Sunday, 6 Oct 2024
AstroG.in

ഗായത്രി ജപിച്ചാൽ മറ്റ് ഉപാസന വേണ്ട; ശത്രുദോഷവും ദുരിതവും താനേ അകലും

ജ്യോതിഷരത്നം വേണു മഹാദേവ്

എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി. ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും ഗായത്രി മന്ത്രം കാണപ്പെടുന്നു. ഒരു വ്യക്തിക്ക് ഉപാസനാ ശക്തി ലഭിക്കാനുള്ള മാർഗ്ഗം ഗായത്രി ജപമാണ്. നമ്മുടെ ക്ഷേത്രങ്ങളിലെല്ലാമുളള ചൈതന്യം ഗായത്രിയുടേതാണ്.

ഈ മന്ത്രത്തിന്റെ ദേവതയായ ദേവിക്ക് അഞ്ച് മുഖവും പത്ത് കൈയുമുണ്ട്. മുത്ത്, പവിഴം, സ്വർണ്ണം, നീല, വെളുപ്പ് ഇങ്ങനെ അഞ്ച് വർണ്ണത്തിലുള്ള അഞ്ച് മുഖങ്ങളാണ് ഗായത്രി ദേവിക്ക്. ചന്ദ്രക്കല ധരിച്ച രത്‌നകിരിടവും വളരെ മനോഹരമായ രൂപലാവണ്യവും ഉണ്ട്. ഓരോ മുഖത്തിലും 3 നേത്രങ്ങൾ ഉണ്ട്. വരദം, അഭയം, തോട്ടി, ചാട്ട, വെളുത്ത തലയോട്ടി, കയർ, ശംഖ്, ചക്രം, 2 താമരപൂക്കൾ എന്നിവ ധരിച്ചിരിക്കുന്നു. ഇതാണ് ഗായത്രീദേവിയുടെ സ്വരൂപം.

ഗായത്രി മന്ത്രം എല്ലാ ദിവസവും ശാസ്ത്രീയമായി ജപിക്കുന്നവർക്ക് മറ്റ് യാതൊരു ഉപാസനയും വേണ്ട. ശത്രുദോഷവും ദുരിതവും അകറ്റാൻ ഒരു പരിഹാരവും അവർക്ക് ആവശ്യമില്ല. അത്ര ശക്തിയുണ്ട് ഗായത്രി മന്ത്രത്തിന്. ഗായത്രി ജപിക്കുന്നവർ സാധിക്കുമെങ്കിൽ മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. ബ്രഹ്മചര്യം നിർബന്ധമില്ല. മത്സ്യമാംസാദി ഉപേക്ഷിച്ച് സ്ഥിരമായി ഉപാസന ചെയ്യാൻ സധിക്കാത്തവർക്ക് മാസത്തിൽ ഒരു ദിവസം മാത്രമായും ഉപാസന ചെയ്യാം. പൗർണ്ണമി, കാർത്തിക, വെളുത്തപക്ഷ നവമി എന്നീ ദിവസങ്ങളിൽ സൗകര്യ പ്രദമായത് ഇതിന് തിരഞ്ഞെടുക്കാം.

ഗായത്രി മന്ത്രം ജപിക്കാതെ ഒരു മന്ത്രവും ഫലം തരില്ലെന്നാണ് വിശ്വാസം. നമ്മുടെ എല്ലാ നന്മയ്ക്കും കീർത്തിക്കും കാരണമായ ബുദ്ധിയെ പ്രചോദിപ്പിക്കണേ എന്നാണ് മന്ത്രത്തിലെ പ്രാര്‍ത്ഥനാവിഷയം. സൂര്യദേവനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഈ മന്ത്രം. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കണേ എന്നാണ്‌ പ്രാര്‍ത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്നും വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. അതുകൊണ്ടാണ് മന്ത്രത്തെ ഗായത്രി മന്ത്രം എന്ന് വിളിക്കുന്നത്. ഗായന്തം ത്രായതേ ഇതി ഗായത്രി – ഗായകനെ അതായത് ജപിക്കുന്നവനെ രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അത് ഗായത്രി എന്നു പ്രമാണം.

ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഈ മന്ത്രം.

ഗായത്രി മന്ത്രം
ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

പദാനുപദ വിവരണം
ഓം: പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ: ഭൂമി
ഭുവസ്: അന്തരീക്ഷം
സ്വർ: സ്വർഗം
തത് : ആ
സവിതുർ: ചൈതന്യം
വരേണ്യം: ശ്രേഷ്ഠമായ
ഭർഗസ്: ഊർജപ്രവാഹം
ദേവസ്യ: ദൈവികമായ
ധീമഹി: ഞങ്ങൾ ധ്യാനിക്കുന്നു
ധിയോ യോ ന: ബുദ്ധിയെ
പ്രചോദയാത്: പ്രചോദിപ്പിക്കട്ടെ

ഭൂ: ഭൂമി. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതില്‍ ഉള്ളതുകൊണ്ടാണ് ഭൂ: എന്ന നാമം സിദ്ധിച്ചത്.
ഭുവ: അന്തരീക്ഷം. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അര്‍ത്ഥമുണ്ട്.
സ്വ: സ്വര്‍ഗം. സുഷ്ഠു അവതി – നല്ലപോലെ പൂര്‍ണതയെ പ്രാപിക്കുന്നത് സ്വര്‍ഗം.
സവിതു: സവിതാവിന്റെ. ചൈതന്യം ചൊരിയുന്നവന്റെ, സൂര്യന്റെ.
വരേണ്യം: പ്രാര്‍ത്ഥിക്കപ്പെടുവാന്‍ യോഗ്യമായത് .
ഭര്‍ഗ: എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്.
ദേവസ്യ: ദേവന്റെ എന്നര്‍ഥം. ദീവ്യതി ഇതി ദേവ: – സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അര്‍ത്ഥം. അതിനാല്‍ പ്രകാശസ്വരൂപന്റെ എന്ന അര്‍ത്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.
ധീമഹി: ഞങ്ങള്‍ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അര്‍ത്ഥം.
ധിയ: ഇത് ദ്വിതീയ ബഹുവചനമായാല്‍ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.
: വൈദികപ്രയോഗമാകയാല്‍ ഈ സംബന്ധ സര്‍വനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അര്‍ത്ഥം പറയാം. ഇവിടെ യ: ഭര്‍ഗപദത്തിന്റെ വിശേഷണമാണ്.
: ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അര്‍ഥമുണ്ട്.
പ്രചോദയാത് : പ്രചോദിപ്പിക്കട്ടെ എന്നര്‍ഥം.

ഫലശ്രുതി
ഭക്തിയോടെ, ശ്രദ്ധയോടെയുള്ള ഗായത്രി മന്ത്രജപം ജീവിതം മാറ്റി മറിക്കും. ആദ്യം അത് മന:ശുദ്ധിയേകും. പിന്നെ നമ്മുടെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കും. ജീവിതത്തിൽ ധന – ധാന്യ സമൃദ്ധിയുണ്ടാക്കും. ആത്മീയ ഔന്നത്യത്തിലേക്ക് നമ്മെ നയിക്കും. എല്ലാ സിദ്ധികളും മോക്ഷവും നല്‍കും.

1008 ചുവന്ന മലര്‍കളാല്‍ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തും.

1008 തവണ ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ്വ പാപങ്ങളും അകലും.

ദിനംതോറും 1008 വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ഞാനം സിദ്ധിക്കും.

രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മം ലഭിക്കും. അഞ്ച് വര്‍ഷം ജപിച്ചാല്‍ ഇന്ദ്രനാവാം. ആറു വര്‍ഷം ജപിച്ചാല്‍ ബ്രഹ്മലോകവാസം ലഭിക്കും. ഏഴു വര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രിദേവിക്ക് ഒപ്പം ഐക്യപ്പെടാം എന്നാണ് വിശ്വാസം.

ഗണപതി, പാര്‍വതി, സൂര്യന്‍, ശിവന്‍ തുടങ്ങി പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ള ഒട്ടു മിക്ക ദേവതകള്‍ക്കും അവരുടേതായ പ്രത്യേകം ഗായത്രീമന്ത്രങ്ങള്‍ ഉണ്ട്.

ജ്യോതിഷരത്നം വേണു മഹാദേവ്,

+91 9847475559

Story Summary : Significance and Benefits of Gayatri Mantra Recitation

Copyright 2022 Neramonline.com. All rights reserved

error: Content is protected !!