Sunday, 22 Sep 2024
AstroG.in

ഗ്രഹമാറ്റങ്ങൾ പൂർണ്ണം; ജാഗ്രത
പുലർത്തേണ്ട ദോഷഫലങ്ങൾ ഇവ

പ്രൊഫ. ദേശികം രഘുനാഥൻ
ഏപ്രിൽ മാസം അവസാനത്തോടെ സമീപകാലത്തെ പ്രധാന ഗ്രഹമാറ്റങ്ങൾ ഏറെക്കുറെ പൂർണ്ണമാകും. ഗുരുവും ശുക്രനും മീനത്തിലും രവി, സർപ്പൻ മേടത്തിലും ശനിയും ചൊവ്വയും കുംഭത്തിലും കേതു തുലാത്തിലും ബുധൻ ഇടവത്തിലുമാണ്. മേയ് 13 ന് ചൊവ്വ മീനത്തിലും ശുക്രൻ 23 ന് മേടത്തിലും എത്തും.

സാധാരണ ഇത്രയും ഹ്രസ്വകാലത്തേക്കായി ഒരു ഫല പ്രവചനം നടത്തുക പതിവില്ല. എന്നാൽ തൽക്കാലം രൂപപ്പെട്ട ഗ്രഹസ്ഥിതി അവിചാരിതമായ ചില പ്രത്യേക അനുഭവങ്ങൾക്ക് കാരണമായേക്കാം. ഇതിൽ നല്ലതും കെട്ടതുമായ അനുഭവങ്ങൾ കാണും. ഇവിടെ പക്ഷേ ഗ്രഹങ്ങളുടെ പൊതുവിലുള്ള ഗുണഫലങ്ങൾ എടുത്തു പറയുന്നില്ല. ഓരോ കൂറിലും ജനിച്ചവർ ജാഗ്രത പുലർത്തേണ്ട ദോഷഫലങ്ങൾ മാത്രമാണ് ഇവിടെ ചുണ്ടിക്കാണിക്കുന്നത് :

അശ്വതി, ഭരണി, കാർത്തിക ആദ്യപാദം മേടക്കൂറിന് ജീവിതപങ്കാളിയിൽ നിന്നോ ജീവിത പങ്കാളിയെ കാരണമോ വിപരീത അനുഭവങ്ങൾ ഉണ്ടാകാം. ഒപ്പം ഉൾച്ചേർന്ന് ചില അസുഖങ്ങളും ശല്യം ചെയ്യാം.

കാർത്തിക അവസാന മൂന്ന് പാദം, രോഹിണി, മകയിരം ആദ്യ രണ്ടു പാദം ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് നിനച്ചിരിക്കാതെ ധന, മാനനഷ്ടത്തിന് അവസരം വരാം. സൽപ്പേരിന് കളങ്കം വരാനും സാധ്യതയുണ്ട്.

മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ആരോഗ്യത്തിലും കർമ്മ രംഗത്തും വിപരീത അനുഭവം ഉണ്ടാകാം.

പുണർതം അവസാന കാൽ, പൂയം, ആയില്യം അടങ്ങിയ കർക്കടകക്കൂറുകാർക്ക് അവിചാരിത ഭാഗ്യക്കേട് അനുഭവപ്പെടാം.

മകം, പൂരം, ഉത്രം ആദ്യപാദം അടങ്ങിയ ചിങ്ങക്കൂറുകാർ വാഹനം ഓടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും സാഹസിക പ്രവർത്തികളിൽ ഏർപ്പെടുമ്പോഴും ജാഗ്രത പുലർത്തണം.

ഉത്രം അവസാന മൂന്ന് പാദം, അത്തം, ചിത്തിര ആദ്യ പകുതിയിലെ കന്നിക്കൂറുകാർ ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസം വരാതെ സൂക്ഷിക്കണം. അങ്ങേയറ്റം മന:സംയമനം പാലിക്കേണ്ടി വരും.

ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ അടങ്ങിയ തുലാക്കൂറുകാർക്ക് ശത്രുത, കടം,
ബന്ധുജനങ്ങളിൽ നിന്നുള്ള അസ്വാരസ്യം എന്നിവയിൽ ശ്രദ്ധ വേണം.

വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട എന്നിവ അടങ്ങിയ വൃശ്ചികക്കൂറുകാർ മനസിന്റെ ചാഞ്ചാട്ടം സ്വയം നിയന്ത്രിക്കണം. മന:ശാന്തിക്കായി പൂർവാധികം ഈശ്വരഭജനം തുടരണം.

മൂലം, പൂരാടം, ഉത്രാടം ആദ്യകാൽ ധനുക്കൂറുകാർ ഗൃഹത്തിൽ രൂപപ്പെടുന്ന പുതിയ പ്രശ്നങ്ങളിൽ ക്ഷിപ്രകോപികളായി കടുത്ത വിപരീത നിലപാടുകൾ, പ്രവർത്തികൾ എന്നിവയ്ക്ക് തുനിയാതിരിക്കുക.

ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി അടങ്ങിയ മകരക്കൂറുകാർ സഹോദരങ്ങൾ, സുഹൃത്തുക്കൾ, ഉറ്റവർ, ഉടയവർ എന്നിവരുമായിട്ടുള്ള ബന്ധം ശിഥിലമാക്കാതെ അതീവ ജാഗ്രതയോടെ കഴിയണം.

അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രങ്ങൾ അടങ്ങിയ കുംഭംക്കൂറുകാർ ബാങ്ക് അക്കൗണ്ട് , കൊടുക്കൽ വാങ്ങൽ, സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ സൂക്ഷ്മത പുലർത്തണം.

പൂരുരുട്ടാതി അവസാനകാൽ, ഉത്തൃട്ടാതി, രേവതി അടങ്ങിയ മീനക്കൂറുകാർ ശാരീരിക, മാനസിക ആരോഗ്യം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഔഷധം സേവിക്കുന്നവർ കൃത്യ നിഷ്ഠ പാലിക്കണം.

പ്രൊഫ. ദേശികം രഘുനാഥൻ,

+91 80 78022068

Story Summary: Predictions of Planets Transit in April 2022


error: Content is protected !!