Sunday, 6 Oct 2024
AstroG.in

ഗുരുവായൂർ ആനയോട്ടം ചടങ്ങ്: കൊമ്പൻ രവി കൃഷ്ണൻ ഒന്നാമത്

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് ആരംഭം കുറിച്ച് തിങ്കളാഴ്ച നടന്ന ആനയോട്ടം ചടങ്ങിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി. ദേവദാസിനാണ് രണ്ടാ സ്ഥാനം. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടം പൂർത്തിയാക്കി ക്ഷേത്രത്തിലെത്തി.

ഉച്ചതിരിഞ്ഞ് കൃത്യം മൂന്നു മണിക്ക് ക്ഷേത്രത്തിൽ നാഴിക മണി 3 അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള കുടമണികൾ പാരമ്പര്യ അവകാശികളിൽ നിന്നും ഏറ്റു വാങ്ങി പാപ്പാൻമാർ മഞ്ചുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. മണികൾ ആനകൾക്ക് അണിയിച്ചതോടെ ശശിമാരാർ ശംഖ് ഊതി. അറിയിപ്പ് കിട്ടിയതോടെ കൊമ്പൻമാരായ രവികൃഷ്ണനും ദേവദാസും വിഷ്ണുവും ക്ഷേത്രം ലക്ഷ്യമാക്കി ഓടി. മൂന്ന് മണി ആറ് മിനിട്ടിനകം കൊമ്പൻ രവികൃഷ്ണൻ ഒന്നാമനായി ക്ഷേത്രഗോപുരം കടന്ന് ഗുരുവായൂരപ്പ സവിധത്തിലെത്തി ഭഗവദ് കടാക്ഷം നേടി. പിന്നാലെ ദേവദാസും അതു കഴിഞ്ഞ് വിഷ്ണുവുമെത്തി.
ഇനിയുള്ള ഉൽസവ നാളുകളിൽ ഗുരുവായൂരപ്പൻ്റെ സ്വർണ്ണ തിടമ്പേറ്റി ശീവേലി എഴുന്നള്ളാനുള്ള സൗഭാഗ്യം അങ്ങനെ രവികൃഷ്ണന് ലഭിച്ചു.

കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ 3 ആനകൾ മാത്രമായി ആനയോട്ട ചടങ്ങ് പരിമിതപ്പെടുത്തിയിരുന്നു. ചടങ്ങ് സുരക്ഷിതമാക്കാൻ ദേവസ്വം നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ചിത്രങ്ങൾ: സരിത സ്റ്റുഡിയോ, ഗുരുവായൂർ

Story Summary: Elephant race inaugurates the 10 day Guruvayoor Annual festival

error: Content is protected !!