Tuesday, 3 Dec 2024
AstroG.in

ഗുരുവായൂരപ്പന്റെ സന്നിധിയിൽവൈകിട്ടും രാത്രിയിലും വിവാഹം

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിലെ വിവാഹ മണ്ഡപത്തിൽ രാത്രിയിലും വിവാഹം നടത്താൻ ദേവസ്വം ഭരണസമതി യോഗം അനുമതി നൽകി. ഇപ്പോൾ പുലർച്ചെ 5 മണി മുതൽ ഉച്ച പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1:30 വരെയാണ് ക്ഷേത്രത്തിന് മുന്നിലെ മണ്ഡപത്തിൽ വിവാഹങ്ങൾ നടക്കുന്നത്. ശുഭ മുഹൂർത്തം ഉള്ള ദിവസങ്ങളിൽ നൂറു കണക്കിന് വിവാഹം ഇവിടെ പതിവാണ്. എന്നാൽ ഉച്ച തിരിഞ്ഞും രാത്രിയിലും വിവാഹം പതിവുള്ളതല്ല. കഴിഞ്ഞ ദിവസം ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമതി യോഗം രാത്രി വിവാഹത്തിന് അനുമതി നൽകിയെങ്കിലും രാത്രി എത്രമണിവരെയാണ് ക്ഷേത്ര മണ്ഡപത്തിൽ വിവാഹം നടത്താനാവുക എന്നതിൽ തീരുമാനമെടുത്തിട്ടില്ല. വൈകിട്ട് 4:30 തുറക്കുന്ന നട രാത്രി തൃപ്പുക കഴിഞ്ഞ് 9:15 നാണ് അടയ്ക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്ത് വിവാഹം പതിവില്ലാത്തതിനാൽ രാത്രിയിലും 9 മണിക്ക് ശേഷം വിവാഹത്തിന് അനുമതി നൽകാനിടയില്ല. ശുഭ മുഹൂർത്തമുണ്ടെങ്കിൽ രാപകൽ ഭേദമന്യേ ഏത് സമയത്തും വിവാഹം നടത്തുന്നതിൽ തെറ്റൊന്നും ഇല്ല എന്ന് ജ്യോതിഷ ആചാര്യന്മാർ പറയുന്നുണ്ട്. ഏകദേശം 60 വർഷങ്ങൾക്ക് മുൻപ് ഹൈന്ദവ വിവാഹങ്ങൾ രാത്രിയിൽ ധാരാളമായി കേരളത്തിലെ തറവാടുകളിൽ പതിവായിരുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ തീരുമാനത്തിന് പ്രേരണയായത് 2022 ഡിസംബർ 19 ന് വൈകിട്ട് 5 മണിക്ക് ക്ഷേത്ര മണ്ഡപത്തിൽ നടന്ന നായർ സമാജം ജനറൽ കൺവീനർ വി അച്യുതക്കുറുപ്പിന്റെ മകൻ്റെ വിവാഹമാണ്. ക്ഷേത്ര മണ്ഡപത്തിൽ വൈകിട്ട് വിവാഹം നടത്താൻ അനുമതി തേടി നൽകിയ അപേക്ഷ ദേവസ്വം യോഗം അനുവദിച്ചിരുന്നു. പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ആലോചിച്ചു വേണ്ട ക്രമീകരണങ്ങൾ നടത്താൻ ഗുരുവായൂർ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ് കുമാറിനെ യോഗം ചുമതലപ്പെടുത്തി. ഗുരുവായൂർ ദേവസ്വത്തിന്റെ ഈ തീരുമാനം ഇവിടെ മാത്രമല്ല കേരളത്തിലെമ്പാടും രാത്രി വിവാഹം വ്യാപകമാക്കാൻ കാരണമായേക്കാം.

Story Summary: Devaswom grants permission for wedding ceremony at night in Guruvayoor Temple Kalyana Mandapam

error: Content is protected !!