Saturday, 23 Nov 2024
AstroG.in

ഗജേന്ദ്രമോക്ഷം പറയുന്നു; അഹന്ത ഒഴിയുമ്പോൾ രക്ഷിക്കാൻ ഭഗവാൻ വരും

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
ഗജേന്ദ്രമോക്ഷം വെറും ഒരു ആനക്കഥയല്ല. ഒരുപാട് ജീവിത സത്യങ്ങളും തത്വങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുന്ന, നിത്യജീവിതവുമായി ബന്ധപ്പെട്ട പല സന്ദേശങ്ങളും നൽകുന്ന ഒന്നാണ്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഒരോ മനുഷ്യരുടെയും കഥയാണിത്. നിസ്സാരമെന്ന് കരുതുന്ന ഒരു തീപ്പൊരി അഗ്നിയായി പടരുന്നതും അതിനു മുന്നിൽ പകച്ചു നിൽക്കേണ്ടി വരികയും ചെയ്യുന്ന കഥ.

ഇന്ദ്രദ്യുമ്നന്‍ എന്ന രാജാവാണ് ഈ‌ കഥയിലെ നായകന്‍. ഭാഗവതം അഷ്ടമസ്‌കന്ധത്തിലാണ് ഈ കഥ പ്രതിപാദിച്ചിട്ടുള്ളത്. പാണ്ഡ്യരാജാവായ ഇന്ദ്രദ്യുമ്‌നൻ മലയപർവതത്തിൽ തപസിൽ കഴിയവേ അഗസ്ത്യമഹർഷി അതു വഴി വന്നു. മഹർഷിയുടെ ആഗമനം രാജാവ് അറിഞ്ഞില്ല. അതുകൊണ്ട് ആദരസൂചകമായി ഇന്ദ്രദ്യുമ്നന്‍ ഒന്നും ചെയ്തില്ല. ഇത് മുനിയെ ക്ഷുഭിതനാക്കി. തന്നെ അനാദരിച്ചു എന്നു കരുതി കുപിതനായ അഗസ്ത്യർ ഇന്ദ്രദ്യുമ്‌നനെ ശപിച്ചു: നീ ഒരു ആനയായി ഏറെക്കാലം ജീവിക്കട്ടെ എന്നായിരുന്നു ശാപം.

അനുഭവിക്കേണ്ടത് അനുഭവിച്ചു തീര്‍ക്കുക, അല്ലാതെന്തു ചെയ്യാൻ ? എങ്കിലും ആനയായി മാറും മുൻപ് രാജാവ് ശാപമോക്ഷത്തിന് അപേക്ഷിച്ചു. വിഷ്ണു സ്പർശത്താൽ മോക്ഷമുണ്ടാകുമെന്ന് ശാപമോക്ഷം വിധിച്ച് അഗസ്ത്യ മഹർഷി പോയി. അങ്ങനെ ആനയുടെ രൂപത്തിൽ പിറന്ന ഇന്ദ്രദ്യുമ്‌നൻ ആരെയും ഭയക്കാതെ ഗജേന്ദ്രനായി കാട് കുലുക്കി മദിച്ചു നടന്നു. ആനയ്ക്ക് ആരെയാണ് ഭയപ്പെടാനുള്ളത് ? തന്റേടിയായ ഈ ഗജേന്ദ്രന് സഹായികളായി മറ്റ് ആനകള്‍ അനവധി ഉണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഗജേന്ദ്രൻ ത്രികൂടാചലത്തിലെ ഒരു സരസിൽ വെള്ളം കുടിക്കാനിറങ്ങി. വെള്ളം കുടിച്ചിട്ട് മടങ്ങിയിരുന്നെങ്കില്‍ കുഴപ്പം ഉണ്ടാകില്ലായിരുന്നു. പകരം ഗജേന്ദ്രന്‍ കാല്‍ വെള്ളത്തിലിട്ടടിച്ച് വെള്ളം കലക്കി. അപ്പോൾ ഗജേന്ദ്രന്റെ കാലിൽ ഒരു മുതല കടിച്ചു. ഹൂ ഹൂ എന്ന ഗന്ധർവ്വനായിരുന്നു മുതലയായി ചെളി നിറഞ്ഞ ആ താമരപൊയ്കയിൽ കിടന്നിരുന്നത്. തുടക്കത്തില്‍ ആ കടി വളരെ നിസ്സാരമായാണ് ഗജേന്ദ്രൻ കരുതിയത് . ബലശാലിയായ തന്റെ മുമ്പില്‍ ഒരു മുതലയ്ക്ക് എന്ത് ചെയ്യാനാകും എന്ന് ഗജേന്ദ്രൻ അഹങ്കരിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും മുതലയുടെ പിടിയിൽ നിന്നു ആനയ്ക്ക് രക്ഷപ്പെടാനായില്ല.

മുതല പല്ലുകള്‍ കാലില്‍ കോര്‍ത്തു പിടിച്ചു തന്നെ കിടന്നപ്പോൾ ഗജേന്ദ്രന്‍ ക്ഷീണിതനായി. ഇതിനിടയിൽ പല ആനകളും ഗജേന്ദ്രനെ സഹായിക്കാൻ വന്നെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സഹായിക്കാൻ വന്നവർ ഒരോന്നായി സ്ഥലം വിട്ടു. ഗജേന്ദ്രന്‍ ഒറ്റയ്ക്കായി. ജീവന്മരണപോരാട്ടം തുടർന്നെങ്കിലും പ്രയോജനമുണ്ടായില്ല. ആയിരം സംവൽസരം ഗജേന്ദ്രൻ ആ നില നിന്നു. അതിനു ശേഷം ഗതികെട്ട് ഗജേന്ദ്രന്‍ വിഷ്ണു ഭഗവാനെ ധ്യാനിക്കാൻ തുടങ്ങി.

ഒടുവിൽ ആപൽ ബാന്ധവനായ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. രക്ഷകനായെത്തിയ ഭഗവാന് തുമ്പിക്കൈ കൊണ്ട് താമരപ്പൂ ഇറുത്ത് നേദിച്ച് ഗജേന്ദ്രൻ എതിരേറ്റു. ഇത് കണ്ട് പൂർണ്ണ തൃപ്തനായ ഭഗവാൻ തന്റെ സുദർശന ചക്രം കൊണ്ട് മുതലയെ വധിച്ച് ഗജേന്ദ്രനെ രക്ഷിച്ച് സാരൂപ്യ മുക്തി നൽകി വൈകുണ്ഠത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിന് മുൻപ് ഭഗവാനാണ് ഗജേന്ദ്രനോട് പൂർവ്വ ജന്മത്തിൽ ഇന്ദ്രദ്യുമ്‌നായിരുന്നുവെന്നും അഗസ്ത്യ ശാപത്താലാണ് ഗജം ആയതെന്നും പറഞ്ഞത്. ഈ സന്ദർഭത്തിൽ ഗജേന്ദ്രൻ ശ്രീമഹാവിഷ്ണുവിനെ കീർത്തിച്ചതാണ് പ്രസിദ്ധമായ ഗജേന്ദ്ര സ്തുതി. ഗജേന്ദ്രമോക്ഷം സ്തുതി എല്ലാ പ്രഭാതത്തിലും പ്രകീർത്തിക്കുന്ന ഏതൊരാൾക്കും ശ്രേയസ്‌ ഉണ്ടാകുമെന്ന് മേല്പത്തൂർ നാരായണഭട്ടതിരി നാരായണീയത്തിൽ പറയുന്നുണ്ട്.

വളരെ വലിയ സന്ദേശമാണ് ഗൂഢാർത്ഥങ്ങൾ നിറഞ്ഞ ഈ കഥ നല്‍കുന്നതെന്ന് ആചാര്യന്മാർ വ്യാഖ്യാനിക്കുന്നു. ഇതിലെ ഗജേന്ദ്രൻ മനുഷ്യനാണ്; മുതല പാപമാകുന്നു. അത് കിടക്കുന്ന ചെളി നിറഞ്ഞ തടാകം സംസാരം ജീവിതമാണ് – ഇതാണ് ഈ കഥയിലെ പ്രധാന പ്രതീകങ്ങൾ. ഭൗതിക മോഹങ്ങൾ, അജ്ഞത, അഹന്ത ഇതെല്ലാം ചേർന്ന പാപക്കൂമ്പാരം മനുഷ്യനെ ചെളിയിലേക്ക് വലിച്ചു താഴ്ത്തുന്നു. ഒടുവിൽ ഭഗവാനെത്തി മോക്ഷമേകും വരെ അവർ ജനന മരണങ്ങളുടെ ചാക്രിതയിൽ പെട്ട് ദുരിതം അനുഭവിക്കുന്നു.

മിക്ക വ്യക്തികളും കരബലം കൊണ്ട്, അല്ലെങ്കിൽ ആയുധബലം കൊണ്ട് അതുമല്ലെങ്കിൽ അധികാര ബലം കൊണ്ട് തങ്ങൾ വളരെ ശക്തരാണെന്ന് അഹങ്കരിച്ച് കഴിയുന്നു. തനിക്ക് ഒരാപത്തും വരില്ലെന്നും ചിന്തിക്കുന്നു. അഥവാ എന്ത് പ്രശ്നം ഉണ്ടായാലും അത് നിസാരമായി കൈകാര്യം ചെയ്യാമെന്നും കരുതുന്നു. എന്നാൽ പതനങ്ങളില്‍ അകപ്പെടുമ്പോൾ അതിൽ നിന്നും കരകയറാന്‍ കഴിയാതെ വരും. അപ്പോൾ സഹായികൾ രക്ഷിക്കുമെന്ന് കരുതും. അവരും അവരുടെ വഴി നോക്കിപ്പോകും. അവസാനം ആരും രക്ഷിക്കാൻ വരില്ലെന്ന് മനസിലാകുമ്പോൾ മൃഗീയമായ അഹങ്കാരമെല്ലാം പോകും. തന്നെ രക്ഷിക്കണേ എന്ന് കൈകൂപ്പി ഭഗവാനോട് യാചിക്കും. ദീനമായ ആ വിളി പരമ കാരുണ്യവാനായ ദൈവം കേൾക്കും. മാനിക്കേണ്ടവരെ മാനിക്കണം, ഒരു തീപ്പൊരി മതി, നിസാരമായ ഒരു സംഭവം മതി ജീവിതം കീഴ്മേൽ മറിയാൻ, അഹങ്കാരത്തിന്റെ ഫലം ആപത്താണ്. അപ്രതീക്ഷിത വീഴ്ചകള്‍ പലപ്പോഴും സല്‍ബുദ്ധി പ്രദാനം ചെയ്യും, നമ്മൾ എത്ര നിസ്സാരരാണെ‌ന്ന് ആ വീഴ്ചകൾ പഠിപ്പിക്കും. അഹന്ത മൊത്താം ഒഴിഞ്ഞാൽ മാത്രമേ ഏത് അപകടത്തിൽ നിന്നും നമുക്ക് കരകയറാൻ കഴിയൂ, അപ്പോൾ മാത്രമേ ഭഗവാൻ മനസിൽ ജനിക്കൂ, മോക്ഷത്തിന്റെ വാതിൽ തുറക്കൂ എന്നെല്ലാം പറയാതെ പറയുന്ന ഈ കഥ ഏവരും ശരിയായ അർത്ഥത്തിൽ ഹൃദിസ്ഥമാക്കുക തന്നെ വേണം.

ഗജേന്ദ്രമോക്ഷം ഇതിവൃത്തമാക്കി ധാരാളം കൃതികൾ പ്രചാരത്തിലുണ്ട്. ഇതിന് പുറമെ ശിൽപങ്ങളും ചിത്രങ്ങളും ഉണ്ട്. ഗജേന്ദ്രമോക്ഷം എന്നൊരു കൃതി സാക്ഷാൽ മേല്പത്തൂർ നാരായണഭട്ടതിരി തന്നെ രചിച്ചിട്ടുണ്ട്. കേരളവർമ്മത്തമ്പുരാൻ ഗജേന്ദ്രമോക്ഷം എന്ന ആട്ടക്കഥ രചിച്ചിട്ടുണ്ട്. ഗജേന്ദ്രമോക്ഷം ഇതിവൃത്തമാക്കി തുള്ളൽകൃതിയും വഞ്ചിപ്പാട്ടും പ്രചാരത്തിലുണ്ട്. ഈ കഥ അടിസ്ഥാനമാക്കി വരച്ച ഏറ്റവും വലിയ ചുവർ ചിത്രം കൃഷ്ണപുരം കൊട്ടാരത്തിലാണ്. പല ക്ഷേത്രങ്ങളിലും ഗജേന്ദ്രമോക്ഷം കഥ ചിത്രീകരിച്ചിട്ടുണ്ട് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലും മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലും ഗജേന്ദ്രമോക്ഷവിഷ്ണുവിന്റെ കരിങ്കൽ ശിൽപങ്ങൾ കാണാം.

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088

error: Content is protected !!