ഗുരുവായൂർ ഏകാദശി, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്ര ഫലം
(2023 നവംബർ 19 – 25 )
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഗുരുവായൂർ ഏകാദശിയും തുളസിവിവാഹവും പ്രദോഷ വ്രതവുമാണ് ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ.
ഏകാദശി വ്രതാനുഷ്ഠാനത്തിലെ സുപ്രധാന ദിനങ്ങളിൽ ഒന്നാണ് ഗുരുവായൂർ ഏകാദശി. ഉത്ഥാന ഏകാദശി, പ്രബോധിനി ഏകാദശി, മോക്ഷദ ഏകാദശി, കാർത്തിക ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന ഈ ദിവസമാണ് വിഷ്ണു ഭഗവാൻ നാലു മാസത്തെ യോഗ നിദ്ര കഴിഞ്ഞ് ഉണർന്നെഴുന്നേൽക്കുന്നത്. ചതുർമാസ്യ വ്രതത്തിന് അവസാനം കുറിക്കുന്ന വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശി ദിവസം ഗീതാദിനമായും ആചരിക്കുന്നു.
2023 നവംബർ 23 വ്യാഴാഴ്ചയാണ് ഗുരുവായൂർഏകാദശി.
ഈ ദിവസം ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിൽ വിഷ്ണു ഭഗവാൻ ലക്ഷ്മീ സമേതം സന്നിഹിതനാകും എന്ന് വിശ്വസിക്കുന്നു. ഗുരുവായൂർ ഏകാദശി നോറ്റാൽ ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിച്ച ഫലം ലഭിക്കുമെന്നും പറയുന്നു.
നവംബർ 24 വെള്ളിയാഴ്ചയാണ് വൃശ്ചികത്തിലെ വെളുത്ത പ്രദോഷവും തുളസി വിവാഹവും. സന്ധ്യയ്ക്ക്
ത്രയോദശി തിഥി വരുന്ന ഈ ദിവസം ഉപവാസത്തോടെ പ്രദോഷ പൂജയിൽ പങ്കെടുക്കുന്നവർക്ക് ശിവപാർവതി പ്രീതി ലഭിക്കും. മഹാവിഷ്ണു അവതാരമായ ശ്രീകൃഷണനും ലക്ഷ്മീദേവിയുടെ അവതാരമായ വിശുദ്ധ തുളസിയും തമ്മിൽ വിവാഹിതരായ സുദിനം എന്ന സങ്കല്പത്തിലാണ് കാർത്തിക മാസത്തിലെ ദ്വാദശി നാൾ തുളസി വിവാഹപൂജയായി ആഘോഷിക്കുന്നത്. ഈ ആചരണത്തോടെയാണ് ഉത്തരേന്ത്യയിൽ വിവാഹ കാലം
തുടങ്ങുന്നത്. നവംബർ 25 ന് മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിൽ ആരംഭിക്കുന്ന വാരം നവംബർ 28 ന്
മേടക്കൂറിൽ ഭരണി നക്ഷത്രത്തിൽ അവസാനിക്കും.
ഈ ആഴ്ചത്തെ നക്ഷത്ര ഫലം :
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ദീർഘകാല നിക്ഷേപങ്ങൾ നടത്തുകയാണെങ്കിൽ നല്ല വരുമാനം ലഭിക്കും. വീട്ടിലെ മുതിർന്നവരോട് ആലോചിച്ച ശേഷം മാത്രം സുപ്രധാന തീരുമാനങ്ങൾ എടുക്കണം. ജോലിയിൽ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ സാധിക്കും. കുടുംബജീവിതം വളരെ നല്ലതായിരിക്കും. പങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ പരാജയപ്പെടും. ബന്ധങ്ങൾ കൂടുതൽ വഷളാകും. എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ക്ഷീണം കൂടും. ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടും. ദിവസവും 108 തവണ വീതം ഓം ഹം ഹനുമതേ നമഃ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2 )
മുമ്പ് ചതിച്ചവരെ ഒരു കാരണവശാലും വിശ്വസിക്കരുത്.
ബിസിനസ്സിൽ സാമ്പത്തിക നഷ്ടം നേരിടാൻ സാധ്യത
കാണുന്നു. പണമിടപാടിൽ ജാഗ്രതപാലിക്കുക. എപ്പോഴും
ഭാഗ്യം തുണയ്ക്കണമെന്നില്ല. കുടുംബത്തിൽ സന്താന
യോഗം കാണുന്നു. മാതാപിതാക്കളുടെ സഹായം കിട്ടും.
ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കണം. വിഷമങ്ങൾ
താൽക്കാലികം മാത്രമാണെന്നും സംഭവിച്ചതെല്ലാം നല്ല
കാര്യങ്ങളാണെന്നും മനസ്സിലാക്കും. ജോലിയിൽ നല്ല വാർത്ത കേൾക്കും. സഹപ്രവർത്തകരുമായി സന്തോഷം
പങ്കിടും. ഓം മഹാലക്ഷ്മ്യൈ നമഃ 108 തവണ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1,2,3)
ഒരു പുതിയ ആശയം സാമ്പത്തികമായി ഗുണം ചെയ്യും. അനാവശ്യ കാര്യങ്ങൾക്ക് സമയം ഒട്ടും പാഴാക്കരുത്. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. തർക്കങ്ങൾ ക്ഷമാപൂർവം പരിഹരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും. കലാപരമായ കഴിവ് വർദ്ധിക്കും. അവയിൽ നിന്ന് സാമ്പത്തികമായി നേട്ടങ്ങൾ ലഭിക്കും. മാനസിക
പിരിമുറുക്കം അനുഭവപ്പെടാം. ജോലിയിൽ സമയം വളരെ ശുഭകരമായിരിക്കും. ആഗ്രഹിക്കുന്ന ഫലങ്ങൾ ലഭിക്കും.
എന്നും ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.
കര്‍ക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
വരുമാനത്തിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടാകും. ചില അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കും. ഈശ്വരാധീനത്താൽ കുടുംബജീവിതത്തിൽ നിന്ന് വിവിധ പ്രശ്‌നങ്ങൾ ഒഴിഞ്ഞു പോകും. എങ്കിലും മാനസികമായ ആശങ്കകൾ അനുഭവപ്പെടും. ഒരാളുമായുള്ള ചങ്ങാത്തം ജീവിതത്തിലെ ഇച്ഛയ്ക്ക് വിരുദ്ധമായി ചില മാറ്റങ്ങൾക്ക് കാരണമാകും. പൂർത്തിയാകാത്ത നിരവധി ജോലികൾ പൂത്തിയാക്കും. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. കുടുംബപരമായ ആവശ്യങ്ങൾക്ക് സമയം
കണ്ടെത്തും. ഓം നമഃശിവായ എന്നും 108 ഉരു ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
പണം സമ്പാദിക്കാൻ പുതിയ അവസരങ്ങൾ ലഭിക്കും. കാരാറുകളിൽ ഒപ്പിടും മുമ്പ്, അവ നന്നായി വായിക്കണം. ബിസിനസിൽ നല്ല ലാഭം നേടാൻ കഴിയും. മറ്റുള്ളവരോട് നന്നായി പെരുമാറാൻ ശ്രദ്ധിക്കണം. മാനസികമായി അസ്ഥിരത അനുഭവപ്പെടും. തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടും. കലാപരമായ കഴിവുകൾ വർദ്ധിക്കും. വീട്ടു ജോലി പൂർത്തിയാക്കാൻ അവധി എടുക്കും. ദാമ്പത്യ ജീവിതത്തിൽ ചില നല്ല മാറ്റങ്ങൾ സംഭവിക്കും. വിവാഹം ആലോചിച്ച് ഉറപ്പിക്കും. ജോലിയിൽ മത്സര മനോഭാവം പ്രദർശിപ്പിക്കും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2 )
ചില നല്ല വാർത്തകൾ കേൾക്കും. സുഹൃത്തുക്കളുമായി വിനോദയാത്ര പോകും. ആരോഗ്യത്തിൽ അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും. ദുശീലങ്ങൾ കുടുംബാംഗങ്ങളെ അസ്വസ്ഥമാക്കും.പങ്കാളിയുടെ പെട്ടെന്നുള്ള സ്വഭാവമാറ്റം കാരണം മാനസിക പിരിമുറുക്കം അനുഭവപ്പെടാം.
കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന ഒരു പ്രത്യേക വ്യക്തിയെ
ജോലിസ്ഥലത്ത് വച്ച് പരിചയപ്പെടും. കഠിനാദ്ധ്വാനം എല്ലാ വെല്ലുവിളികളെയും നേരിടാൻ പ്രാപ്തരാക്കും. പ്രണയം
പൂവണിയും. മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടും.
തുലാക്കൂറ്
(ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3 )
സ്വാധീനശേഷിയുള്ളവരും പ്രധാനപ്പെട്ടവരുമായ ചില വ്യക്തികളുമായി പരിചയം പുതുക്കുന്നതിന് കഴിയും. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ഒരു നല്ല അവസരം ലഭിക്കും. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് ധാരാളം അനുകൂല്യങ്ങൾ നൽകും. സാമ്പത്തിക ഇടപാടുകൾക്ക് സമയം വളരെ നല്ലതാണ്. എന്നാൽ വീട്, ഭൂമി എന്നിവയിൽ ഇപ്പോൾ വൻ നിക്ഷേപങ്ങൾ പാടില്ല. ജോലികൾ പിന്നത്തേയ്ക്ക് മാറ്റിവയ്ക്കരുത്. അനാവശ്യ കാലതാമസം ഒഴിവാക്കണം. പരീക്ഷയിൽ വിജയം നേടും.
എന്നും 108 തവണ ഓം ഗം ഗണപതയേ നമഃ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ആർഭാടം കുറയ്ക്കണം. ചെലവ് നിയന്ത്രിക്കണം. ചെറിയ കാര്യങ്ങൾക്ക് അസ്വസ്ഥരാകുന്ന സ്വഭാവം വളരെയധികം ദോഷം ചെയ്യും. ദേഷ്യ സ്വഭാവം ആരോഗ്യത്തെ മാത്രമല്ല
ബന്ധങ്ങളും നശിപ്പിക്കും. ഒരു കുടുംബാംഗത്തിന്റെ സാമ്പത്തികമായ ആവശ്യം നിറവേറ്റാൻ കഴിയാതെവരും.
ദാമ്പത്യ ജീവിതം തികച്ചും അനുകൂലമായിരിക്കും.
കൂടുതൽ അടുപ്പം പ്രകടിപ്പിക്കുന്ന ചിലർ അവരുടെ നേട്ടത്തിനായി നിങ്ങളെ വഞ്ചിക്കും. വിദേശയാത്രയ്ക്ക് സാദ്ധ്യത കൂടുതലാണ്. വിദ്യാർത്ഥികൾക്ക് നല്ല നേട്ടങ്ങൾ ലഭിക്കും. ഓം ശരവണ ഭവഃ 108 തവണ ജപിക്കണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തിക പുരോഗതിയുണ്ടാകും. വിലപിടിപ്പുളള ചില
വീട്ടുപകരണങ്ങൾ വാങ്ങും. ഗൃഹത്തിൽ സന്തോഷവും സമാധാനവും നിറയും. മാനസികമായ സമ്മർദ്ദങ്ങളിൽ നിന്നും മോചനം ലഭിക്കും. കഠിനമായ ജോലികളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കണം. മുൻകാലങ്ങളിൽ സംഭവിച്ച
വീഴ്ചകൾ തിരുത്താൻ കഴിയും. വീട്ടിൽ അറ്റകുറ്റപ്പണി
നടത്തും. ജീവിത പങ്കാളിയുമായി ചെറിയ തർക്കങ്ങൾക്ക് സാദ്ധ്യതയുണ്ട്. കുടുംബപ്രശ്നങ്ങൾക്ക് ബുദ്ധിപൂർവം പരിഹാരം കാണും. ചെറുകിട സംരംഭകർക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കില്ല. നിത്യവും 108 തവണ
വീതം ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1,2)
പ്രായോഗിക ബുദ്ധി ഉപയോഗിച്ച് എല്ലാ തടസ്സങ്ങളും അതിജീവിക്കുന്നതിൽ വിജയിക്കും. ദാമ്പത്യബന്ധത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ച കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവും
ഉണ്ടായിരുന്നില്ല എന്ന് ഇരുവർക്കും മനസ്സിലാകും. പഴയ
നിക്ഷേപങ്ങൾ പുതുക്കും. വ്യാപാരത്തിൽ പുതിയ ചില
പദ്ധതികൾക്ക് രൂപം നൽകും. ചിലർക്ക് വീട്ടിൽ നിന്നും
അകന്ന് നിൽക്കേണ്ട സാഹചര്യം ഉണ്ടാകും. വാഹനം മാറ്റി വാങ്ങാൻ തീരുമാനിക്കും. സാമ്പത്തികമായി സമയം വളരെ ശുഭകരമായിരിക്കും. തീർത്ഥാടനം നടത്തും. ചില
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
എന്നും ഓം ഹം ഹനുമതയേ നമഃ ജപിക്കുന്നത് ഉത്തമം.
കുംഭക്കൂറ്
(അവിട്ടം 3, 4 ചതയം, പൂരുരുട്ടാതി 1,2,3)
വ്യാപാരികൾ ലക്ഷ്യപ്രാപ്തി നേടാൻ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കും. അഹംഭാവം ദോഷം ചെയ്യും.
ഊർജ്ജസ്വലത കുറവായിരിക്കും. ആവശ്യമുള്ളപ്പോൾ സഹപ്രവർത്തകരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാൻ
മടിക്കരുത്. ചെലവുകൾ വർദ്ധിക്കും. കുടുംബവും സുഹൃത്തുക്കളും എല്ലാക്കാര്യങ്ങളിലും പിൻതുണയ്ക്കും.
സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ചെലവിടാൻ സമയം കണ്ടെത്തും. വൻ സാമ്പത്തിക പങ്കാളിത്തത്തിൽ
സംരംഭങ്ങൾ തുടങ്ങാൻ ശ്രമം നടത്തും. ആരോഗ്യം
മെച്ചപ്പെടും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
കർമ്മമേഖലയിൽ ഇഷ്ടാനുസരണം ചില മാറ്റങ്ങൾ വരുത്താൻ കഴിയും. തന്ത്രപരമായ നീക്കങ്ങൾ വിജയം വരിക്കും. മറ്റുള്ളവർ പ്രശംസിക്കും. വിദേശത്ത് നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കും. ആരോഗ്യ പ്രശ്നങ്ങൾ കാരണം ധാരാളം പണം ചിലവഴിക്കേണ്ടി വരും. മാനസിക സമ്മർദ്ദം അനുഭവപ്പെടും. ഇതുമൂലം, പല നിഷേധ ചിന്തകളും ശക്തമാകും. പങ്കാളിയുടെ
ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ കഴിയാത്തത് ബന്ധത്തെ ബാധിക്കും. ദൗർബല്യങ്ങൾ ചുറ്റുമുള്ളവർ മുതലെടുക്കും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
- ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
- 91 9847575559
Summary: Predictions: This week for you