Friday, 22 Nov 2024
AstroG.in

ഗുരുവായൂരപ്പന് ചൊവ്വാഴ്ച കളഭാട്ടം; ദർശന സൗഭാഗ്യം ലഭിച്ചാൽ സർവൈശ്വര്യം

മംഗള ഗൗരി

മണ്ഡലകാല ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന വിശിഷ്ടമായ ഒരു ആഘോഷമാണ് കളഭാട്ടം. ഭഗവാന്റെ പാതാളാഞ്ജന ശിലയിൽ അമൂല്യമായ കളഭം നിറഞ്ഞെഴുകുന്ന സുദിനമാണിത്. വർഷത്തിൽ ഒരുനാൾ മാത്രം നടക്കുന്ന കളഭാട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എല്ലാ വർഷവും വൃശ്ചികം ഒന്നു മുതല്‍ ക്ഷേത്രത്തില്‍ നടക്കുന്ന 41 ദിവസത്തെ പഞ്ചഗവ്യ അഭിഷേകത്തിന് സമാപനം കുറിച്ചാണ് ധനുവിലെ മണ്ഡല പൂജാദിവസം ഗുരുവായൂരപ്പന് കളഭാട്ടം ചെയ്യുന്നത്. ഇത്തവണ ധനു 12, ഡിസംബർ 27 ചൊവ്വാഴ്ചയാണ് കളഭാട്ടം. ദിവസവും കളഭം ചാര്‍ത്താറുണ്ടെങ്കിലും അഭിഷേകം നടത്തുന്നത് ഈ ഒരു ദിവസം മാത്രമാണ്. ഈ കളഭാട്ടത്തിന് ധാരാളം പ്രത്യേകതകളുണ്ട്. എന്നും ചന്ദനത്തിൽ ചേർക്കുന്ന കുങ്കുമം, പച്ചക്കർപ്പൂരം, പനിനീർ എന്നിവയ്ക്ക് പുറമേ കസ്തൂരി കൂടി കളഭാട്ട നാളിൽ ഉപയോഗിക്കുന്നു.

40 ഉരുളയോളം കളഭമാണ് കളഭാട്ടത്തിന് കരുതുന്നത്. രാവിലെ 11 മണിയോടെ തന്ത്രിയാണ് കളഭം ഭഗവാന് അഭിഷേകം ചെയ്യുക. ഈ ദിവസം ക്ഷേത്രവും പരിസരവും കളഭ സുഗന്ധ പൂരിതമാകും. ക്ഷേത്രത്തിനകത്ത് തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാരായണ നാമ വിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് കളഭാട്ട ചടങ്ങ് നടക്കുക. കളഭാട്ടം കഴിഞ്ഞാൽ അടുത്ത ദിവസം പുലര്‍ച്ചെ നിര്‍മ്മാല്യം വരെ കളഭത്തില്‍ ആറാടി നില്‍ക്കുന്ന ഭഗവാനെ ഭക്തര്‍ക്ക് കണ്ട് തൊഴാനാകും. ഭഗവാന് അഭിഷേകം ചെയ്ത കളഭം അടുത്ത ദിവസം ഭക്തര്‍ക്ക് പ്രസാദമായി നൽകും. ഈ പ്രസാദം നേടാൻ വലിയ തിരക്കായിരിക്കും. ക്ഷേത്രത്തിലെ ഊരാളന്മാർ മുൻപ് നടത്തിയിരുന്ന കളഭാഭിഷേകം കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് ഇപ്പോൾ നടത്തുന്നത്.

പരമശിവന്റെ കല്പനയനുസരിച്ച് പരശുരാമന്റെ സാന്നിദ്ധ്യത്തിൽ ഗുരുവും വായുദേവനും കൂടി പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഗുരുവായൂർ ക്ഷേത്രത്തിലുള്ളത്. അതീവ ശ്രേഷ്ഠവും അത്യപൂർവ്വവുമായ വിഗ്രഹമാണിത്. മഹാവിഷ്ണു വൈകുണ്ഠത്തിൽ പൂജിച്ചിരുന്ന വിഗ്രഹം കൂടിയാണിത്. അജ്ഞനക്കല്ല് കൊണ്ട് നിർമ്മിച്ച ദിവ്യമായ ഈ വിഗ്രഹത്തിൽ ഭഗവാന്റെ ഇഷ്ടവഴിപാടായ കളഭാഭിഷേകം നടത്തുന്ന ദർശനസൗഭാഗ്യം ഏറെ പുണ്യകരമാണ്. കൂടാതെ ഗുരുവായൂരപ്പന് ചെയ്യുന്ന കളഭാഭിഷേക വഴിപാട് ദോഷശമനത്തിന് ഒപ്പം ആഗ്രഹസാഫല്യത്തിനും ഉത്തമമാണ്. കളഭാട്ടത്തിന്റെ ദർശനസൗഭാഗ്യം ലഭിച്ചാൽ സർവ്വദോഷങ്ങളും അകന്ന് സർവൈശ്വര്യങ്ങളും കൈവരും എന്നാണ് വിശ്വാസം.

ഉത്സവകാലത്ത് സഹസ്രകലശത്തിലൂടെയാണ് ഗുരുവായൂരപ്പന്റെ ചൈതന്യം വർദ്ധിക്കുന്നത്. എന്നാൽ മണ്ഡലകാലത്ത് പഞ്ചഗവ്യാഭിഷേകമാണ് ഭഗവാന്റെ
ചൈതന്യവർദ്ധനവിന് കാരണമാകുക. 40 ദിവസവും ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ് എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്ത് ഒരുക്കുന്ന പഞ്ചഗവ്യം പൂജിച്ച് ഓതിക്കന്മാരാണ് അഭിഷേകം ചെയ്യുന്നത്. ചൊവ്വാഴ്ച കളഭാട്ടത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ രാവിലെ കേളി, കാഴ്ച ശീവേലി എന്നിവയും അഭിഷേക സമയത്ത് പഞ്ചമദ്ദളകേളിയും മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കലാപരിപാടികളും ഉണ്ടാകും. ഉച്ചതിരിഞ്ഞ് കാഴ്ച ശീവേലിക്ക് പഞ്ചവാദ്യം, സന്ധ്യയ്ക്ക് ദീപാലങ്കാരം, തായമ്പക, രാത്രി ഇടയ്ക്ക നാഗസ്വരത്തോടെ മേളം, ചുറ്റുവിളക്ക് എന്നിവ നടക്കും.

Kalabhattam: Special ritual at Guruvayoor Sree Krishna Temple

error: Content is protected !!