Friday, 22 Nov 2024
AstroG.in

ഗായത്രി മന്ത്രം ജപിച്ചാൽ ശത്രുദോഷവും, ദുരിതവുമകറ്റാൻ മറ്റൊന്നും വേണ്ട

ജ്യോതിഷരത്നം വേണു മഹാദേവ്
മന്ത്രങ്ങളിൽ സർവശ്രേഷ്ഠമാണ് ഗായത്രിമന്ത്രം. ഈ മന്ത്രം ജപിക്കാതെയുള്ള ഒരു ജപവും പുർണ്ണമാകുന്നില്ല.
നിത്യേന ഗായത്രി മന്ത്രം വിധിപ്രകാരം ജപിക്കുന്നവർക്ക് മറ്റ് ഒരു ഉപാസനയുടെയും ആവശ്യമില്ലെന്നും പറയുന്നു.

ഏതൊരാൾക്കും ഗായത്രിമന്ത്രം ജപിക്കാൻ അവകാശം ഉണ്ട്. ജാതിയും മതവുമൊന്നും അതിന് ഒരു തടസ്സമല്ല.
ബ്രഹ്മചാരിക്കും ഗൃഹസ്ഥനും സന്ന്യാസിക്കും ഈ മന്ത്രം ജപിക്കാൻ അവകാശമുണ്ട്. ഒരു വ്യക്തിക്ക് ഉപാസനാ ബലം ലഭിക്കാനുള്ള മാർഗ്ഗം ഗായത്രി ജപമാണ്. നമ്മുടെ ക്ഷേത്രങ്ങളിലെ ചൈതന്യം ഗായത്രി ദേവിയുടേതാണ്.
ശത്രുദോഷം, ദുരിതം ഇവ അകറ്റാൻ മറ്റൊരു പരിഹാരം ഇത് ജപിക്കുന്ന വ്യക്തിക്ക് വേണ്ടി വരില്ല. അത്രമാത്രം ശക്തിയുണ്ട് ഗായത്രി മന്ത്രത്തിന്. ഈ മഹാമന്ത്രത്തിന്റെ അധിഷ്ഠാത്രി അഞ്ച് മുഖവും പത്ത് കൈകളുമുള്ള
ദേവിയാണ്

അതിരാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്നു വേണം ഗായത്രി ജപിക്കാൻ. കുളിച്ച് ശുദ്ധമായി ജപിക്കുന്നത് അത്യുത്തമം. അനാരോഗ്യമുള്ളവർക്ക് ദന്തശുദ്ധി വരുത്തി മുഖവും കൈകാലുകളും കഴുകിയ ശേഷം ജപിക്കാം. സുവ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഇത് ജപിക്കുന്നവർക്ക് അഷ്ടസിദ്ധികളും കരഗതമാകുമെന്നാണ് വിശ്വാസം. അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം എന്നിവയാണ് അഷ്ടസിദ്ധികൾ.

ആഗ്രഹം പോലെ ചെറുതാകാനുള്ള കഴിവാണ് അണിമ. ഇഷ്ടാനുസരണം വലുതാവാനുള്ള കഴിവാണ് മഹിമ. ഭാരമില്ലാത്തവനായി മാറാനുള്ള കഴിവാണ് ലഘിമ. ഏറെ ഭാരമുള്ളവനായി മാറാനുള്ള കഴിവാണ് ഗരിമ. ആരേയും തന്റെ ഇഷ്ടത്തിനനുസരിച്ചു കൊണ്ടുവരാനുള്ള പ്രത്യേക കഴിവാണ് ഈശിത്വം. എല്ലാവരേയും വശീകരിക്കാനുള്ള കഴിവാണ് വശിത്വം. പ്രാപ്തി എന്നാൽ മറ്റുള്ളവർക്ക് സ്പർശിക്കാൻ കഴിയാത്ത വസ്തുക്കളെ സ്പർശിക്കാൻ ഉള്ള കഴിവാണ്. ഭൂമിയുടെ ഉള്ളിലേക്ക് അന്തർദ്ധാനം ചെയ്യാനും ആഗ്രഹിക്കുമ്പോൾ പുറത്തേക്ക് വരാനുമുള്ള കഴിവിനെയാണ് പ്രകാശ്യം എന്നുപറയുന്നത്.

ഗായത്രി ജപിക്കുന്ന എണ്ണത്തിനനുസരിച്ച് ഓരോരോ ഫലങ്ങളാണ് ലഭിക്കുക എന്നാണ് വിശ്വാസം. നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നൽകുന്നു. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും.അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാം.

ഗായത്രിമന്ത്രം

ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന:
പ്രചോദയാത്

ഗായന്തം ത്രായതേ ഇതി ഗായത്രി – ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത് എന്ന് പറയാം ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം. മൂന്നുവേദങ്ങളിലും – ഋഗ്വേദം, യജുർവേദം, സാമവേദം കാണുന്ന ഗായത്രി മന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രി ഛന്ദസ്സിലാണ് ഇത് എഴുതിയിരിക്കുന്നത്. സൂര്യദേവനോടുള്ള പ്രാർത്ഥന ആയതിനാൽ ഇതിനെ സാവിത്രി എന്നും വിളിപ്പേരുണ്ട്.

പദാനുപദ വിവർത്തനം നോക്കാം. ഭൂഃ – ഭൂമി, ഭുവസ് – അന്തരീക്ഷം, സ്വർ – സ്വർഗം. തത് – ആ, സവിതുർ – സവിതാവിന്റെ സൂര്യന്റെ, വരേണ്യം – ശ്രേഷ്ഠമായ. ഭർഗസ് – ഊർജപ്രവാഹം പ്രകാശം, ദേവസ്യ – ദൈവികമായ, ധീമഹി – ഞങ്ങൾ ധ്യാനിക്കുന്നു യഃ – യാതൊന്ന് നഃ – ഞങ്ങളുടെ നമ്മളുടെ ധിയഃ – ബുദ്ധികളെ പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ. സർവ ശ്രേയസുകൾക്കും കാരണമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർത്ഥന. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യൻ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് സാരം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Story Summary Significance of The Most Powerful Mantra Gayatri

Copyright 2024 Neramonline.com. All rights reserved

error: Content is protected !!