Wednesday, 26 Jun 2024
AstroG.in

ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവ്; പഞ്ചാക്ഷരം പരബ്രഹ്മവും പഞ്ചഭൂതവും

ഒരു മന്ത്രത്തിന്‌ ബീജം, അക്ഷരം, ബീജാക്ഷരം എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളുണ്ട്‌. മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. പഞ്ചാക്ഷരീ മന്ത്രത്തില്‍ – നമഃ ശിവായ – അക്ഷരങ്ങള്‍ മാത്രമാണ്
ഉള്ളത്. ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കരുത്. മന്ത്രം ജപിക്കുന്നതിന്‌ മൂന്ന്‌ രീതികൾ
നിർദ്ദേശിക്കുന്നു.
1) മനസ്സുകൊണ്ട്‌ ജപിക്കേണ്ടത്
2) ഉറക്കെ ജപിക്കേണ്ടത്
3) ചുണ്ട് കൊണ്ട് ജപിക്കേണ്ടത്

മന്ത്രം ശരിയായ രീതിയിൽ ജപിക്കണമെങ്കില്‍ ഉത്തമനായ ഗുരുവിനെ ആവശ്യമാണ്. സാത്വികമായ മനസോടെ മന്ത്രസിദ്ധി സ്വീകരിച്ചിട്ടുള്ളവരെ മാത്രമേ ഉത്തമ ഗുരുവായി സ്വീകരിക്കാവൂ. ഏറ്റവും പ്രസിദ്ധമായ
മൂന്ന് മന്ത്രങ്ങൾ പരിചയപ്പെടാം:

ഗായത്രിമന്ത്രം
മന്ത്രങ്ങളുടെ മാതാവ എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. ഈ മന്ത്രം ജപിക്കാതെ ഒരു മന്ത്രവും ഫലം തരില്ലെന്നാണ് വിശ്വാസം. ഗായത്രി മന്ത്രോപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങള്‍ ജപിക്കാൻ ഒരു സാധകന് അര്‍ഹതയുള്ളവനാക്കൂ എന്നാണ് വിശ്വാസം. മൂന്നുവേദങ്ങളിലും കാണുന്ന – ഋഗ്വേദം, യജുര്‍വേദം, സാമവേദം വൈദികമന്ത്രമാണ് ഗായത്രി. സാധാരണ ഉപനയന സമയത്ത് ഗുരുപദേശമായി ലഭിക്കുന്ന ഈ മന്ത്രം സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യദേവനാണ്‌ സവിതാവ്‌. പ്രകാശം പരത്തുമ്പോലെ നമ്മുടെ ബുദ്ധിയേയും (ധീ) സൂര്യഭഗവാന്‍ പ്രകാശിപ്പിക്കട്ടെ എന്നാണ് ഈ പ്രാര്‍ത്ഥന. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രിമന്ത്രം എന്നും പറയാം. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അത് ഉപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോള്‍ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേര് ഗായത്രി എന്നായി മാറി. ഗായന്തം ത്രായതേ ഇതി ഗായത്രി – ഗായകനെ അതായത് (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പൊരുൾ. ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനാണ്. എല്ലാ ശ്രേയസിനും കാർണമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ത്ഥന. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. ഗാനം ചെയ്യുന്ന ഒരുവനെ ത്രാണനം ചെയ്യുന്നത് എന്നണ് ഗായത്രി എന്ന ശബ്ദത്തിന് അര്‍ത്ഥം പറയുന്നത്.

ഗായത്രി മന്ത്രം
ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

മന്ത്രാര്‍ത്ഥം
ഓം – പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ – ഭൂമി
ഭുവസ് – അന്തരീക്ഷം
സ്വര്‍ – സ്വര്‍ഗം
തത് – ആ
സവിതുര്‍ – ചൈതന്യം
വരേണ്യം – ശ്രേഷ്ഠമായ
ഭര്‍ഗസ് – ഊര്‍ജപ്രവാഹം
ദേവസ്യ – ദൈവികമായ
ധീമഹി – ഞങ്ങള്‍ ധ്യാനിക്കുന്നു
ധിയോ യോ ന – ബുദ്ധിയെ
പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ.

പഞ്ചാക്ഷര മന്ത്രം
പരബ്രഹ്മവും പഞ്ചഭൂതവും
ഓം നമഃ ശിവായ എന്ന പഞ്ചാക്ഷര മന്ത്രത്തിൽ പരബ്രഹ്മവും പഞ്ചഭൂതങ്ങളും കുടി കൊള്ളുന്നു. ഓം എന്ന പ്രണവം പരബ്രഹ്മമാണ്. മറ്റ് അഞ്ചക്ഷരങ്ങളിൽ പഞ്ചഭൂതങ്ങളുണ്ട്. പൃദ്ധി, അപ്, തേജോ, വായു, ആകാശം. ഇവ അഞ്ചും അടങ്ങിയതാണ് പരമേശ്വരൻ. ഈ അഞ്ചു ശക്തികൾ പരമേശ്വരന്‍റെ അഞ്ചു മുഖങ്ങള്‍ ആണെന്ന് പറയപ്പെടുന്നു. പഞ്ചാക്ഷര മന്ത്രം അർത്ഥം അറിഞ്ഞ് ജപിച്ചാല്‍ ഭോഗവും ആത്മാക്കള്‍ക്ക് മോക്ഷവും പ്രാപിക്കാം.

ഓം നമഃ ശിവായ
ഓം പ്രണവം
ന: കാരം പൃദ്ധ്വി – ബ്രഹ്മ ബീജം
മ കാരം ജലം – വിഷ്ണു ബീജം
ശി കാരം തേജസ്സ് – രുദ്ര ബീജം
വ കാരം വായു – മഹേശ്വര ബീജം
യ കാരം ആകാശം – സദാശിവ ബീജം

മഹാമൃത്യുഞ്ജയ മന്ത്രം
മൃത്യുവിനെ അതിജീവിക്കും നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ കഴിയുന്നതാണ് മഹാമൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ മൃത്യുവിനെ അതിജീവിക്കാൻ പാകത്തിലുള്ളതാണ്. ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാം. കുറഞ്ഞത്‌ ഒരു തവണയെങ്കിലും ജപിക്കുന്നത്‌ നല്ലത്. വളരെ ശക്തമായ ഒരു മന്ത്രമായി കരുതപ്പെടുന്നതിനാല്‍ത്തന്നെ ഇത് ജപിക്കുന്ന സമയത്ത് ശാരീരികമായും മാനസികമായും ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലെ വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കും. പേരാല്‍, അമൃത്, എള്ള്, കറുക, നെയ്യ്, പാല്‍, പാല്‍പ്പായസം എന്നിവയാണ് മൃത്യുഞ്ജയ ഹോമത്തില്‍ ഹവനം ചെയ്യുന്നത്. സാധാരണ മൃത്യുഞ്ജയ ഹോമത്തില്‍ 144 തവണ വീതമാണ് സപ്ത ദ്രവ്യങ്ങള്‍ ഹോമിക്കുന്നത്. ഏഴു ദിവസത്തെ മൃത്യുഞ്ജയ ഹോമമായി മഹാമൃത്യുഞ്ജയഹോമം നടത്താറുണ്ട്. ആവശ്യത്തിൻ്റെ പ്രാധാന്യം അനുസരിച്ച് ഹോമത്തിന്‍റെ ദിന ദൈര്‍ഘ്യവും ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്ന തവണയും നിശ്ചയിക്കുന്നു.രോഗ ദുരിതങ്ങൾ അല്ലെങ്കില്‍ ദശാസന്ധി ദോഷം എന്നിവയുടെ പരിഹാരമായാണ് മഹാമൃത്യുജ്ഞയ ഹോമം നടത്തുക. ജാതകന്‍റെ ജന്മ നക്ഷത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് വളരെ ഫലപ്രദമാണ്.

മഹാമൃത്യുഞ്ജയ മന്ത്രം

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്

മന്ത്രാര്‍ത്ഥം

പൂർണ്ണ വളർച്ച നേടിയ ശേഷം വെള്ളരിവളളിയില്‍ നിന്ന്
വെള്ളരിക്ക സ്വയം ഊര്‍ന്നു മാറും പോലെ മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ. എന്‍റെ മരണം സ്വാഭാവികമാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കണേ. ഈ ജന്മത്തിൽ നിയോഗിക്കപ്പെട്ട കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌. അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്തിയിലേക്കുള്ള മാര്‍ഗമായി ഇതിനെ കാണക്കാക്കാം.

ജോതിഷി പ്രഭാ സീന സി.പി
+91 9961 442256
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)

Summary: Significance and Meaning of Three Powerful Mantras: Gayatri Mantra, Panchakshari Mantra and Maha Mrityunjay Mantra by Prabha Seena

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!