Friday, 22 Nov 2024
AstroG.in

ഗുരുവായൂർ ക്ഷേത്ര ചൈതന്യം അനുദിനം വർദ്ധിക്കുന്നതിന്റെ രഹസ്യം ഇതാ

ബിംബ മാഹാത്മ്യം, സ്ഥല മാഹാത്മ്യം, പ്രതിഷ്ഠ നിർവഹിച്ചവരുടെ മഹത്വം, ചിട്ടയായി അനുഷ്ഠിക്കുന്ന ആചാരങ്ങൾ, പൂജാദി കർമ്മങ്ങൾ ഇവയാണ് അനുദിനം വർദ്ധിക്കുന്ന ഗുരുവായൂർ ക്ഷേത്ര ചൈതന്യത്തിന് കാരണമെന്ന് ക്ഷേത്രം ഭരണ സമിതി അംഗമായി ചുമതലയേറ്റ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്.

പാതാളാഞ്ജനം എന്ന അപൂർവ്വയിനം ശിലയിൽ തീർത്തതാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ബിംബം. ഇത് ദേവ പ്രതിഷ്ഠയാണ്. ഈ ബിംബം ഭഗവാൻ മഹാവിഷ്ണു വൈകുണ്ഠത്തിൽ പൂജിച്ചതാണ്. ദ്വാപാരയുഗത്തിൽ വസുദേവർക്ക് കൊടുത്തു. പിന്നീട് ശ്രീകൃഷ്ണൻ പൂജിച്ചു. പ്രളയശേഷം കലിയുഗത്തിൽ ഭഗവത് ചൈതന്യം നിറഞ്ഞ സ്ഥലത്ത് ഗുരുവും വായുവും കൂടി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചു. അങ്ങനെ ഈ ദേശം ഗുരുവായൂരായി. ഇവിടുത്തെ മൂർത്തി ഗുരുവായൂരപ്പനായി. 2013 ൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖ സംഭാഷണത്തിലാണ് തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

സാമ്പത്തികം വേണോ, വേണ്ടയോ, എന്ന് തീരുമാനിക്കുന്നത് ഭഗവാനാണ്. നമുക്ക് വേണ്ടത് ഭഗവാൻ തരും. പൈസയെപ്പറ്റി ചിന്തിക്കാതെ ചെയ്യുന്ന കർമ്മം പൂർണ്ണ മനസോടെ ചെയ്യുക. വലിയ പൂജയും ചെറിയ പൂജയുമുണ്ട്. ചെറുതു മതി; ഭഗവാന് വിരോധം ഇല്ല. പക്ഷേ മനസ് ശുദ്ധമായിരിക്കണം. പൂർണ്ണമായി ഭഗവാനിൽ അർപ്പിക്കണം. ഭഗവാനെ അറിഞ്ഞ അനുഭവങ്ങൾ മാത്രമേ ജീവിതത്തിലുള്ളൂ. പൂജ്യത്തിൽ നിന്നു തുടങ്ങിയ എനിക്കുള്ള ഐശ്വര്യങ്ങളത്രയും ഭഗവാൻ സമ്മാനിച്ചതാണ് – ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അഭിമുഖത്തിൽ പറയുന്നു.

ഒരു മൂർത്തിയിൽ മനസർപ്പിക്കുക. ആ മൂർത്തി ഗുരുവായൂരപ്പനാകാം, ശ്രീ പരമേശ്വരനാകാം, ദേവിയാകാം… നമുക്കിഷ്ടമുള്ള ഏത് മൂർത്തിയും ആകാം. പിന്നെ നമ്മുടെ കാര്യങ്ങളെല്ലാം ആ മൂർത്തി നോക്കിക്കൊള്ളും. പക്ഷേ ആ മൂർത്തിയിൽ നമ്മൾ പരിപൂർണ്ണമായും മനസ് അർപ്പിച്ചിരിക്കണം – ചേന്നാസ് ദിനേശൻ നമ്പൂതിരി ഉപദേശിക്കുന്നു.

അത്മീയതയിലേക്കുള്ള ആദ്യ ചുവടുവയ്പാണ് ക്ഷേത്ര ദർശനം. തപസിൽ നിന്നും ധ്യാനത്തിൽ നിന്നും ഋഷിമാർ ആർജ്ജിച്ച അറിവുകളാണ് മന്ത്രങ്ങളും വാദ്യഘോഷവും ഒക്കെയായി ആചാരാനുഷ്ഠാനങ്ങളായി, പൂജകളായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ധ്യാനരൂപേണ മനസർപ്പിച്ച് ശരിയായ രീതിയിൽ പൂജ ചെയ്താൽ ദേവനും പൂജ കഴിക്കുന്നയാളിനും ക്ഷേത്രത്തിൽ വരുന്ന ഭക്തർക്കും ചൈതന്യം ലഭിക്കും. ഈ കലിയുഗത്തിൽ പക്ഷേ ആരും തപസിന് പോകണ്ടാ; അത്മാർത്ഥമായി പൂജ ചെയ്താൽ മതി. ദേവന്മാരാൽ സൃഷ്ടിക്കപ്പെട്ടതാണ് മന്ത്രങ്ങൾ. ചൈതന്യം വർദ്ധിപ്പിക്കാനുള്ള ക്രിയകളും അവരാൽ സൃഷ്ടിക്കപ്പെട്ടതാണ്. അതുകൊണ്ട് അത് പൂർണ്ണമാണ്. പൂജാകർമ്മങ്ങൾ ചെയ്യുമ്പോൾ കർമ്മിയുടെ മനസിലും ആ ഭാവം ഉണ്ടാകണം. ക്ഷേത്രം എല്ലാവർക്കും വേണ്ടി ഉള്ളതാണ്. ഒരു ക്ഷേത്രത്തിൽ ചൈതന്യം വർദ്ധിച്ചാൽ ആ നാട്ടിലുള്ള എല്ലാവർക്കും അതിന്റെ ഫലം കിട്ടുമെന്നും ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പറയുന്നു.

വിളക്കു കൊളുത്തി വെറുതെ പ്രാർത്ഥിച്ചാൽ മതി ഫലിക്കും. മന്ത്രമൊന്നും ചൊല്ലണമെന്നില്ല. ചൈതന്യം വരും. രാവിലെയും വൈകിട്ടും പത്തു മിനിട്ടെങ്കിലും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. മനസ്സൊന്ന് ഉറപ്പിക്കാൻ കഴിഞ്ഞാൽ അതിലും വലിയ പുണ്യമില്ല.

ക്ഷേത്രത്തിൽ നിന്ന് തൊഴുമ്പോൾ ദേവന് നേർക്ക് നിന്ന് തൊഴരുത്. ശ്രീകോവിലിൽ നിന്നും ചൈതന്യം വശങ്ങളിലേക്കാണ് വരുന്നത്. ഇത് പോസിറ്റീവ് എനർജിയാണ്. അതുകൊണ്ടാണ് രണ്ടു വശങ്ങളിൽ നിന്നു തൊഴണമെന്ന് പറയുന്നത്. ദേവൻ ഉണർന്ന് ഇരിക്കുമ്പോഴാണ് ക്ഷേത്രത്തിൽ തൊഴേണ്ടത്. നട പൂട്ടിക്കിടക്കുമ്പോൾ ദേവൻ നിദ്രയിലായിരിക്കും. പിന്നെ നടയ്ക്ക് മുന്നിൽ നിന്ന് തൊഴരുത്. ശുദ്ധിയില്ലാതെ ക്ഷേത്ര ദർശനത്തിന് വരരുത്. ശുദ്ധവസ്ത്രം ധരിക്കണം. നടത്തിപ്പുകാരും ക്ഷേത്ര ആചാരങ്ങൾ പാലിക്കണം.

പുഴക്കര ചേന്നാസ് മനയിൽ ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂർ ഭരണ സമിതി അംഗമായി നവംബർ 8 തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്. ദേവസ്വം കാര്യാലയത്തിലെ കുറുരമ്മ ഹാളിൽ ചേർന്ന ഭരണസമിതി യോഗത്തിൽ കമ്മിഷണർ ബിജു പ്രഭാകർ സത്യവാചകം ചൊല്ലി കൊടുത്തു. ഗുരുവായൂർ ക്ഷേത്രം തന്ത്രിയായിരുന്ന ബ്രഹ്മശ്രീ പി.സി.നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചതിനെ തുടർന്ന് തന്ത്രിയായി ദിനേശൻ നമ്പൂതിരിപ്പാടിനെ നിശ്ചയിച്ച് തന്ത്രി കുടുംബം ദേവസ്വത്തിന് കത്ത് കൈമാറിയിരുന്നു. തുടർന്നാണ് ദിനേശൻ നമ്പൂതിരിപ്പാടിനെ ഭരണ സമിതി അംഗമായി നിയമിച്ചത്.

ക്ഷേത്രം മുൻ തന്ത്രിയായിരുന്ന പുഴക്കര ചേന്നാസ് മനയിൽ ദിവാകരൻ നമ്പൂതിരിപ്പാടിന്റെയും ഉമാദേവി അന്തർജനത്തിന്റെയും മകനായി 1959 മേയ് 3 നാണ് ദിനേശൻ നമ്പൂതിരിപ്പാട് ജനിച്ചത്. ചൊവ്വല്ലൂർ തന്ത്ര വിദ്യാപീഠത്തിൽ കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യനായി തന്ത്രം പഠിച്ചു. 1978 മുതൽ ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്, ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാട് എന്നിവരുടെ കീഴിൽ ഗുരുവായൂരിൽ പൂജാകർമ്മങ്ങൾ തുടങ്ങി. ആലുവ തന്ത്രവിദ്യാപീഠത്തിൽ നിന്നും താന്ത്രികവിദ്യയിൽ ഉപരിപഠനം നടത്തി. 2008 ൽ തന്ത്ര ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 2009 ൽ ആചാര്യ രത്നപുരസ്കാരം പ്രസിഡന്റ് പ്രതിഭാ പാട്ടീലിൽ നിന്നും ഏറ്റുവാങ്ങി. ആറ്റുകാൽ ദേവീ ക്ഷേത്രം ഉൾപ്പെടെ നൂറോളം ക്ഷേത്രങ്ങളുടെ തന്ത്രിയായി. പൂജാകർമ്മങ്ങൾ നടത്താൻ നിരവധി വിദേശ രാജ്യങ്ങളിൾ സന്ദർശിച്ചു. മംഗലത്ത് മനയ്ക്കൽ ശ്രീദേവി അന്തർജനമാണ് ഭാര്യ. കൃഷ്ണൻ നമ്പൂതിരിപ്പാട് ( ടി സി എസ് കൊച്ചി) ഉമാ നമ്പൂതിരിപ്പാട് എന്നിവർ മക്കളാണ്. കല്ലൂർ മനയ്ക്കൽ കൃഷ്ണജിത്ത് നമ്പൂതിരിപ്പാടാണ് മരുമകൻ.

മംഗളം കൃഷ്ണ

Story Summary: Guruvayoor Tanthri Chennas Dineshan Namboothiripad in Temple Adminstrative committee


error: Content is protected !!