Monday, 23 Sep 2024
AstroG.in

ഗുരുവിന്റെ ശിവപ്രസാദപഞ്ചകം ദുഃഖക്കടലിൽ നിന്ന് രക്ഷിക്കും

ശ്രീ നാരായണ ഗുരുദേവൻ രചിച്ച ഏറെ പ്രശസ്തമായ ശിവ സ്തുതിയാണ് ശിവപ്രസാദപഞ്ചകം.  സകലർക്കും പ്രവേശനമുളള ശിവപ്രതിഷ്ഠ നടത്തി  അരുവിപ്പുറത്ത് ക്ഷേത്രം സ്ഥാപിച്ച ശേഷം അവിടെത്തന്നെ വിശ്രമിക്കുന്ന കാലത്താണ് തന്റെ പ്രധാനപ്പെട്ട ശിവ സ്തോത്രങ്ങളും ഗുരു രചിച്ചത്. അദ്ധ്യാത്മികതയും ജനനന്മയും ഏകീഭവിച്ച ഗുരുദേവന്റെ താളനിബദ്ധമായ ശിവപ്രസാദപഞ്ചകം ഹൃദിസ്ഥമാക്കിയാൽ നിത്യപാരായണത്തിന് ഉത്തമമാണ്. ദുരിതക്കടലിൽ നിന്നും തന്നെ മോചിപ്പിക്കാൻ ഏവർക്കും അഭയം പ്രാപിക്കാവുന്ന ശിവഭഗവാനോട്  യാചിക്കുന്ന ഈ സ്തുതി തന്റെ ശിഷ്യനായ ശിവലിംഗ സ്വാമികൾക്കു നൽകുന്ന ഉപദേശമെന്ന നിലയിൽ രചിക്കപ്പെട്ടതാണ്. 2020 സെപ്തംബർ 21 ന് തൊണ്ണൂറ്റി രണ്ടാമത് മഹാസമാധി ആചരിക്കുന്ന ഈ  വേളയിൽ ശ്രേഷ്ഠമായ ഈ ശിവ സ്തുതി ആലപിച്ച് ഭഗവാനെയും ഗുരുവിനെയും പ്രണമിക്കാം:

ശിവ, ശങ്കര, ശർവ, ശരണ്യ, വിഭോ,
ഭവസങ്കടനാശന, പാഹി ശിവ,
കവിസന്തതി സന്തതവും തൊഴുമെൻ-
ഭവനാടകമാടുമരുമ്പൊരുളേ

(എപ്പോഴും നന്മ മാത്രം ചെയ്യുന്നവനേ, മംഗളകാരിയായിട്ടുള്ളവനേ, സകലതിനെയും സംഹരിക്കുന്നവനേ, ഏവർക്കും ശരണം പ്രാപിക്കാവുന്നവനേ, സർവ്വവ്യാപിയും സർവ്വശക്തനുമായിട്ടുള്ളവനേ, ഇഹലോക ജീവിതത്തിലെ സങ്കടങ്ങളെയെല്ലാംനശിപ്പിക്കുന്നവനേ, ജ്ഞാനികളായിട്ടുള്ള കവികൾ നിരന്തരം തൊഴുതു കൊണ്ടിരിക്കുന്നവനേ, ഇഹലോക ജീവിതമാകുന്ന നാടകം നിരന്തരം നടിച്ചു കൊണ്ട് എന്നിൽ തന്നെ ഇരിക്കുന്ന വിലമതിക്കാനാവാത്ത പൊരുളേ, ശിവാ, രക്ഷിച്ചാലും)

പൊരുളെന്നുമുടമ്പൊടു മക്കളുയിർ-
ത്തിരളെന്നുമിതൊക്കെയനർത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലിൽ
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ

(സമ്പത്തെന്നും ശരീരമെന്നും മക്കളെന്നും ജീവിതത്തിലുള്ള ഐശ്വര്യമെന്നുമൊക്കെയുള്ള വിചാരം എപ്പോഴും ആപത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്നതാണ്. ഇത്തരം വിചാരങ്ങളൊക്കെ മനസിൽ നിന്നും നിശേഷം കളഞ്ഞു സംസാരമാകുന്ന ദുഃഖക്കടലിൽ പെട്ട് വലയാതെ പൊതിഞ്ഞു പിടിച്ചു രക്ഷിക്കുന്നത് നീയാണ് )

പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയിൽ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടു കുടിക്കുമരും കുടി നീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ

(ലോക സാധാരണമായ ബന്ധങ്ങളിൽ കുടുങ്ങി, അതിൽ കിടന്ന് കുഴഞ്ഞു മറിഞ്ഞ്, വെറും ജഡമായ ഈ ശരീരത്തിൽ അതിനോടു താദാത്മ്യപ്പെട്ടു കഴിഞ്ഞുകൊണ്ട് ത്രിഗുണങ്ങളിൽ ഉറച്ചിരുന്നു കുടിച്ചു രസിച്ചു കൊണ്ടിരിക്കുന്നതായ, പ്രിയപ്പെട്ടതെന്നു തോന്നിക്കുന്ന ഈ പാനീയം, അതിന്റെ പാനപാത്രം അടിയോടെ തട്ടിക്കളഞ്ഞ്, ഉള്ളിൽ നീ നിറഞ്ഞിരിക്കുക)

ഗളമുണ്ടു കറുത്തതു നീഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടൽ
ക്കളവുണ്ടൊരു സീമ നിനക്കു നഹി

(കൃപയ്ക്ക് ഇരിപ്പിടമായിട്ടുള്ളവനേ. നീ ഹൃദ്യമായ തരത്തിൽ വിഷം വിഴുങ്ങിയതുകൊണ്ട് നിന്റെ കഴുത്തു കറുത്തിരിക്കുന്നുവല്ലോ. പൊങ്ങിക്കാണുന്ന മേടുപോലെ പൊതിഞ്ഞു നിൽക്കുന്ന കാർമേഘത്തോടു കൂടിയ കടലിനുപോലും അതിരുണ്ട്. എന്നാൽ നിനക്കാകട്ടെ ഒരു തരത്തിലുള്ള അതിരുമില്ല)

കനിവെന്നിലിരുത്തിയനങ്ഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ, കഴലേകുക നീ

(നിന്റെ ദയ ഒരിക്കലും മാറാതെ എന്നിൽ ഉറപ്പിച്ചു നിറുത്തി കാമദേവന്റെ വികൃതികൾ മുഖാന്തരം ഉണ്ടാകുന്ന രസാനുഭവമാകുന്ന പഴം എന്റെ കയ്യിൽ നിന്നു തട്ടിത്തെറിപ്പിച്ച് എന്റെ കൈകളെ ആ മാലിന്യങ്ങളിൽ നിന്നും മുക്തമാക്കി, അതിന്റെ സ്ഥാനത്ത് ശുദ്ധമായ മുക്തിയാകുന്ന, പക്വത പ്രാപിച്ച പഴം അളവില്ലാതെ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന സ്വർണ്ണലതയാണു നീ. അങ്ങനെയുള്ള നീ നിന്റെ പാദം എനിക്ക് ആശ്രയമായി തന്നു പ്രസാദിക്കേണമേ )

– വേണു മഹാദേവ്,

+ 91 9847475559

error: Content is protected !!