ഗണപതിയുടെയും, ഹനുമാൻ്റെയും ഭക്തരെ ശനി ഉപദ്രവിക്കാത്തതിന്റെ കാരണം
മനുഷ്യരെ മാത്രമല്ല സകല ദേവതകളെയും ശനി പിടികൂടാറുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ശനി ബാധിക്കാത്തവരില്ല. ശനിക്ക് ഈശ്വര പദം നൽകിയ ഭഗവാൻ ശ്രീപരമേശ്വരനെപ്പോലും മന്ദൻ വട്ടംകറക്കിയതായി പുരാണ കഥകളുണ്ട്. മനുഷ്യനായാലും, ഈശ്വരനായാലും ശനി ബാധിക്കേണ്ട സമയത്ത് ബാധിച്ചിരിക്കും. അത് തടയുവാനാകില്ല. തന്നെ ശനി ബാധിക്കാന്‍ പോകുകയാണെന്ന് മനസിലായ ശിവന്‍ ഓവില്‍ ഒളിച്ചിരുന്നു എന്നാണ് കഥ. ശനിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓവിൽ തവളയുടെ രൂപത്തിൽ ഒളിച്ചിരുന്നിട്ടും ഭഗവാന് കണ്ണിൽ ദർഭ കൊണ്ട് കുത്തു കിട്ടി വേദനകൊണ്ട് പുളഞ്ഞു. ഓവിൽ വെള്ളം ഒഴുകാതെ വന്നപ്പോൾ ക്ഷേത്രത്തിലെ പൂജാരി ഭർഭ കൊണ്ട് കുത്തി തടസം മാറ്റിയപ്പോഴാണത്രെ തവളയുടെ കണ്ണിൽ കുത്തു കൊണ്ടത്. ശനിദോഷ കാലം കഴിഞ്ഞപ്പോള്‍ തന്‍റെ പുത്രനും ജ്യോതിഷത്തിന്‍റെ കാരകനുമായ സുബ്രഹ്മണ്യനോട് ശ്രീപരമേശ്വരന്‍ ചോദിച്ചു: ഒളിച്ചിരുന്ന എന്നെ എന്തേ ശനി ബാധിക്കാഞ്ഞത്? മുരുകൻ പറഞ്ഞു: ഭഗവാനെയും ശനി ബാധിച്ചു : അതിനാലാണ് കൈലാസത്തില്‍ വാഴേണ്ട അങ്ങ് ശനിദോഷ സമയത്ത് ക്ഷേത്രത്തിലെ ഓവില്‍ കഴിഞ്ഞത്.
എന്നാൽ ഗണപതി ഭഗവാനോടും ഹുനുമാൻ ദേവനോടും കളിച്ചപ്പോൾ ശനിക്ക് ശരിക്കും നൊന്തു. മേലിൽ അവരെ ഉപദ്രവിക്കില്ലെന്ന് പറഞ്ഞ് കേണപേക്ഷിച്ചിട്ടും ഗണപതിയും ഹനുമാനും ശനിയെ വിട്ടില്ല. ഒടുവിൽ അവരുടെ ഭക്തരെയും ശല്യം ചെയ്യില്ലെന്ന് സത്യം ചെയ്ത ശേഷമാണ് ശനിക്ക് തല ഊരാൻ പറ്റിയത്. ആ കഥ ഇങ്ങനെ:ഒരിക്കൽ കണക്ക് പുസ്തകം നോക്കിയപ്പോള്‍ ഗണപതിയെ ബാധിക്കേണ്ട സമയം അതിക്രമിച്ചു എന്ന് ശനി മനസ്സിലാക്കി. ഗണേശന്‍ ബുദ്ധിശാലിയാണ്, സദാ ജാഗരൂകനാണ് എന്ന് ശനിക്ക് അറിയാമായിരുന്നു. അതിനാല്‍ തന്ത്രപൂർവം സമീപിക്കാം എന്ന് കരുതി ഒരു വൃദ്ധ ബ്രാഹ്മണന്റെ വേഷത്തില്‍ അടുത്തെത്തി പറഞ്ഞു: ഞാന്‍ ശനിദേവന്‍ ആണ്, അങ്ങയെ സന്ദര്‍ശിക്കാന്‍ വന്നതാണ് .
“എനിക്കത്ര വിശ്വാസം പോര, അങ്ങയുടെ കൈ കാണട്ടെ.” വിഘ്നേശ്വരൻ പറഞ്ഞു . ശനിദേവൻ കൈ കാണിച്ചു കൊടുത്തു. ആ കൈ വെള്ളയില്‍ ഗണപതി തന്റെ തുമ്പിക്കൈകൊണ്ട് കുറിച്ചു: നാളെ. തന്റെ കയ്യില്‍ നോക്കി ശനി വായിച്ചു: നാളെ ? “അതെ, ഇന്ന് കുറച്ച് തിരക്കാണ് നാളെ വരുക”, ഗണേശന്‍ ശനിയോട് പറഞ്ഞു. ശനിദേവന്‍ പിറ്റേന്ന് സന്തോഷത്തോടെ ഗണപതിയെ സമീപിച്ചു. ഒന്നും അറിയാത്ത രീതിയില്‍ ഗണേശന്‍ ചോദിച്ചു: എന്താ? ശനി കാര്യം ആവര്‍ത്തിച്ചു. “കൈവെള്ളയില്‍ നോക്കൂ.” ഗണപതി പറഞ്ഞു.
ശനി കയ്യില്‍ നോക്കി വായിച്ചു: നാളെ. ഗണേശനും ആവര്‍ത്തിച്ചു: നാളെ. അപ്പോഴാണ് ഗണേശന്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് ശനിക്ക് മനസിലായത്. ദേഷ്യം വന്ന ശനി തന്റെ കയ്യില്‍ എഴുതിയ നാളെ മായ്ക്കാന്‍ ശ്രമിച്ചു. എത്ര പണിപ്പെട്ടിട്ടും മാഞ്ഞില്ല. എങ്ങനെ മായും, എഴുതിയത് സാക്ഷാല്‍ ഗണപതിയുടെ തുമ്പിക്കരം കൊണ്ടല്ലെ ?
ദേഷ്യവും നിരാശയും കൊണ്ട് ശനി വിറച്ചു; വിയര്‍ത്തു. ശനിയുടെ ഉച്ചിയില്‍ കെട്ടിവച്ചിരുന്ന കുടുമയും വിറച്ചു. ഇതു കണ്ട് അവിടെയുണ്ടായിരുന്ന ഹനുമാൻ ചിരിച്ചു. കലികയറിയ ശനി ഹനുമാനോട് പറഞ്ഞു: ചിരിക്കണ്ട നിന്നെയും ബാധിക്കേണ്ട സമയമായി. പറ്റുമെങ്കില്‍ തടഞ്ഞോ. എന്നാല്‍ നോക്കാമെന്ന് പറഞ്ഞ ഹനുമാൻപെട്ടെന്ന് ആകാശം മുട്ടെ വളര്‍ന്ന് തന്റെ മുന്നില്‍ നിന്ന ശനിയുടെ കുടുമയില്‍ പിടിച്ച് പൊക്കി വട്ടംകറക്കി. കഠിനമായ വേദനയാൽ ശനി ഉറക്കെക്കരഞ്ഞു. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. എന്നെ താഴെ ഇറക്കൂ. ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം. എന്നെ സന്ദര്‍ശിക്കാന്‍ വന്നിട്ട് വെറും കയ്യോടെ പോകുന്നത് ശരിയാണോ?, ഹനുമാൻ ചോദിച്ചു. ഹനുമാന്‍ തന്റെ യാചന കേൾക്കുന്നില്ല എന്ന് കണ്ട് ശനി ഗണപതിയെ വിളിച്ച് അപേക്ഷിച്ചു: നിങ്ങളെ രണ്ടുപേരേയും ഞാന്‍ ഉപദ്രവിക്കുകയില്ല. ദയവായി എന്നെ നിലത്തിറക്കാന്‍ പറയൂ ഗണേശാ.
ഹനുമാന്‍ പറഞ്ഞു ഞങ്ങളെ രണ്ടുപേരെ മാത്രമല്ല ഞങ്ങളുടെ ഭക്തരെയും തൊടുക പോലുമില്ലെന്ന് സത്യം ചെയ്യണം. ഞാന്‍ സത്യം ചെയ്യുന്നു, എന്നു പറഞ്ഞപ്പോൾ ശനിയെ ഹനുമാന്‍ താഴെ ഇറക്കി. തല താഴ്ത്തി അകന്നു പോയ ശനിയെ നോക്കി ഹനുമാന്‍ പുഞ്ചിരിച്ചു. അന്നുമുതല്‍ ശനിബാധ ഒഴിവാക്കാന്‍ എല്ലാ ശനിയാഴ്ചകളിലും ഭക്തര്‍ ഗണപതിക്കും ഹനുമാനും വഴിപാടുകള്‍ നടത്തി അവരുടെ അനുഗ്രഹം തേടുന്നു. ശനി ശല്യക്കാരനാണ് എന്ന് പൊതുവേ പറയാറുണ്ടെങ്കിലും സത്യത്തിൽ ശനി പലപ്പോഴും പലർക്കും ധാരാളം നല്ല കാര്യങ്ങളും ചെയ്യാറുണ്ട്. നമ്മുടെ ജന്മക്കൂറിന്റെ നാലിലും ഏഴിലും പത്തിലും ശനി വരുന്നത് കണ്ടകശനിക്കാലം. ജന്മക്കൂറിലും മുന്നിലും പിന്നിലുമായി ശനി സഞ്ചരിക്കുന്നത് ഏഴരശനിക്കാലം. എട്ടില്‍ ശനി നില്‍ക്കുന്ന അഷ്ടമശനിക്കാലം – ഈ ഘട്ടങ്ങളിലാണ് ഗോചരാൽ ശനി ബാധിക്കുന്നത്. അപ്പോൾ പലതരത്തിൽ കഷ്ടപ്പാടുകളുണ്ടാകും. എന്നാല്‍ അതിനു ശേഷം വിട്ട് പോകുമ്പോള്‍ എല്ലാ ഐശ്വര്യങ്ങളും ശനി നല്‍കും. ഇപ്പോൾ തുലാം (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ) കർക്കടകം (പുണർതം അവസാന കാൽ, പൂയം, ആയില്യം) മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ) കൂറുകാർക്ക് കണ്ടക ശനിയാണ്. ധനു, മകരം, കുംഭം (മൂലം, പൂരാടം, ഉത്രാടം,തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ ) കൂറുകാർ ഏഴര ശനിദോഷം അനുഭവിക്കുന്നു. മിഥുനം (മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ) കുറുകാർക്ക് അഷ്ടമശനിയാണ്. ശാസ്താവ്, ശിവൻ, ഹനുമാൻ, ഗണപതി ഭജനമാണ് ശനിദോഷം ഒഴിയാൻ ഏറ്റവും നല്ല മാർഗ്ഗം. ഇപ്പോൾ നിൽക്കുന്ന മകരം രാശിയിൽ നിന്നും 2022 ഏപ്രിൽ 28 നാണ് ശനി കുംഭം രാശിയിലേക്ക് മാറുന്നത്.