Monday, 25 Nov 2024
AstroG.in

ഗ്രഹപ്പിഴ മാറാൻ ഇതാണ് വഴി

നമ്മുടെ ആരുടെയും നിയന്ത്രണത്തില്‍ നിൽക്കാത്തതാണ് പ്രപഞ്ച ശക്തി. ഇതിനെ സ്വാധീനിക്കാന്‍  പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ മുനീശ്വരന്മാര്‍ ഗ്രഹങ്ങളിലൂടെയാണ് പ്രപഞ്ചശക്തിയുടെ ഓരോ ഭാവങ്ങള്‍ കണ്ടെത്തിയത്.

ഗ്രഹങ്ങള്‍ അവ ഓരോന്നിന്റെയും ഭാവങ്ങളനുസരിച്ച് ഒരോരുത്തരുടെയും ജീവിതത്തെ വിവിധ രീതിയിൽ  സ്വാധീനിക്കുന്നു. ഗ്രഹ ചലനങ്ങൾ കാരണം ഈ ശക്തികള്‍ തമ്മില്‍ ഐക്യം ഇല്ലാതാകുമ്പോഴാണ്  ജീവിതത്തില്‍ ഗ്രഹപ്പിഴകളും  കഷ്ടപ്പാടും ദുരിതവുമുണ്ടാകുന്നത്. ആചാര്യന്മാര്‍ വിധിച്ച താന്ത്രിക മാന്ത്രിക കര്‍മ്മങ്ങളിലൂടെ പ്രാപഞ്ചിക ശക്തികളുടെ ഐക്യം നമുക്ക് അനുകൂലമാക്കി മാറ്റാം.അതിലൂടെ  ഗ്രഹപ്പിഴവഴിയുള്ള ദോഷങ്ങള്‍ ഒഴിവാക്കാം.

ഗ്രഹപ്പിഴയുള്ള കാലങ്ങളില്‍ ഓരോ പ്രവൃത്തിയും സൂക്ഷ്മതയോടെ ചെയ്യണം. അപകട സാധ്യതയുള്ള കാര്യങ്ങള്‍  ഒഴിവാക്കണം. മനസിനെ നിയന്ത്രിക്കണം. കോപവും വിദ്വേഷവും മത്സരവും കളയണം.

ഗ്രഹപ്പിഴകാലത്ത്  ഇഷ്ടദേവതാ ഭജനം, പതിവായുള്ളക്ഷേത്ര ദർശനം, വഴിപാട്, പൂജ, ഹോമം, യന്ത്രധാരണം, രത്‌നധാരണം,   എന്നിവ  ദോഷപരിഹാരമാര്‍ഗ്ഗങ്ങളാണ്. ഉദാഹരണത്തിന് കടുത്ത രോഗ ദുരിതത്തിന് ശിവക്ഷേത്ര ദർശനവും മൃത്യുഞ്ജയ ഹോമവും പരിഹാരമാണ്. സന്താന ക്ഷേമത്തിന് മുരുകനെ പ്രീതിപ്പെടുത്തണം.

ദോഷപരിഹാരങ്ങൾക്ക് പെട്ടെന്ന്  ഫലമുണ്ടാകണമെങ്കില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്ന ആചാര്യനും കര്‍മ്മം ചെയ്യുന്ന പൂജാരിയും ചെയ്യിക്കുന്ന വ്യക്തിയും സദ് വൃത്തരായിരിക്കണം. ഇവരുടെ സാത്വിക ഗുണങ്ങള്‍ കര്‍മ്മത്തെ കാര്യമായി സ്വാധീനിക്കും. ആചാര്യന്‍ സദ് ഗുണമുള്ളസാധകനും ജ്ഞാനിയും   ആയിരിക്കണം. പൂജാരിയും സാത്വികനും ഇഷ്ടദേവതയെ സന്തോഷിപ്പിക്കുന്ന  വ്യക്തിയും കര്‍മ്മങ്ങളില്‍ നൈപുണ്യമുള്ള  അത്യാഗ്രഹമില്ലാത്ത ആളും ആയിരിക്കണം. കര്‍മ്മം ചെയ്യിക്കുന്ന വ്യക്തി ആചാര്യനിലും പൂജാരിയിലും  വിശ്വാസമുള്ളവനും, വ്രതാനുഷ്ഠാനം, സാത്വിക ചിന്താഗതി, അകമഴിഞ്ഞ ഈശ്വരഭക്തി, കാമക്രോധാദികളുടെ നിയന്ത്രണം പാലിക്കുന്നവരും  ആയിരിക്കണം.

ഒരു വ്യക്തിയുടെ ജനനസമയത്തെ ഗ്രഹനില അവരുടെ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്നു. 
നവഗ്രഹങ്ങളെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരം തിരിക്കാം. സൂര്യന്‍, ചന്ദ്രന്‍, വ്യാഴം എന്നിവ സാത്വിക ഗ്രഹങ്ങളാണ്. ബുധന്‍, ശുക്രന്‍ എന്നിവ രാജസഗ്രഹങ്ങളും ചൊവ്വ,ശനി, രാഹു,കേതു എന്നിവ രാജസഗ്രഹങ്ങളുമാണ്. ജനനസമയത്ത് ഈ ഗ്രഹങ്ങളുടെ ബലാധിക്യം അനുസരിച്ച് വ്യക്തിയില്‍ അതാതിന്റെ ഗുണങ്ങള്‍ മുന്നില്‍ നില്‍ക്കും. സാത്വിക ഗ്രഹങ്ങള്‍ ബലസ്ഥാനത്താണെങ്കില്‍ സല്‍സ്വഭാവിയും താമസഗ്രഹങ്ങള്‍ ബലസ്ഥാനത്തായാല്‍ ദു:സ്വഭാവിയും ആവാം.

ദോഷസ്ഥാനത്തു നില്‍ക്കുന്ന ഗ്രഹങ്ങളുടെ ശാന്തിക്കായി ആചാര്യന്മാര്‍ ഔഷധ സ്‌നാനം വിധിക്കുന്നു.  ഓരോ ഗ്രഹത്തിനും പ്രത്യേകം ഔഷധങ്ങളുണ്ട്. ഇതിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് അതാത് ഗ്രഹത്തിന്റെ ദോഷശാന്തിക്ക് നല്ലതാണ്. ശരീരത്തിലെ സപ്തധാതുക്കളുടെയും ആധിപത്യം ഓരോ ഗ്രഹത്തിനായി നീക്കിവച്ചിരിക്കുകയാണ്. ഉദാഹരണത്തിന് സൂര്യന് അസ്ഥി, ചന്ദ്രന് രക്തം, ചൊവ്വയ്ക്ക് അസ്ഥി മജ്ജ, ബുധന് ത്വക്ക്, വ്യാഴത്തിന്  മാംസം, ശുക്രന് ശുക്‌ളം, ശനിക്ക്  മാംസപേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന സ്‌നായു എന്നിവയാണുള്ളത്.

ഇവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ശാന്തിക്ക് അതാതുഗ്രഹങ്ങള്‍ക്കു വിധിച്ചിട്ടുള്ള ഔഷധം ഉപയോഗിക്കണം.
ഒമ്പത് രത്‌നങ്ങള്‍ ചേര്‍ന്നുള്ള നവരത്‌നമോതിരം ധരിക്കുന്നത് എല്ലാവിധഗ്രഹദോഷങ്ങള്‍ളും അകറ്റും. ഇത് ആര്‍ക്കും ധരിക്കാവുന്നതാണ്. മോതിരം അതാതിന് വിധിച്ചിട്ടുള്ള ദിശകളില്‍ ആയിരിക്കണം. നവരത്‌നമോതിരത്തില്‍ വിധിപ്രകാരം വേണം രത്‌നങ്ങള്‍ പതിക്കേണ്ടത്. കഴിയുന്നതും രത്നാചാര്യന്റെ നിർദ്ദേശം പാലിക്കുക.

– പി.എം ബിനുകുമാർ

Mobile: + 91 9447694053

error: Content is protected !!