Monday, 8 Jul 2024
AstroG.in

ചണ്ഡികദേവി ശത്രുസംഹാരിണി; നവദുർഗ്ഗ ഐശ്വര്യദായിനി

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ചണ്ഡികദേവി ആരാണ്? ഏതു രൂപത്തില്‍ ദേവിയെ ആരാധിക്കണം? മിക്കഭക്തരുടെയും സംശയമാണിത്. ഈ സംശയം മുൻ ശബരിമല മേൽശാന്തിയും അദ്ധ്യാത്മിക ആചാര്യന്മാരിൽ പ്രമുഖനുമായ ആലപ്പുഴ തോണ്ടൻകുളങ്ങര ജി. പരമേശ്വരന്‍ നമ്പൂതിരിയോട് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: പാര്‍വതീദേവി തന്നെയാണ് യഥാര്‍ത്ഥത്തില്‍ ചണ്ഡികദേവി. മൂന്ന് രൂപത്തിലാണ് ചണ്ഡികാദേവിയെ ആരാധിക്കുന്നത്. ഇരുപതു കൈകളോടു കൂടിയതാണ് ഒരു ചണ്ഡിക സങ്കല്പം.

വലതുകൈകളില്‍ ശൂലം, വാള്‍, വേല്, ചക്രം, പാശം, പരിച, ആയുധം, അഭയം, ഡമരു ശക്തി എന്നിവയും ഇടതുകൈകളില്‍ നാഗപാശം ചെറിയ പരിച, മുഴ, തോട്ടി, പാശം, മണി, കൊടി, ഗദ, കണ്ണാടി, ഇരുമ്പുലക്ക എന്നിവയും ധരിച്ചിരിക്കുന്നു. പത്തു കൈകളോട് കൂടിയതാണ് മറ്റൊരു സങ്കല്പം. കീഴ്ഭാഗത്ത് തലമുറിഞ്ഞു കിടക്കുന്ന മഹിഷാസുരന്റെ മുറിഞ്ഞ കഴുത്തില്‍ നിന്ന് ഒരു പുരുഷന്‍ ഉണ്ടായി ക്രൂദ്ധനായി ആയുധമോങ്ങി നില്‍ക്കുന്നു. ദേവിയുടെ കൈയിൽ ശൂലം. രക്തം നാവിലൂടെ ഒഴുക്കിയും രക്തമാല അണിഞ്ഞു രക്തവര്‍ണ്ണമായും പുരുഷന്‍ നില്‍ക്കുന്നു.

സിംഹത്തിന്റെ പുറത്തിരിക്കുന്ന ദേവി താഴെക്കിടക്കുന്ന അസുരനെ ചവിട്ടിയിട്ടുണ്ട്. ശസ്ത്രധാരിണിയും ശത്രു സംഹാരിണിയും തൃക്കണ്ണുകളോടു കൂടിയവളുമാണ് ദേവി. പതിനെട്ടു കൈകളുള്ളതാണ് മറ്റൊരു ചണ്ഡികാ സങ്കല്പം. ഇവര്‍ക്കെല്ലാം പുറമേ ഇതേ ആയുധങ്ങളേന്തി നില്‍ക്കുന്ന ഒമ്പതു ദുര്‍ഗ്ഗമാര്‍ വേറെയുണ്ട്. ഈ ഒമ്പതു ദുര്‍ഗ്ഗമാരെ മനം നിറച്ച് പൂജിക്കുന്നത് സന്താനങ്ങളുടെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 98475 75559

error: Content is protected !!