Sunday, 6 Oct 2024
AstroG.in

ഗ്രഹപ്പിഴകൾ മാറാൻ ഏറ്റവും ലഘുവായ മാർഗ്ഗം ഇതാണ്

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഗ്രഹദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവരാണ് മിക്കവരും. അലച്ചിൽ, സാമ്പത്തിക ദുരിതം, രോഗ ക്ലേശങ്ങൾ, ദാമ്പത്യകലഹം, സന്താന ദു:ഖം, മനോവിഷമം തുടങ്ങി എന്തെല്ലാം പ്രശ്നങ്ങളാണ് ഗ്രഹപ്പിഴകൾ കാരണം ഒരോരുത്തരും അനുഭവിക്കുന്നത്. ഗ്രഹദോഷങ്ങളിൽ ഏറ്റവും കടുപ്പമായി കരുതുന്നത് ശനി, ചൊവ്വ, രാഹു, കേതു ദോഷങ്ങളാണ്. ക്ഷുദ്രഗ്രഹങ്ങൾ മാത്രമല്ല ശുഭ ഗ്രഹങ്ങൾ പോലും ചിലർക്ക് മാരകമായ ദോഷങ്ങൾ വരുത്തും. ഇത്തരം ഗ്രഹദോഷങ്ങൾ അകലുന്നതിന് നവഗ്രഹങ്ങളെ നിത്യേന രാവിലെ പ്രാർത്ഥിക്കുകയാണ് വേണ്ടത്. ക്ഷേത്രങ്ങളിൽ പോകുന്നവർ നവഗ്രഹമണ്ഡപത്തിന് ചുറ്റും 9 പ്രാവശ്യം പ്രദക്ഷിണം വച്ച് ഒരോ ഗ്രഹമൂർത്തിയെയും വണങ്ങുന്നത് ഉത്തമമാണ്. നവഗ്രഹ നാമങ്ങൾ ചേർന്ന 9 മന്ത്രങ്ങൾ ദിവസവും 9 പ്രാവശ്യം വീതം ചൊല്ലുന്നതും ഗുണകരം. ഗ്രഹപ്പിഴകൾ നീങ്ങി ഐശ്വര്യാഭിവൃദ്ധിയുണ്ടാകും. നിത്യേന നവഗ്രഹ സ്‌തോത്രം 16 പ്രാവശ്യം ചൊല്ലുന്നത് ഫലപ്രദമാകും. അതല്ലെങ്കിൽ നവഗ്രഹസ്‌തോത്രത്തിലെ ഓരോ ശ്ലോകവും ചൊല്ലി ഓരോ മൂർത്തിയെയും നമസ്‌കരിക്കുക. ആകെ 9 നമസ്‌കാരം ചെയ്യണം. ഇങ്ങനെ 27 ദിവസം ചെയ്യുന്നതും നവഗ്രഹപ്രീതിക്കും രോഗദുരിത ശാന്തിക്കും ഗുണകരമാണ്.

നവഗ്രഹനാമ മന്ത്രങ്ങൾ

ഓം ആദിത്യായ നമ:
ഓം അംഗാരകായനമ:
ഓം ശുക്രായ നമ:
ഓം സോമായ നമ:
ഓം ബുധായ നമ:
ഓം ബൃഹസ്പതയേ നമ:
ഓം ശനൈശ്ചരായ നമ:
ഓം രാഹവേനമ:
ഓം കേതവേ നമ:

നവഗ്രഹ സ്‌തോത്രം

സൂര്യന്‍
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വ പാപഘ്‌നം
പ്രണതോസ്മി ദിവാകരം

(ചെമ്പരത്തിപ്പൂവിന് തുല്യമായി, കാശ്യപന്റെ
പുത്രനായി മഹാപ്രഭനായി ഇരുളിന്
ശത്രുവായി സര്‍വ്വ പാപങ്ങള്‍ക്കും ഹരനായ
ആദിത്യനെ ഞാന്‍ നമസ്‌കരിക്കുന്നു)

ചന്ദ്രന്‍
ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മകുടഭൂഷണം

(തൈര്, ശംഖ്, മഞ്ഞ് ഇവയുടെ കാന്തിയോടു കൂടി പാല്‍ക്കടലില്‍ ജനിച്ച് ശശാങ്കനായ ശിവന്റെ ശിരോലങ്കാര ഭൂഷിതനായിരിക്കുന്ന ചന്ദ്രനെ ഞാന്‍ നമിക്കുന്നു)

ചൊവ്വ
ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം

(ഭൂമിയുടെ ഗര്‍ഭത്തില്‍ ജനിച്ച, മിന്നല്‍ക്കൊടിക്ക് സമമായ കാന്തിയോട് കൂടിയ ശക്തി എന്ന
ആയുധത്തെ കൈയില്‍ ധരിക്കുന്ന ചൊവ്വയെ
ഞാന്‍ നമിക്കുന്നു)

ബുധന്‍
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം

(പ്രിയംഗു വൃക്ഷത്തിന്റെ മൊട്ടു പോലെ കറുത്തവനും
പരമസുന്ദരനും വിദ്വാനും ചന്ദ്രപുത്രനും ശാന്ത ഗുണമുള്ളവനുമായ ബുധനെ ഞാന്‍ നമിക്കുന്നു)

വ്യാഴം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

(ദേവതകള്‍ക്കും ഋഷികള്‍ക്കും ആചാര്യനും സ്വര്‍ണ്ണപ്രഭനും ബുദ്ധിയില്‍ ജനിച്ചവനും മൂന്നു ലോകത്തിനും നാഥനുമായ ബൃഹസ്പതിയെ
ഞാന്‍ നമിക്കുന്നു)

ശുക്രന്‍
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

(മഞ്ഞ കുരുക്കുത്തി, മുല്ലപ്പൂവ്, താമരവളയം
ഇവയെപ്പോലെ ശോഭയുള്ളവനും ദൈത്യ ഗുരുവും
സര്‍വ്വ ശാസ്ത്രങ്ങളും പഠിപ്പിക്കുന്നവനുമായ
ശുക്രനെ ഞാന്‍ നമിക്കുന്നു)

ശനി
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

(നീല പരല്‍ കല്ലു പോലെ ശോഭയുള്ളവനും സൂര്യപുത്രനും കുജന്റെ ജ്യേഷ്ഠനും ഛായാ
ദേവിയുടെയും സൂര്യന്റെയും പുത്രനുമായ
ശനിദേവനെ ഞാന്‍ നമിക്കുന്നു)

രാഹു
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം

(പകുതി ശരീരത്തോടു കൂടിയ മഹാവിക്രമനായ,
സൂര്യ ചന്ദ്രന്‍മാരെ ദു:ഖിപ്പിക്കുന്ന സിംഹിക എന്ന
അസുര സ്ത്രീയുടെ പുത്രനായ രാഹുവിനെ
ഞാന്‍ നമിക്കുന്നു.)

കേതു
പലാശപുഷ്പസങ്കാശം
താരകാഗ്രഹ മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

(പ്ലാശിന്‍ പൂവിന്റെ നിറമുള്ളവനും വാല്‍
നക്ഷത്രത്തിന്റെ ശിരസ്സുള്ളവനും കോപിഷ്ടനും കോപസ്വരൂപനും ഭയങ്കരനുമായ
കേതുവിനെ ഞാന്‍ നമിക്കുന്നു)

നമഃ സൂര്യായ
മംഗളായ ബുധായ ച
ഗുരുശുക്ര ശനിഭ്യശ്ച
രാഹവേ കേതവ നമഃ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ,+91 9847575559

error: Content is protected !!