ഗർഭിണികൾ ആദ്യ മാസം ലക്ഷ്മീ വിനായക മന്ത്രം ജപിക്കുക
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഗർഭിണികൾ പോഷകാഹാരം കഴിച്ച് ഔഷധസേവയും ലളിതമായ വ്യായാമവും നടത്തി ഈശ്വര നാമജപവും കീർത്തന ശ്രവണവും സദ് ചിന്തയുമായി കഴിയുന്നത് സദ് സന്താന ലബ്ധിക്ക് ഉത്തമമാണ്. ജ്യോതിഷ ഗ്രന്ഥമായ ഹോരാശാസ്ത്രത്തില്‍ ഗർഭത്തിന്റെ വളർച്ചയും അക്കാലത്ത് നടത്തേണ്ട ഈശ്വരാധനയും വ്യക്തമായി വിശദീകരിക്കുന്നുണ്ട്.
ഗര്‍ഭധാരണ ദിവസം മുതല്‍ ഒരുമാസം കൊണ്ട് ബീജവും അണ്ഡവും മിത്രങ്ങളായി ഭവിക്കും. ശുക്രന്‍ ശുക്ല ശോണിത മിശ്രീഭാവത്തിന് കാരകനായി മാറും എന്നാണ് വരാഹമിഹിരാചാര്യൻ പറയുന്നത്. അതിനാല്‍ ഒന്നാം മാസത്തില്‍ ഗണപതിയേയും ലക്ഷ്മീദേവിയേയും പ്രാര്‍ത്ഥിക്കുകയും ലക്ഷ്മീ വിനായക മന്ത്രം നിത്യവും ജപിക്കുകയും ഈ മന്ത്രത്താൽ ഗണപതി ഹവനം നടത്തുകയും ശുക്ര ഗ്രഹശാന്തി പൂജ നടത്തുകയും വെള്ളിയാഴ്ചകളില്‍ മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും ചെറുപയര്‍ മുളപ്പിച്ചോ അല്ലാതെയോ കഴിക്കുകയും ആ മാസം മുഴുവനും ഒരു വെള്ളിമോതിരമിടുകയും വേണമെന്ന് ആചാര്യൻ നിർദ്ദേശിക്കുന്നു.
ലക്ഷ്മീവിനായകമന്ത്രം
ഓം ഗം ശ്രീം സർവസിദ്ധി പ്രദായേ ശ്രീം ഗം നമ:
രണ്ടാം മാസത്തില്‍ മിശ്രീഭൂതമായിരിക്കുന്ന ശുക്ല ശോണിതങ്ങള്‍ കഠിനമായി ഭവിക്കും. അതിന്റെ കാരകത്വം ചൊവ്വയ്ക്ക് ആകുന്നു. അതിനാൽ രണ്ടാം മാസത്തില്‍ സുബ്രഹ്മണ്യനെ ഭജിക്കുകയും ലളിതാസഹസ്രനാമം ജപിക്കുകയും ചൊവ്വാഴ്ചകളില്‍ ഇളം ചുവപ്പ് വസ്ത്രം ധരിക്കുകയും ചെമ്പ് മോതിരമിടുകയും കുജഗ്രഹശാന്തിപൂജ നടത്തുകയും തുവര കഴിക്കുകയും വേണം.
മൂന്നാംമാസത്തില്‍ കുഞ്ഞിന് കൈകാലുകൾ വരും. അതിന്റെ കാരകത്വം വ്യാഴത്തിനാണ്. അതുകൊണ്ട് മൂന്നാം മാസത്തില്‍ വിഷ്ണു ക്ഷേത്രദര്‍ശനവും ഹരിനാമ കീര്‍ത്തനം, ശ്രീകൃഷ്ണ നാമം ഇവ ചൊല്ലുകയും. വ്യാഴാഴ്ചകളില്‍ മഞ്ഞ വസ്ത്രം ധരിക്കുകയും ധാരാളം കടല കഴിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതലായി അണിയുകയും ചെയ്യണം. ഭാഗവത സപ്താഹങ്ങളില്‍ പങ്കുകൊള്ളുന്നത് നല്ലതാണ്.
നാലാം മാസത്തില്‍ അസ്ഥികള്‍ രൂപം കൊള്ളും. അതിന്റെ കാരകത്വം സൂര്യനാണ്. അതിനാൽ നാലാം മാസത്തില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തണം. ശിവസ്‌തോത്രങ്ങള്‍ ചൊല്ലണം. സൂര്യനെ ഭജിക്കുകയും ഗോതമ്പ് ചേര്‍ത്ത ഭക്ഷണം കഴിക്കുകയും ഞായറാഴ്ചകളില്‍ ചുവപ്പ് കലര്‍ന്ന വസ്ത്രം ധരിക്കുകയും വേണം.
അഞ്ചാം മാസത്തില്‍ ചര്‍മ്മം ഉണ്ടാകും. അതിന്റെ കാരകൻ ചന്ദ്രനാണ്. അതിനാൽ അഞ്ചാം മാസത്തില്‍ ദുര്‍ഗ്ഗാ ദേവിയെ ഭജിക്കുകയും ചന്ദ്രനെ പ്രാര്‍ത്ഥിക്കുകയും തിങ്കളാഴ്ചകളില്‍ വെള്ളവസ്ത്രമിടുകയും നെല്ലുകുത്തിയ പച്ചരി ചേര്‍ത്ത ആഹാരം കൂടുതലായി കഴിക്കുകയും വേണം.
ആറാം മാസത്തില്‍ സ്നായുക്കൾ രൂപപ്പെടും. തത്കാരകന്‍ ശനിയാണ്. ആറാം മാസത്തില്‍ ശനീശ്വരനെ ഭജിക്കുക, ശാസ്തൃ കീര്‍ത്തനങ്ങള്‍ ചെല്ലുക, എള്ളുചേര്‍ത്ത ആഹാരം സേവിക്കുക, നല്ലെണ്ണ (എള്ളെണ്ണ) തേച്ചു കുളിക്കുക. ശനിയാഴ്ച കറുപ്പോ, നീലയോ വസ്ത്രങ്ങള്‍ ധരിക്കുകയും കാക്കയ്ക്ക് തീറ്റകൊടുക്കുകയും വേണം.
ആറാം മാസം മുതൽ ക്ഷേത്ര ദര്‍ശനം പാടില്ല. ഏഴാം മാസത്തില്‍ ജ്ഞാനം അഥവാ ബുദ്ധി ഉണ്ടാകും. അതിന്റെ കാരകന്‍ ബുധനാണ്. ഏഴാം മാസത്തില്‍ നിത്യേന ബുധ സ്‌ത്രോത്രം ചൊല്ലുക, വിഷ്ണു സഹസ്രനാമം ജപിക്കുക, പച്ച വസ്ത്രങ്ങള്‍ ധരിക്കുക, ചാമകഞ്ഞി തയ്യാറാക്കി സേവിക്കുക. എട്ടാം മാസത്തില്‍ ഗര്‍ഭസ്ഥ ശിശുവിന് വിശപ്പും ദാഹവുമുണ്ടാകും, ഒന്‍പതാം മാസത്തില്‍ ഉദ്വേഗം ജനിക്കും. പത്താംമാസത്തില്‍ പ്രസവം നടക്കും. ഈ മാസങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് മാസങ്ങൾക്ക് നിര്‍ദ്ദേശിച്ചത് ആവര്‍ത്തിക്കുക. ഈ രീതിയിൽ ഗർഭ ശുശ്രൂഷ നടത്തിയാൽ ഈശ്വരാനുഗ്രഹത്താൽ ഗർഭ സംബന്ധമായ ബുദ്ധിമുട്ടകൾ ഒഴിയും. ബുദ്ധിയും ആരോഗ്യവും തേജസുള്ള സന്താനഭാഗ്യമുണ്ടാകും.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559