Saturday, 23 Nov 2024
AstroG.in

ഗ്രഹണം പിടിക്കുന്ന സമയത്ത് വീട്ടിൽ വിളക്ക് കൊളുത്തി ജപിക്കേണ്ട മന്ത്രങ്ങൾ ഇതാണ്

അനിൽ വെളിച്ചപ്പാടൻ

2020 ജൂൺ 21 ഞായറാഴ്ച രാവിലെ നടക്കുന്ന സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമാകയാൽ ആചരണീയമാണ്. ക്ഷേത്രങ്ങൾ സൂര്യഗ്രഹണം ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പായി അടയ്ക്കും. പിന്നെ പരിഹാരകർമ്മങ്ങൾ അനുഷ്ഠിച്ച ശേഷമേ വൈകിട്ട് തുറക്കുകയുള്ളൂ. കേരളത്തിൽ ആലപ്പുഴ ഉഡുപ്പി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടെ ഗ്രഹണകാലത്തും ക്ഷേത്രം അടയ്ക്കാറില്ല.

എന്നാൽ ഗ്രഹണ സമയത്ത് നമുക്ക് വീടുകളിൽ കുളിച്ച് ഭസ്മം അണിഞ്ഞ ശേഷം വിളക്ക് കത്തിച്ചു വച്ച് പ്രാർത്ഥന നടത്താം. ഗ്രഹണാരംഭം മകയിരത്തിലും അവസാനം തിരുവാതിരയിലും ആയതിനാൽ ഈ നക്ഷത്രക്കാരും ഇടവക്കൂറിലെ കാർത്തിക, രോഹിണി, പുണർതം, പൂയം, ആയില്യം, തുലാക്കൂറിലെ ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ധനുക്കൂറിലെ ഉത്രാടം, കുംഭക്കൂറിലെ അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി എന്നിവർക്കും നല്ലതല്ല.

മിഥുനക്കൂറുകാർക്ക് വ്യാഴവും ശനിയും ഇപ്പോൾ പ്രതികൂലമായതിനാൽ സൂര്യഗ്രഹണത്തിന്റെ ദോഷകാഠിന്യം കൂടും. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കണം. അപകടകരമായതും
അസമയത്തെയും യാത്രകൾ ഒഴിവാക്കണം. ശാരീരിക ക്ഷത സാദ്ധ്യത കൂടുതലാണ്. ഇവിടെ നൽകിയിരിക്കുന്ന മന്ത്രങ്ങളോ അതിലൊന്നോ ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമായിരിക്കും.

അശ്വതി, ഭരണി, മേടക്കൂറിലെ കാർത്തിക, മകം, പൂരം, ഉത്രം, അത്തം, കന്നിക്കൂറിലെ ചിത്തിര, മകരക്കൂറിലെ ഉത്രാടം, തിരുവോണം, മകരക്കൂറിലെ അവിട്ടം എന്നിവർക്ക് ഗ്രഹണത്താൽ ഗുണഫലങ്ങൾ ലഭിക്കും.

ഈ ദോഷവും ഗുണവും സൂര്യൻ രാശിമാറുന്ന 2020 ജൂലൈ 15 വരെയുണ്ടാകും.

ദോഷപ്രദമായി വരുന്നവർ പ്രഭാതത്തിൽ വിളക്ക് കൊളുത്തി താഴെപ്പറയുന്ന ശിവമന്ത്രങ്ങളിലൊന്ന് ഭക്തിയോടെ ജപിക്കണം:

1) നമഃശിവായ

2) ഓം നമഃശിവായ

3) ഓം ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വർദ്ധനം
ഉർവ്വാരുക മിവ ബന്ധനാൽ
മൃത്യോർമ്മുക്ഷീ യമാമൃതാത്.

4) ഈശാനായ നമഃ
തത്പുരുഷായ നമഃ
അഘോരായ നമഃ
വാമദേവായ നമഃ
സദ്യോജാതായ നമഃ

5) ഹ്രീം നമശ്ശിവായ ശിവായ രുദ്രായ
ലോകേശായ ഘോരാകാരായ
സംഹാരവിഗ്രഹായ ത്രിപുരഹരായ
മാം രക്ഷ രക്ഷ ഹും ഫൾ സ്വാഹാ.

ഇവയിലൊരു മന്ത്രം പുലർച്ചെ മുതൽ ജപിക്കാം. അല്ലെങ്കിൽ സൂര്യഗ്രഹണം ആരംഭിക്കുന്ന സമയം മുതൽ അവസാനിക്കുന്ന സമയം വരെ ജപിക്കാം. അതുമല്ലെങ്കിൽ ഗ്രഹണം സംഭവിക്കുന്ന സമയങ്ങളിൽ മാത്രവും ജപിക്കാം. 108 അല്ലെങ്കിൽ ഒമ്പതിന്റെ ഗുണിതങ്ങളായി ജപിക്കാവുന്നതാണ്.

ഏത് ഗ്രഹണത്തിന്‍റെ പേരാണോ നാം പറയുന്നത്, പ്രസ്തുത ഗ്രഹമാണ് മറയപ്പെടുന്നത്. അത് ചിലപ്പോള്‍ എല്ലാ സ്ഥലങ്ങളിലും കാണണം എന്നില്ല. ഒരുപക്ഷെ നാമമാത്രമായി ഗ്രഹണം സംഭവിക്കുകയും ചെയ്യും. മറ്റ് ചിലപ്പോള്‍ പരിപൂര്‍ണ്ണമായ ഗ്രഹണവും ആയേക്കാം. ഏത് നക്ഷത്രത്തിലാണോ സൂര്യഗ്രഹണം നടക്കുന്നത് ആ നക്ഷത്രക്കാർക്കും ആ കൂറുകാർക്കുമായിരിക്കും ഏറ്റവും ദോഷം. പിന്നെ മറ്റുള്ള 8 കൂറുകാർക്കും ദോഷപ്രദമായിരിക്കും. 4 കൂറുകാർക്ക് എപ്പോഴും ഗ്രഹണത്താൽ ഗുണവും ലഭിക്കുന്നതാണ്. ഗ്രഹണഫലം പൊതുവെ ആ മലയാളമാസംവരെ നിലനിൽക്കുന്നതായിരിക്കും.

ഗ്രഹണം മൂന്ന്‍ തരത്തിലുണ്ട്

1) വര്‍ത്തുളം/മോതിരാകൃതി/വലയം – ഒരു വലിയ നാണയത്തിന്‍റെ മുകളില്‍ ചെറിയ നാണയം വെച്ച് അത്രയും ഭാഗം മുറിച്ചുനീക്കിയാല്‍ ലഭിക്കുന്ന ബാക്കി ഭാഗം

2) പരിപൂര്‍ണ്ണം- ഒരു ചെറിയ നാണയത്തിന്‍റെ മുകളില്‍ വലിയൊരു നാണയം വെക്കുന്ന പ്രതീതി

3) ഭാഗികം – ഒരു നാണയത്തിന്‍റെ ഏതെങ്കിലുമൊരു വശത്തുകൂടി മറ്റൊരു നാണയം ചലിപ്പിച്ചാല്‍ ലഭിക്കുന്ന പ്രതീതി

ഈ സൂര്യഗ്രഹണം വര്‍ത്തുളം/മോതിരാകൃതി/വലയം ആകുന്നു. അതായത്, സൂര്യന്‍റെ ഉള്ളിലായി ചന്ദ്രഗ്രഹം കുറച്ചുസമയം സ്‌ഥിതിചെയ്യുമെന്ന് സാരം.

പ്രത്യേകം ശ്രദ്ധിക്കുക: കേരളത്തിൽ ഈ സൂര്യഗ്രഹണം ഭാഗികം മാത്രമായിരിക്കും. ‘ഭാഗികം’ എന്നാൽ ഒരു നാണയത്തിന്‍റെ ഏതെങ്കിലുമൊരു വശത്തുകൂടി മറ്റൊരു നാണയം ചലിപ്പിച്ചാല്‍ ലഭിക്കുന്ന പ്രതീതി എന്ന് ലളിതമായ അർത്ഥം.

സൂര്യഗ്രഹണം ആദ്യമായി സംഭവിക്കുന്നത് (ഗണനം: കൊല്ലം ജില്ല) രാവിലെ 10.12.59 സെക്കന്‍റ് സമയത്താണ്. ഭാഗികമായ സൂര്യഗ്രഹണം നമുക്ക് പൂർണ്ണതയിലെത്തുന്നത് രാവിലെ 11.38.51 സെക്കന്‍റ് സമയത്താണ്. അവസാനിക്കുന്നത് 1.15.24 നും ആകുന്നു.

നമുക്ക് ദൃശ്യമാകുന്ന ഭാഗിക സൂര്യഗ്രഹണം രാവിലെ 10.12.59 നും 11.38.51 നും 1.15.24 നും മാത്രമായിരിക്കും.

ഗ്രഹണത്തിന്‍റെ മൂന്ന്‍ ദിവസം മുമ്പും മൂന്ന്‍ ദിവസം ശേഷവും ശുഭകര്‍മ്മങ്ങള്‍ പാടില്ലെന്നാണ് ആചാര്യമതം. എന്നാൽ ഇത് ഭാഗികമാകയാൽ ഇപ്പോൾ ഇത് ആചരിക്കേണ്ടതില്ല.

സൂര്യഗ്രഹണം ദോഷപ്രദം

1) ഇടവക്കൂർ (കാർത്തിക-2,3,4 പാദങ്ങൾ, രോഹിണി, മകയിരം-1,2 പാദങ്ങൾ)

2) മിഥുനക്കൂർ (മകയിരം-3,4 പാദങ്ങൾ, തിരുവാതിര, പുണർതം-1,2,3 പാദങ്ങൾ)

3) കർക്കിടകക്കൂർ (പുണർതം-നാലാംപാദം, പൂയം, ആയില്യം)

4) തുലാക്കൂർ (ചിത്തിര-3,4 പാദങ്ങൾ, ചോതി, വിശാഖം-1,2,3 പാദങ്ങൾ)

5) വൃശ്ചികക്കൂർ (വിശാഖം-നാലാംപാദം, അനിഴം, തൃക്കേട്ട)

6) ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം)

7) കുംഭക്കൂർ (അവിട്ടം-3,4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി-1,2,3 പാദങ്ങൾ)

8) മീനക്കൂർ (പൂരുരുട്ടാതി-നാലാംപാദം, ഉതൃട്ടാതി, രേവതി)

എന്നീ കൂറുകാർക്ക് സൂര്യഗ്രഹണത്താൽ ധനനാശം, അനാവശ്യമായ സഞ്ചാരം, രോഗാദിക്ലേശങ്ങൾ, വഴക്ക്, ചതി, കടം, കുടുംബപ്രശ്നങ്ങൾ, ശത്രുശല്യം, അപമാനം, സ്‌ഥാനഭ്രംശം എന്നിവയുണ്ടാകാം. ഗ്രഹണം നടക്കുന്നത് മിഥുനക്കൂറിലെ മകയിരത്തിൽ ആകയാൽ മകയിരം-3,4 പാദങ്ങൾ, തിരുവാതിര, പുണർതം-1,2,3 പാദങ്ങൾ എന്നിവർക്ക് ദോഷം കൂടുതലായി അനുഭപ്പെടും. ദോഷപരിഹാരമായി സൂര്യഗ്രഹണം ആരംഭിക്കുന്ന ദിവസം പുലർച്ചെ മുതൽ ആദിത്യഹൃദയം ജപിക്കാം, ശിവാഷ്ടോത്തരം ജപിക്കാം, മൃത്യുഞ്ജയ മന്ത്രം ജപിക്കാം. സൂര്യൻ രാശിമാറുന്ന ജൂലൈ 15 കഴിഞ്ഞാൽ സൂര്യഗ്രഹണദോഷങ്ങൾ പൂർണ്ണമായും നീങ്ങുന്നതായിരിക്കും. അതായത്, മിഥുനമാസം പൂർണ്ണമായും പ്രത്യേക പ്രാർത്ഥന, വഴിപാടുകൾ എന്നിവ മുടങ്ങാതെ ചെയ്യണമെന്ന് സാരം.

സൂര്യഗ്രഹണം ഗുണപ്രദം

1) മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക-ഒന്നാംപാദം) (മൂന്നിൽ) സ്‌ഥാനമാനലാഭം, ധനലാഭം, ശത്രുനാശം, ആരോഗ്യം, ധൈര്യം എന്നിവ ഫലം.

2) ചിങ്ങക്കൂർ (മകം, പൂരം, ഉത്രം-ഒന്നാംപാദം) (പതിനൊന്നിൽ) സ്‌ഥാനമാനലാഭം, കാര്യവിജയം, സന്തോഷം, ധനലാഭം എന്നിവ ഫലം.

3) കന്നിക്കൂർ (ഉത്രം-2,3,4 പാദങ്ങൾ, അത്തം, ചിത്തിര-1,2 പാദങ്ങൾ) (പത്തിൽ) കർമ്മസിദ്ധി, രോഗവിമുക്തി, ധനാഗമം, സജ്ജന സംസർഗ്ഗം.

4) മകരക്കൂർ (ഉത്രാടം-2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം-1,2 പാദങ്ങൾ) (ആറിൽ) സ്‌ഥാനമാനലാഭം, ധനലാഭം, ശത്രുനാശം, ആരോഗ്യം.

ഇവർക്കൊക്കെയും ഈ സൂര്യഗ്രഹണം ശുഭഫലങ്ങൾ നൽകും. സ്‌ഥാനമാനലാഭം, ധനപരമായ സന്തോഷവാർത്തകൾ, ശത്രുനാശം, ആരോഗ്യം, തൊഴിൽവിജയം, സജ്ജന സംസർഗ്ഗം, കുടുംബസുഖം എന്നിവയ്ക്ക് യോഗമുണ്ടാകും. പ്രത്യേകിച്ച് പരിഹാരകർമ്മങ്ങൾ ചെയ്യേണ്ടതില്ല. എന്നിരിക്കിലും ഈ നക്ഷത്രക്കാർ സൂര്യഗ്രഹണദിവസം പ്രഭാതം മുതൽ മദ്ധ്യാഹ്നം വരെ ഇഷ്ടമന്ത്രജപങ്ങൾ ചെയ്യുന്നത് അത്യുത്തമം ആയിരിക്കും. മിഥുനമാസം കഴിഞ്ഞാൽ ഈ സൂര്യഗ്രഹണത്തിന്റെ ഫലദോഷങ്ങൾ അവസാനിക്കുന്നതാണ്.

അടുത്ത സൂര്യഗ്രഹണം (ഗണനം: കൊല്ലം ജില്ല) 25-10-2022 (1198 തുലാം 08) ചോതി നക്ഷത്രത്തിലായിരിക്കും. അതും ഭാഗികമായ സൂര്യഗ്രഹണം തന്നെയാകുന്നു.

അനിൽ വെളിച്ചപ്പാടൻ
(Anil Velichappadan
Uthara Astro Research Center
Mob: 9497 134 134, 0476-296 6666
www.uthara.in)

error: Content is protected !!