ഗുരുവായൂർ ഏകാദശി നോറ്റാൽ സമ്പത്തും ഭാഗ്യവും ഐശ്വര്യവും പിന്നാലെ വരും
ടി. എസ്. ഉണ്ണി, പാലക്കാട്
വിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമമായ വ്രതമാണ് ഏകാദശി. കേരളീയ ആചാര പ്രകാരം വൃശ്ചിക മാസത്തിലെ രണ്ട് ഏകാദശികളും പ്രധാനമാണ്. ഇതിൽ വെളുത്തപക്ഷ ഏകാദശി ഉത്ഥാന ഏകാദശി അഥവാ ഗുരുവായൂര്‍ ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ശ്രീകൃഷ്ണ ആരാധനയ്ക്ക് അതി വിശേഷമാണ് ഈ ദിവസം. തൃപ്രയാർ ഏകാദശി എന്ന പേരിൽ പ്രസിദ്ധമായ വൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശി ശ്രീരാമദേവനാണ് അതിവിശേഷം.
ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട ആഘോഷമായ ഉത്ഥാന ഏകാദശിയുടെ ഒരു പ്രത്യേകത പവിത്രമായ മണ്ഡലകാലത്ത് ആഘോഷിക്കപ്പെടുന്നതാണ്. 2020 നവംബർ 25 ബുധനാഴ്ച ഗുരുവായൂർ ഏകാദശിവ്രതം നോറ്റാൽ ഒരു വർഷത്തെ എല്ലാ ഏകാദശി വ്രതവും അനുഷ്ഠിച്ച ഫലം ലഭിക്കുമെന്നാണ് വിഷ്ണു ഭക്തരുടെ വിശ്വാസം. ഈ ദിവസം വിഷ്ണു / ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തിയാൽ മറ്റ് ദിനങ്ങളിൽ നടത്തുന്നതിന്റെ അനേകം മടങ്ങ് പുണ്യം കിട്ടുമെന്നും കരുതുന്നു. ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചുള്ള വിളക്കുകൾ ഏകാദശിക്ക് ഒരു മാസം മുമ്പുതന്നെ ക്ഷേത്രത്തിൽ ആരംഭിക്കും. ഇതിൽ അഷ്ടമി, നവമി, ദശമി, ഏകാദശി വിളക്കുകളുടെ ദർശനം അതീവ ശ്രേഷ്ഠമാണ്.
ഗുരുവായൂർ ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശിക്ക് ബ്രാഹ്മമുഹൂർത്തത്തിൽ കൂത്തമ്പലത്തിൽ ദ്വാദശിപണം വയ്ക്കുക എന്നൊരു ചടങ്ങുണ്ട്. ഇതും ശ്രേഷ്ഠമാണ്. ഇങ്ങനെ ദ്വാദശി പണം സമർപ്പിക്കുന്ന ഭക്തരുടെ സാമ്പത്തിക ദുരിതങ്ങളെല്ലാം തീരുമെന്നാണ് വിശ്വാസം.
വിഷ്ണു ഭഗവാൻ യോഗ നിദ്രയിൽ നിന്നും ഉണർന്ന് എഴുന്നേൽക്കുന്ന ദിവസം എന്ന അർത്ഥത്തിലാണ് ഉത്ഥാന ഏകാദശി എന്ന് ഇതിനെ വിളിക്കുന്നത്. 4 മാസം മുൻപ് ശയന ഏകാദശിയിലാണ് ഭഗവാൻ നിദ്രയെ പുൽകിയത്. ഭഗവാനും തുളസി ദേവിയുമായുള്ള വിവാഹം ആചരിക്കുന്നതും പ്രബോധിനി ഏകാദശി എന്ന പേരിൽ ചില സ്ഥലങ്ങളിൽ അറിയപ്പെടുന്ന ഈ ദിവസമാണ്. നവംബർ 25 ബുധനാഴ്ച രാത്രി 10 മണി 34 മിനിട്ടിന് ഹരിവാസരം തുടങ്ങും. പിറ്റേന്ന് പകൽ 11 മണി 49 മിനിട്ടിന് അവസാനിക്കും. ഏകാദശി തിഥിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യ 15 നാഴികയും വരുന്ന സമയമാണ് ഹരിവാസരം.
ഉപവാസവും ഹരിവാസര സമയത്തെ വിഷ്ണു നാമജപവും വ്രതവുമാണ് ഏകാദശി ദിവസത്തെ പ്രധാന അനുഷ്ഠാനം. അന്ന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ പൂര്‍ണ്ണമായും ഉപവസിക്കണം. പ്രശ്നം ഉള്ളവർ പഴങ്ങളോ ലഘു ഭക്ഷണമോ കഴിച്ച് വ്രതം നോൽക്കണം. പകലുറക്കം പാടില്ല. ബ്രഹ്മചര്യനിഷ്ഠ പാലിക്കുക. ദശമി, ദ്വാദശി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. ചിട്ടയോടെ ഏകാദശി വ്രതം പാലിക്കുകയും, വിഷ്ണുഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ കഴിയുന്നത്ര തവണ ജപിക്കുകയും ചെയ്യണം. വിഷ്ണു സ്തോത്രങ്ങൾ വിഷ്ണു അഷ്ടോത്തരം തുടങ്ങിയവയെല്ലാം ജപിക്കണം. പ്രത്യേകിച്ച് ഹരിവാസരസമയത്ത് വിഷ്ണു പ്രീതിയിലൂടെ എല്ലാവിധ ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ഭൗതികജീവിതത്തില്‍ അളവറ്റ ഐശ്വര്യവും, അന്ത്യത്തില്‍ മോക്ഷവുമാണ് ഫലം.
എല്ലാ മാസത്തിലെയും രണ്ടു പക്ഷത്തിലെയും ഏകാദശി വ്രതമെടുത്താൽ പുണ്യവും ഭാഗ്യവും വർദ്ധിക്കും. ധനു മാസം കൃഷ്ണപക്ഷത്തിലെ ഉല്പത്തി ഏകാദശി ധനുവിലെ തന്നെ വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നിവയും ആചരണത്തിന് അതി വിശേഷമാണ്.
ടി.എസ്. ഉണ്ണി, പാലക്കാട്, +91 9847118340