ഗുരുവായൂർ ഏകാദശി, പ്രദോഷം,തൃക്കാർത്തിക; ഈ ആഴ്ചത്തെ നക്ഷത്രഫലം
(2024 ഡിസംബർ 8 – 14 )
ജ്യോതിഷരത്നം വേണു മഹാദേവ്
ഗുരുവായൂർ ഏകാദശി, പ്രദോഷ വ്രതം, തൃക്കാർത്തിക എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. കേരളത്തിലെ ഏറ്റവും പ്രധാന ഏകാദശിയായ ഗുരുവായൂർ ഏകാദശി ഡിസംബർ 11 ബുധനാഴ്ചയാണ്. പല പേരുകളിൽ അറിയപ്പെടുന്ന വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശി നാൾ ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിൽ വിഷ്ണു ഭഗവാൻ ലക്ഷ്മീ സമേതനായി സന്നിഹിതനാകും എന്നാണ് വിശ്വാസം. ഗുരുവായൂർ ഏകാദശി നോറ്റാൽ ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിച്ച ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.
ഡിസംബർ 13 വെള്ളിയാഴ്ചയാണ് പ്രദോഷ വ്രതം.
ഉമാമഹാദേവ പ്രീതിക്ക് ഏറ്റവും നല്ലതാണ് പ്രദോഷവ്രതം. കുടുംബത്തിന് അഭിവൃദ്ധിയും ഐശ്വര്യവും തരുമെന്ന് മാത്രമല്ല കുടുംബാംഗങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും ആയുസിനും സന്താനഭാഗ്യത്തിനുമെല്ലാം
പ്രദോഷ വ്രതാനുഷ്ഠാനം നല്ലതാണ്. പ്രദോഷ നാളിലെ ശിവപൂജ വഴി സൽകീർത്തിയും സമ്പത്തും വർദ്ധിക്കും. സന്തതികൾക്ക് ഐശ്വര്യം സിദ്ധിക്കും. ത്രയോദശി തിഥി
ദിവസം സന്ധ്യയ്ക്ക് പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപാർവതി പ്രീതി ലഭിക്കും. വെള്ളിയാഴ്ച തന്നെയാണ് പ്രസിദ്ധമായ തൃക്കാർത്തിക ദീപം, കുമാരനല്ലൂർ കാര്‍ത്തിക, ചക്കുളത്ത് പൊങ്കാല, ശ്രീ നാരായണീയ ദിനം എന്നിവ.
പാൽക്കടലിൽ നിന്ന് വരണമാല്യവുമായി ഉയർന്നുവന്ന മഹാലക്ഷ്മി മഹാവിഷ്ണുവിനെ വരനായി സ്വീകരിച്ചത് വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ്. മഹാലക്ഷ്മി അവതരിച്ച ഈ ദിവസം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മംഗളദിനമായി ദീപങ്ങൾ തെളിയിച്ച് ഭക്തർ ആഘോഷിക്കുന്നു. അടുത്ത ദിവസമാണ്
ചക്കുളത്ത് കാവ് പൊങ്കാല. കാർത്തിക പൊങ്കാലയിട്ട്
ചക്കുളത്തമ്മയെ ഭജിച്ചാൽ ദുരിത ദു:ഖ മോചനവും
അഭീഷ്ടസിദ്ധിയും ലഭിക്കും. കുമാരനല്ലൂർകാര്‍ത്ത്യായനി ഭഗവതിയുടെ കാർത്തിക മഹോത്സവവും അന്നാണ്.
നാരായണീയം എന്ന ദിവ്യഗ്രന്ഥത്തെയും അതിന്റെ രചയിതാവായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയെയും ആദരിക്കാനാണ് എല്ലാ വർഷവും വൃശ്ചികം 28 ന് നാരായണീയ ദിനമായി ആചരിക്കുന്നത്. ഇക്കൊല്ലം ഡിസംബർ 13 വെള്ളിയാഴ്ചയാണ് നാരായണീയ ദിനം. ഗുരുവായൂരപ്പനെ സംബന്ധിച്ച ഭക്തിസാന്ദ്രമായ നാരായണീയം പൂർണ്ണമായി പാരായണം ചെയ്യുന്നത് ഉത്തമമാണ്. 2024 ഡിസംബർ 8 ന് കുംഭക്കൂറിൽ ചതയം നക്ഷത്രത്തിൽ ആരംഭിക്കുന്ന വാരം ഡിസംബർ 14 ന് ഇടവക്കൂറിൽ മകയിരം നക്ഷത്രത്തിൽ അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്ര ഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പണച്ചെലവ് ശരിക്കും
നിയന്ത്രിക്കേണ്ടതാണ്. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടാം. വിനോദയാത്ര പോകാൻ പദ്ധതിയിടും.
സംഭാഷണത്തിൽ മിതത്വം പാലിക്കണം. പ്രണയ ബന്ധം ശക്തിപ്പെടും. തിരക്ക് പിടിച്ച് ജോലികൾ പൂർത്തിയാക്കും.
ഇത് ചില പിഴവുകൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. ലക്ഷ്യം നേടാൻ സഹായിക്കാൻ ഒരാൾക്ക് മുന്നോട്ട് വരും.
ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 ഉരു ജപിക്കുക
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1 , 2 )
ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരില്ല. അതിനാൽ, മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിൽ നിന്ന് സ്വയം അകന്നു നിൽക്കും. കച്ചവടത്തിൽ മികച്ച ലാഭം നേടാൻ കഴിയും. അപ്രതീക്ഷിത ചെലവുകൾ വളരെ കുറവായിരിക്കും. ജോലിസ്ഥലത്തെ ചില പ്രശ്നങ്ങൾ കുടുംബജീവിതത്തിൽ അസ്വസ്ഥതയ്ക്ക് കാരണമാകും.
ബിസിനസ് പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും.
ഓം ശ്രീം നമഃ ദിവസവും 108 തവണ വീതം ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ഉറ്റ ചങ്ങാതിമാരുമായും കുടുംബാംഗങ്ങളുമായും ചില നല്ല നിമിഷങ്ങൾ പങ്കുവെക്കും. സാമ്പത്തികമായി മികച്ച നേട്ടമുണ്ടാക്കാൻ ധാരാളം വഴികൾ തെളിഞ്ഞു വരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രത്യേകമായ പ്രാധാന്യം നൽകും. ചിലർ ആഭരണങ്ങൾ, വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ വാങ്ങും. പദ്ധതികളും നയങ്ങളും പുനർവിചിന്തനം ചെയ്ത് ആവശ്യമായ മെച്ചപ്പെടുത്തൽ നടത്തും. ചെറിയ ചില വെല്ലുവിളികൾ നേരിടേണ്ടി വരും.
ഓം ശരവണ ഭവഃ നിത്യവും 108 തവണ വീതം ജപിക്കണം.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
വീടുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അതിന് പറ്റിയ സമയമാണ്. അശുഭചിന്തകൾ വളരെയധികം ദോഷകരമായി സ്വാധീനിക്കും. ഇക്കാരണത്താൽ നല്ലതും ലാഭകരവുമായ ധാരാളം അവസരങ്ങൾ നഷ്ടപ്പെടും. സംസാരിക്കുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാളെയും വാക്കുകളാൽ കൊണ്ട് മുറിപ്പെടുത്തരുത്.
പ്രിയപ്പെട്ട ഒരാളുമായി ഒരു വലിയ തർക്കം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഓം നമോ നാരായണായ ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആത്മവിശ്വാസത്തോടും ബുദ്ധിയോടും കൂടി മുന്നോട്ട്
പോകും. അവസരങ്ങൾ പൂർണ്ണമായി ഉപയോഗിക്കും. മക്കളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടതായി വരും. പ്രധാനപ്പെട്ട ചില കാര്യങ്ങൾ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെടും. ജോലിയിൽ പുരോഗതി കൈവരിക്കും. ജീവിതപങ്കാളിക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയും. ഓം നമഃ ശിവായ നിത്യവും 108 തവണ വീതം ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4 , അത്തം, ചിത്തിര 1 , 2, 3)
തിടുക്കത്തിൽ തീരുമാനം എടുക്കുന്നത് ഒഴിവാക്കുക.
പുതിയ കരാറുകളിൽ നിന്നും പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ലഭിക്കാൻ സാധ്യത ഒട്ടും തന്നെ കാണുന്നില്ല. പ്രണയ സംബന്ധമായ കാര്യങ്ങൾ ഒന്നും ആരോടും പങ്കിടരുത്. ജോലിസ്ഥലത്ത് നിങ്ങൾക്കെതിരെ ഗൂഡാലോചനകൾ നടക്കും. കുടുംബത്തിൻ്റെ പിന്തുണ സമ്മർദ്ദത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കും. ക്ഷമയോടെ മുന്നോട് പോയാൽ എല്ലാ പ്രശ്‌നങ്ങളിൽ നിന്നും കരകയറാനാകും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ വീതം ജപിക്കണം.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
സമ്പാദിച്ച സമ്പത്ത് മാത്രമേ വിഷമഘട്ടങ്ങളിൽ ഗുണം
ചെയ്യൂ എന്ന് മനസ്സിലാക്കും. കുടുംബാംഗങ്ങളുടെ കൂടെ സമയം ചെലവഴിക്കും. ബന്ധുക്കളുമായി ചെറിയ ചില തർക്കങ്ങൾ ഉണ്ടാകും. ഇത് മാനസിക അകൽച്ചയ്ക്ക് കാരണമാകും. അനുഭവങ്ങളിൽ നിന്ന് പഠിച്ച് നല്ല ജീവിതം നയിക്കാൻ ശ്രമിക്കും. സഹപ്രവർത്തകരുടെ പൂർണ്ണമായ പിന്തുണ ലഭിക്കും. പുതിയ വിദ്യകൾ പഠിക്കാൻ കഴിയും. ജോലിസ്ഥലത്ത് ആദരവും അംഗീകാരവും ലഭിക്കും. ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കണം.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
പുതിയ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കേണ്ടതുണ്ട്. പുതിയ വീട്, ഭൂമി വാങ്ങാൻ തീരുമാനിക്കും. അല്ലെങ്കിൽ പഴയ വീടിൻ്റെ അറ്റകുറ്റപ്പണി നടത്തും. അമിതമായി ചിന്തിക്കുന്നത് മാനസികസമ്മർദ്ദം സൃഷ്ടിക്കും. ജോലിസ്ഥലത്തെ തിരക്ക് കാരണം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കും. ഔദ്യോഗിക കാര്യത്തിൽ മികച്ച ഫലങ്ങൾ ലഭിക്കും. അച്ചടക്കവും അദ്ധ്വാനവും അടിസ്ഥാനമാക്കി നല്ല ശമ്പള വർദ്ധനവ് നേടിയെടുക്കും. ഓം ഭദ്രകാള്യൈ നമഃ ദിവസവും 108 തവണ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
സാമ്പത്തികമായ പുരോഗതി നേടാനാകും. എന്നാൽ
ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകളിൽ ഗണ്യമായ വർദ്ധനവുണ്ടാകും. കുടുംബാംഗങ്ങളോടുള്ള പെരുമാറ്റം പരുഷമാകാതെ ശ്രദ്ധിക്കണം. ജോലി സംബന്ധമായി
ആവശ്യത്തിന് യാത്ര പോകേണ്ടി വരും. വ്യാപാരികൾക്ക് ഭാഗ്യമുണ്ടാകും. വിവിധ സ്രോതസ്സുകളിൽ നിന്ന് നല്ല ലാഭം നേടാൻ കഴിയും. സർക്കാർ ഉദ്യോഗസ്ഥന്റെ സഹായം
ലഭിക്കും. ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കണം.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
മക്കളുടെ വിദ്യാഭ്യാസത്തിന് ധാരാളം പണം ചെലവിടും. ഇക്കാരണത്താൽ നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സാമ്പത്തിക പ്രശ്നങ്ങൾ അനുഭവപ്പെടാം. ആരോഗ്യം സംബന്ധിച്ച കാര്യങ്ങളോർത്ത് അധികം വിഷമിക്കേണ്ട കാര്യമില്ല. കുടുംബത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങൾ ആർജ്ജിക്കാനാകും. നയപരമായ പെരുമാറ്റം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ നേരിടാൻ സഹായിക്കും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ 108 തവണ ജപിക്കുക.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
കഠിനാദ്ധ്വാനം ഫലം ചെയ്യും. മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിക്കും. സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യത കാണുന്നു. ഓരോ മുന്നേറ്റവും മനുഷ്യരിൽ അഹങ്കാരം സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ് നീങ്ങണം. ചുറ്റുമുള്ളവർ എപ്പോഴും പ്രോത്സാഹനം നൽകും. മികച്ച ഒരു നിക്ഷേപം നടത്തും. പുതിയ അവസരങ്ങൾ കൈവരും. വിദൂര യാത്ര പോകാൻ തീരുമാനിക്കും. മാനസിക സമ്മർദ്ദം കുറയും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി , രേവതി )
വ്യാപാരികൾക്കും ബിസിനസുകാർക്കും ജോലിയുമായി ബന്ധപ്പെട്ട് വിദൂരയാത്ര വേണ്ടി വരും. കണക്കിൽ കൂടുതൽ പണം ചെലവാകും. ചില ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കും. കുടുംബ ബിസിനസ്സ് നടത്തുന്നവർക്ക് സദ്ഫലങ്ങൾ ലഭിക്കും. ഒറ്റയടിക്ക് വലിയ നിക്ഷേപങ്ങൾ നടത്തരുത്. വിവാഹം തീരുമാനിക്കാൻ സാധ്യതയുണ്ട്. നല്ല പ്രവൃത്തികൾ വഴി ശത്രുക്കളും ചങ്ങാതിമാരാകും. ഓം ഗം ഗണപതയൈ നമഃ നിത്യവും 108 ഉരു ജപിക്കുക.