Tuesday, 3 Dec 2024
AstroG.in

ഗുരുപദേശമില്ലാതെ ആർക്കും ജപിക്കാവുന്ന മന്ത്രങ്ങള്‍

ഗുരുവിന്റെ ഉപദേശമില്ലാതെ മന:ശുദ്ധി, ശരീരശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തിഭാവം, വിശ്വാസം എന്നീ നിഷ്ഠകളോടെ ആർക്കും ജപിക്കാവുന്ന മന്ത്രങ്ങളാണ് സിദ്ധമന്ത്രങ്ങള്‍.  ജപിക്കുന്നവരെ  രക്ഷിക്കുന്നതാണ് മന്ത്രങ്ങൾ. ദേവതാ സങ്കല്പങ്ങളുടെ പ്രതീകമാണത്. ആ ദേവതാശക്തിയുടെ അല്ലെങ്കിൽ പരമാത്മാവിന്റെ നാദരൂപമാണത്. എന്തിനോട് കൂടി ഓം ചേർന്നാലും അത് മന്ത്രമാകും. ഭൂതവും ഭാവിയും വർത്തമാനവുമായിട്ടുള്ളതെല്ലാം ഓംകാരമാണ്. എല്ലാ മന്ത്രങ്ങളുടെയും അടിസ്ഥാനം പ്രണവം അഥവാ ഓംകാരമാണ്.
പ്രപഞ്ചത്തിലെ ഏത് ശക്തിക്കും അതിന്റെ നാദമുണ്ട്. അത്  സാധാരണക്കാർക്ക് തിരിച്ചറിയാൻ കഴിയില്ല; അനന്തമായ യോഗശക്തി നേടിയ ദിവ്യാത്മാക്കൾക്ക്  അത് മനസ്സിലാക്കാനാകും. അവരാണ്  ഓരോ ശക്തിക്കും ചേർന്ന മന്ത്രങ്ങൾ ഗ്രഹിച്ചതും മന്ത്രങ്ങളാക്കി  രേഖപ്പെടുത്തിയതും. 

ശബ്ദം രൂപത്തെ സൃഷ്ടിക്കുന്നു; ഒരോ രീതിയിലുള്ള ശബ്ദ സ്പന്ദനവും അതാത് രീതിയിലെ രൂപങ്ങളെ സൃഷ്ടിക്കുന്നു എന്നാണ് പ്രമാണം. പഞ്ചാക്ഷര മന്ത്രം ശിവരൂപവും അഷ്ടാക്ഷര  മന്ത്രം വിഷ്ണുരൂപവും സൃഷ്ടിക്കും. ഒരു മന്ത്രം നിരന്തരം ജപിച്ചാൽ ആർക്കും അത് സാക്ഷാത്കരിക്കാൻ സാധിക്കും. 

മനസ്സിനെ ഏകാഗ്രമാക്കി ഭഗവാനിൽ ഉറപ്പിച്ചു നിറുത്തുന്നതിനുള്ള ശ്രമമാണ് ജപം. മന്ത്രജപത്തിന്റെയും നാമജപത്തിന്റെയുമെല്ലാം ലക്ഷ്യം ഏകാഗ്രതയിലൂടെ  മനസ്സിനെ ഉറപ്പിച്ച് മുന്നേറി ഈശ്വരസാക്ഷാത്കാരം നേടുകയാണ്. ജപത്തിന് ചിട്ട വേണം. മന്ത്രത്തിന്റെ അർത്ഥവും പൊരുളും വ്യാപ്തിയും ഉച്ചാരണവും അറിഞ്ഞെങ്കിൽ മാത്രമേ ഈ ചിട്ട ആർജ്ജിക്കാൻ സാധിക്കൂ. ഒരു നല്ല ഗുരുവുണ്ടെങ്കിലേ ഇതെല്ലാം ശരിയായ രീതിയിൽ പകർന്നു കിട്ടൂ. ശരിയായ രീതിയിൽ സമീപിച്ചാൽ മാത്രമേ മന്ത്രങ്ങളുടെ ആത്മാവിനെ സ്പർശിച്ച് ലക്ഷ്യത്തിൽ എത്താൻ കഴിയൂ. അതുകൊണ്ടാണ് ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിക്കണമെന്ന് നിഷ്കർഷിക്കപ്പെടുന്നത്. 
പ്രത്യേക ലക്ഷ്യത്തോടെയുള്ള മന്തജപത്തിന് മാത്രമേ പൊതുവേ ഇത് ബാധകമാകൂ.  നിത്യപ്രാർത്ഥനയ്ക്ക് പ്രത്യേകിച്ച് മന്ത്രോപദേശം ആവശ്യമില്ലാത്ത, ആർക്കും ജപിക്കാവുന്ന ചില മന്ത്രങ്ങളുണ്ട്. സിദ്ധമന്ത്രങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. എന്നാൽശരീരശുദ്ധിയും മനശുദ്ധിയും ശ്രദ്ധയും ഭക്തിയും വിശ്വാസവും ഏകഗ്രതയും സിദ്ധമന്ത്രങ്ങൾ ജപിക്കുന്നതിനും നിർബന്ധമാണ്.

സിദ്ധമന്ത്രങ്ങൾക്ക് പുറമെ ഗായത്രി മന്ത്രവും ഇത്തരത്തിൽ ആർക്കും ജപിക്കാം. ഒരോ ഗ്രഹങ്ങൾക്കും ദേവതകൾക്കുമുള്ള ഗായത്രികളെല്ലാം തന്നെ ഇങ്ങനെ ജപിക്കാം. 
ഏത് മന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ് എന്നിവയുണ്ട്. മന്ത്രം ആദ്യം ദർശിച്ച ഗുരുവാണ് ഋഷി. മന്ത്രത്തിലൂടെ ആരാധിക്കുന്ന ദേവത ഏതാണോ അതാണ് ദേവത. ഉച്ചാരണരീതി വ്യക്തമാക്കുന്നതാണ് ഛന്ദസ്. മന്ത്രങ്ങളെ സ്ത്രീ, പുരുഷ, നപുംസക മന്ത്രങ്ങളായി തിരിച്ചിട്ടുണ്ട്. അഭിവൃദ്ധിക്കും  രോഗശാന്തിക്കും ഉപയോഗിക്കുന്നത് സ്ത്രീ മന്ത്രങ്ങൾ; ഇത് സ്വാഹാ, വൌഷ്ട് എന്നിവയിൽ അവസാനിക്കുന്നു. ശക്തി കൂടിയ, ദോഷങ്ങൾ അകറ്റുന്നതിനുള്ളത് പുരുഷമന്ത്രങ്ങൾ; ഫട്, വഷ്ട് എന്നിങ്ങനെ ഇത് അവസാനിക്കുന്നു. സർവ്വം സമർപ്പണത്തിനുള്ള നമ:, ഹും എന്നിവയിൽ അവസാനിക്കുന്നവയാണ് നപുംസക മന്ത്രങ്ങൾ.

പ്രധാന സിദ്ധമന്ത്രങ്ങള്‍:

* ഓം ശ്രീ മഹാ ഗണപതയേ നമ:
* ഓം നമ: ശിവായ
* ഓം നമോ നാരായണായ
* ഓം നമോ ഭഗവതേ വാസുദേവായ
* ഹരി ഓം
* ഹരേ രാമ ഹരേ രാമ
   രാമ രാമ ഹരേ ഹരേ
   ഹരേ കൃഷ്ണ ഹരേ കൃഷ്ണ
   കൃഷ്ണ കൃഷ്ണ ഹരേ ഹരേ

error: Content is protected !!