിയാനമാണ് ഈ വ്യത്യാസത്തിനു കാരണം. ഈ വ്യത്യാസങ്ങൾ കാരണം ഗ്രഹണം ഉണ്ടാകുന്ന ചില സന്ദർഭങ്ങളിൽ ചന്ദ്രബിംബം സൂര്യബിംബത്തേക്കാൾ ചെറുതായിരിക്കും. അപ്പോൾ സൂര്യബിംബം മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയ സൂര്യഗ്രഹണമായി കാണുക. ഒരു വലയസൂര്യഗ്രഹണം ആയിരക്കണക്കിനു കിലോമീറ്റർ വീതിയിൽ ഭാഗികമായി നിരീക്ഷിക്കാൻ സാധിക്കും.

ഈ സൂര്യഗ്രഹണം ഏറ്റവും നന്നായി ദൃശ്യമാകുക കൽപറ്റയിലാണ്. രാവിലെ 8.05 ന് ഗ്രഹണം ആരംഭിച്ച് 9.27ന് കൽപറ്റയ്ക്കു മുകളിലെത്തുമ്പോഴാണു ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുക. അപ്പോൾ സൂര്യന് ചുറ്റുമുണ്ടാകുന്ന അപൂർവ കാഴ്ചയായ തീവലയം  കൽപറ്റയിൽ ഏറ്റവും നന്നായി 3 മിനിറ്റ് 2 സെക്കന്‍ഡ് കാണാനാകും. ഗ്രഹണം ദൃശ്യമാകുന്ന  മറ്റിടങ്ങളിലൊന്നും ഇത്ര വ്യക്തമായി ഈ വലയം കണാനാകില്ല. തമിഴ്നാട്ടിലെ നാമക്കലിലാണു ഭൂമിയിൽ തന്നെ കൂടുതൽ സമയം ഇത്തവണ ഗ്രഹണം ദൃശ്യമാകുക. ഇവിടെ 4 മിനിറ്റ് വരെ നീളാം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തമിഴ്നാട്ടിലെ കോയമ്പത്തൂർ എന്നീ ജില്ലകളിൽ 2 മിനിറ്റ് വരെ ദൈർഘ്യമുണ്ടാകും. 

കേരളത്തിൽ കോഴിക്കോടു നിന്ന് പാലക്കാട്ടേക്ക് ഒരു വര സങ്കല്പിച്ചാൽ അതിന്റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും കാണാൻ കഴിയും. കേരളത്തിൽ എല്ലായിടത്തും സൂര്യബിംബത്തിന്റെ 87 മുതൽ  93 ശതമാനം വരെ മറയും.ഇന്ത്യയ്ക്ക് പുറമെ സൗദി അറേബ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നിവിടങ്ങളിലും ഇത്തവണ സൂര്യഗ്രഹണം ദൃശ്യമാകും. 2010 ജനുവരി 15നാണ് ഇന്ത്യയിൽ ഏറ്റവുമൊടുവിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമായത്. പൂർണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റും 31 സെക്കൻഡുമാണ്. ഇതിൽ കൂടുതൽ ദൈർഘ്യമുണ്ടാകുന്നത് നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം. ഏറ്റവുമൊടുവിൽ അതു സംഭവിച്ചത് 1973 ജൂൺ 30ന് ആയിരുന്നു.ഭൂമിയിൽ  എവിടെയെങ്കിലും സൂര്യഗ്രഹണം നടക്കുക  അസാധാരണമല്ലെങ്കിലും ഒരു നിശ്ചിത പ്രദേശത്ത് അതു നടക്കുന്നത് വലിയ ഇടവേളകൾക്കിടയിലാണ്. അതിനാൽ ഇത് ഒരു അസുലഭ സന്ദർഭമാണ്. ഇപ്പോഴത്തെ വലയസൂര്യഗ്രഹണം കഴിഞ്ഞാൽ ഇതുപോലെ ഇനി ഉണ്ടാവുക  2031മേയ് 21നാണ്. ഈ ഗ്രഹണം ഡിസംബറിലായത് കൊണ്ട് ആകാശത്ത് കാർമേഘങ്ങൾ ഒഴിഞ്ഞു നില്കും. മനോഹരമായ കാഴ്ച സാധിക്കുമെന്നാണ് പ്രതീക്ഷ. 

– പി.എം ബിനുകുമാർ  +919447694053

error: Content is protected !!