Sunday, 6 Oct 2024
AstroG.in

ഗുരുവായൂരിൽ ആനയില്ലാശീവേലി കഴിഞ്ഞ് സംഭവിച്ച അത്ഭുതം

രാമയ്യർ പരമേശ്വരൻ
ഗുരുവായൂർ ഉത്സവത്തിലെ പരിപാവനവും കൗതുകകരവുമായ ആനയില്ലാശീവേലി കൊടിയേറ്റ ദിവസമായ തിങ്കളാഴ്ച രാവിലെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ആചരിച്ചു.

ഗജപ്രിയനാണ് ഗുരുവായൂരപ്പൻ. ഈ സന്നിധിയിൽ ആനയെ നടയിരുത്തിയ ഓരോരുത്തർക്കും ഭഗവാൻ ഓരോ അനുഭവം നൽകിയിട്ടുള്ളതും അത്ഭുതാവഹം തന്നെ. എന്നാൽ ഭഗവാന്റെ ഉത്സവത്തിന് ആനയില്ലാത്ത ഒരു സാഹചര്യം ഒരിക്കൽ ഉണ്ടായി.

ഭക്തന്മാരുടെ വേദന ഗുരുവായൂരപ്പൻ സഹിക്കില്ല. തിരുവഞ്ചിക്കുളത്തിനടുത്ത് തൃക്കണാമതിലകം ക്ഷേത്രത്തിന്റെ കീഴേടമായിരുന്നുവത്രെ ഗുരുവായൂർ ക്ഷേത്രം. അവിടുത്തെ ഉത്സവത്തിന് ആനകൾ ധാരാളത്തിലധികം. ഗുരുവായൂരിൽ ഒരാന പോലും ഇല്ലാത്ത അവസ്ഥ. കൊടിയേറ്റത്തിന്റെ അന്ന് രാവിലെ ഉഷശ്ശീവേലിക്ക് സമയമായി. പാണികൊട്ടി മേൽശാന്തി ഹവിസ്സ് തൂവി പുറത്തുകടന്നു. ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എടുത്ത് ശാന്തിക്കാരനും നാലമ്പലത്തിന് പുറത്തു വന്നു. അതുവരെ ആരും അതത്ര ശ്രദ്ധിച്ചില്ലായിരുന്നു. ഗുരുവായൂരപ്പനെ എഴുന്നള്ളിക്കാൻ ആനയില്ല.

എങ്കിലും ഭഗവാനെ എഴുന്നള്ളിച്ച ശാന്തിക്കാരനെ നാമ സങ്കീർത്തനവുമായി ഭക്തർ വലയം ചെയ്തു. കുത്തുവിളക്കുകളുമായി കഴകക്കാരും ഭഗവാന്റെ ചുറ്റും നിരന്നു. എല്ലാവരും നീങ്ങി. ശീവേലി വൈകരുതല്ലോ. 3 പ്രദക്ഷിണം വച്ച് വാദ്യമേളങ്ങളോടെ ഉഷശ്ശീവേലി പൂർത്തിയാക്കി. ഭക്തർ മനംനൊന്തു പ്രാർത്ഥിച്ചു: ഗുരുവായൂരപ്പാ..അവിടുത്തെ ഉത്സവത്തിന് ആനയില്ലായ്കയോ..അനുഗ്രഹിക്കണേ.. നാരായണാ…

മനമുരുകിയുള്ള ആ പ്രാർത്ഥന ഗുരുവായൂരപ്പൻ കേട്ടു. ഉച്ചപ്പൂജ കഴിഞ്ഞു. മേൽശാന്തി നടയടച്ചു. വിശ്രമത്തിന് പോയി. ആകാംഷയോടെ വ്യാകുലചിത്തരായ ഭക്തരുടെ പ്രാർത്ഥനാനിരതമായ കാത്തിരിപ്പ് ഫലിച്ചു. ദൂരെനിന്നും ചങ്ങല ശബ്ദം കേട്ടു. ക്ഷേത്രസന്നിധിയിലേക്ക് ഏതാനും ആനകൾ ഓടിവരുകയാണ്. അത്ഭുതകരമായ ആ കാഴ്ച കണ്ട് സന്തോഷാതിരേകത്താൽ ഭക്തരുടെ കണ്ണു നിറഞ്ഞു. അവർ നാമസങ്കീർത്തനത്തോടെ ആനകളെ സ്വീകരിച്ചു. ചിലർ ആനവിചാരിപ്പുകാരനായ മാതേമ്പാട്ട് കുടുംബത്തെ വിവരം ധരിപ്പിച്ചു. എല്ലാവരും ക്ഷേത്രസന്നിധിയിൽ ഓടിയെത്തി.

കണക്കെഴുത്തുകാരനായ കണ്ടിയൂർ പട്ടത്ത് നമ്പീശനോട് ഓടിയെത്തിയ ആനകളെ സ്വീകരിക്കാനും കൂടെയുള്ള പാപ്പാൻമാർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകാനും ഉത്സവത്തിന്റ എല്ലാ ചുമതലയുമുള്ള ഊരാളൻ മല്ലിശ്ശേരി നിർദ്ദേശം നൽകി. ആദ്യം ഓടിയെത്തിയ ഗജവീരനെ ഉത്സവക്കാലത്തെ ആദ്യത്തെ പത്ത് പ്രവർത്തികഴകക്കാരനായ ചൊവ്വല്ലൂർ വാരിയരോട് നിറപറയും നിലവിളക്കും വച്ച് സ്വീകരിപ്പാനും നിർദ്ദേശിച്ചു. ഓടിയെത്തിയ ആനകൾക്കെല്ലാം കുടമണികൾ അണിയാനും ഭക്തൻമാരുടെ ആകാംക്ഷക്ക് സന്തോഷം നൽകി ആദ്യം ഓടി വന്ന ഗജവീരന് പ്രത്യേക പരിഗണന നൽകാനും കണ്ടിയൂർപട്ടത്ത് നമ്പീശൻ മാതേമ്പാട്ട് നമ്പ്യാരെ ഏർപ്പാടാക്കി. ഭക്തർക്ക് സന്തോഷമായി. ആനകളും ആനക്കാരും വിശിഷ്യ ഭക്തജനങ്ങളും നാട്ടുപ്രമാണിമാരും അത്യുൽസാഹത്തോടെ നാമജപത്തോടെ ഗുരുവായൂരപ്പന് 7 പ്രദക്ഷിണം വച്ചു.

എന്തായാലും ഇതെല്ലാം വാസ്തവമാണെന്ന അനുഭവം വ്യക്തമാക്കുന്നതാണ് ഇന്നും നടന്നുവരുന്ന ചടങ്ങുകൾ. അന്ന് മുതൽക്കാണത്രെ ആന എത്തിയിട്ടുണ്ടോ എന്ന് നോക്കിയ ശേഷം വേണം നിത്യവും ശീവേലിക്ക് തയ്യാറാവാൻ എന്ന് അകം കോയ്മ നോക്കണമെന്ന നിബന്ധന ഏർപ്പാടാക്കിയത്.

ഇപ്പോൾ ഗുരുവായൂരപ്പന് 47ആനകൾ ഉണ്ടെങ്കിലും കൊടിയേറ്റ ദിവസം രാവിലെ ആനയില്ലാതെയാണ് പതിവ് ശീവേലി നടത്തുന്നത്. ഒരുപക്ഷെ ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് ആനയെയിരുത്തി കളഭം വഴിപാടിന് ഇത്രയധികം പ്രചാരം ലഭിച്ചത് ഈ അത്ഭുതകരമായ സംഭവത്തിന് ശേഷമായിരിക്കാമെന്ന് ഭക്തർ വിശ്വസിച്ചു വരുന്നു.
ആനയോട്ടത്തിന് ക്ഷേത്രപൂജാ സമ്പ്രദായങ്ങളുമായി ബന്ധമില്ലെങ്കിലും നട അടച്ച നേരത്താണ് ആനയോട്ടം നടക്കുന്നത്. ആനയോട്ടത്തിന് കുടമണികൾ എടുത്ത് നൽകുമ്പോൾ മല്ലിശ്ശേരിയുടെ അസാന്നിധ്യത്തിൽ കണ്ടിയൂർ പട്ടത്ത് നമ്പീശനാണ് മാതേമ്പാട്ട് നമ്പ്യാർക്ക് മണികൾ എടുത്ത് നൽകി ആനക്കാരെ ഏല്പിക്കുന്നത്. നിറപറ വെച്ച് സ്വീകരിക്കാൻ ചൊവ്വല്ലൂർ വാരിയരും സന്നിഹിതനാകുന്നുണ്ട്. ആനയോട്ടം എന്ന ചടങ്ങിൽ ആദ്യം ക്ഷേത്രത്തിൽ എത്തുന്ന ആനയെ മാരാർ ശംഖനാദം മുഴക്കി പത്ത്കാരൻ വാരിയർ സ്വീകരിക്കുന്നു. പത്ത് ദിവസവും പ്രത്യേക പരിഗണന നൽകുന്നതും ഭഗവാന്റ ചടങ്ങുകൾ മുടക്കംകൂടാതെ നടക്കണമെന്ന നിബന്ധന കൊണ്ടത്രെ.

ലേഖകൻ: രാമയ്യർ പരമേശ്വരൻ,
റിട്ട. മാനേജർ, ഗുരുവായൂർ ദേവസ്വം
ഫോട്ടോ: സരിത / ഭാവന

Story Summary: Myth behind elephant race festival at Guruvayoor

error: Content is protected !!