Sunday, 6 Oct 2024
AstroG.in

ചന്ദ്രൻ പിഴച്ചാൽ ദുഃഖം, സങ്കടം, രോഗം;
ഉത്തമമായ പരിഹാരം ഇത് മാത്രം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ധാരാളം വ്യക്തികൾ പറഞ്ഞു കേട്ടിട്ടുള്ള ഒരു പൊതു പരാതിയാണ് എൻ്റെ ജാതകത്തിൽ വലിയ വലിയ യോഗങ്ങൾ രാജയോഗം, ഗജകേസരിയോഗം, സാമ്രാജ്യ യോഗം ഇങ്ങനെ ഗംഭീരമായ കാര്യങ്ങൾ എഴുതിവച്ചിട്ടുണ്ട്. പക്ഷേ എനിക്ക് കഷ്ടപ്പാട് ഒഴിഞ്ഞ കാലമില്ല. എന്താണിതിന് കാരണം ?

നമ്മൾ ജനിക്കുന്ന സമയത്തെ ഗ്രഹനില പ്രകാരം ജാതകത്തിൽ പലവിധ ഉത്തമ യോഗങ്ങൾ ഉണ്ടാകാം. പക്ഷേ അത് അനുഭവത്തിൽ വരണമെങ്കിൽചന്ദ്രന് പക്ഷബലം വേണം. അനഭ അല്ലെങ്കിൽ സുനഭയോഗം കൂടി ഉണ്ടെങ്കിലേ ഭാഗ്യം അനുഭവത്തിൽ വരൂ.

ഒരു ജാതകത്തിൽ ചന്ദ്രന് പക്ഷബലമില്ലാതെ വരികയാണെങ്കിൽ മാനസികമായി ധാരാളം ദുഃഖങ്ങളും കഷ്ടങ്ങളും ഉണ്ടാക്കും. കറുത്തവാവിനാണ് ജനിക്കുന്നതെങ്കിൽ കടുത്ത മാനസിക പ്രശ്നങ്ങൾ, ആസ്ത് മ പോലുള്ള രോഗങ്ങൾ എന്നീ കഷ്ടതകളും അനുഭവിക്കാം. ജ്യോതിഷത്തിലെ മനോകാരകനായ ചന്ദ്രൻ വികാരങ്ങൾ, സ്വയം സംരക്ഷണം, പോഷകാഹാരം, സഹജാവബോധം എന്നിവയ്ക്ക് ഉത്തരവാദിയാണ്. ചന്ദ്രൻ കർക്കടകം രാശിയെയും ജാതകത്തിന്റെ നാലാമത്തെ ഭാവത്തെയും ഭരിക്കുന്നു.

നവഗ്രഹങ്ങളിൽ മാതൃസ്ഥാനമാണ് ചന്ദ്രനുള്ളത്. രത്നങ്ങളിൽ വെൺമുത്തും ലോഹങ്ങളിൽ വെളുത്തീയവും അതിദേവത പരാശക്തിയുമാണ്. ആഴ്ചകളിൽ തിങ്കളാഴ്ചയും പൂക്കളിൽ വെള്ളമന്ദാരവുമാണ് ചന്ദ്രന് പറഞ്ഞിട്ടുള്ളത്.
ചന്ദ്രഗ്രഹദോഷമുള്ള ജാതകർ തിരുപ്പതിയിൽ പോയി വെങ്കടേശ്വര ഭഗവാനെ വണങ്ങി പ്രാർത്ഥിച്ചാൽ ചന്ദ്രഗ്രഹദോഷം മാറും. നവഗ്രഹക്ഷേത്രത്തിൽ തിങ്കളാഴ്ച ദിവസം വെളുത്ത പൂക്കൾ കൊണ്ടുള്ള മാല ചന്ദ്രദേവ പ്രതിഷ്ഠയിൽ ചാർത്തി പൂജ, വഴിപാട് , പാൽപ്പായസം ത്രിമധുരം എന്നിവ നിവേദിക്കുകയും ചെയ്താൽ ചന്ദ്രഗ്രഹദോഷം മാറ്റിക്കിട്ടും.

പൗർണ്ണമി രാത്രി 15 നാഴിക ശേഷം ഒരു ചതുരശ്രഗജം ( മൂന്നടി ) വിസ്തീർണ്ണത്തിൽ മെഴുകി അവിടെ പച്ചരി മാവുകൊണ്ട് ചതുരത്തിൽ കളമിട്ട് അഞ്ച് നെയ് തിരിയിട്ട് നിലവിളക്കു തെളിക്കുക. വെറ്റില, പാക്ക്, കദളിപ്പഴം, പാൽപ്പായസം എന്നിവ നിവേദിച്ച് അഷ്ടഗന്ധം ചാമ്പ്രാണി എന്നിവ പുകച്ച് ചന്ദ്ര നാമ മന്ത്രം കുറഞ്ഞത് 452 തവണ ജപിച്ച് വെളുത്ത പൂക്കൾ അർപ്പിച്ച് പൂജ ചെയ്താൽ ചന്ദ്രഗ്രഹദോഷം മാറും. ദക്ഷന്റെ പുത്രീമാരാണ് 27 ചന്ദ്രദാരങ്ങൾ. ഇവരെ വിവാഹം ചെയ്തത് ചന്ദ്രനാണ്.

ചന്ദ്ര നാമമന്ത്രം
ഓം ചന്ദ്രായ നമഃ
ഓം സോമായ നമഃ
ഓം ചാമീകരപ്രഭായൈ നമഃ
ഓം ചാരുമുഖ്യൈ നമഃ
ഓം ചന്ദ്രാനനായൈ നമഃ

ദിവസവും ഉറങ്ങുന്നതിനു മുൻപായി ഒരു വെളുത്ത തുണിയിൽ 21 പച്ചരി വീതം പൊതിഞ്ഞ് തലയിണയുടെ അടിയിൽ വച്ചിട്ട് ഉറങ്ങണം. അങ്ങനെ 81 ദിവസം വയ്ക്കുന്ന പച്ചരി ഒരുമിച്ചു കൂട്ടി ഒരു വെളുത്തവാവ് ദിവസം രാത്രിയിൽ ഒരു ഓട്ടുരുളിയിൽ നെയ്യ്, ശർക്കര, കദളിപ്പഴം ഇവ ചേർത്ത് പായസം ഉണ്ടാക്കി ചന്ദ്രനെ നോക്കി പായസം ചെറിയ പാത്രത്തിൽ അല്പം എടുത്ത് തലയ്ക്കുഴിഞ്ഞ് നാലു ഭാഗത്തും വിതറിയിട്ട് തിരിഞ്ഞു നോക്കാതെ വീട്ടിൽ വന്ന് കുളിച്ച് ഈറൻ മാറി ആദിപരാശക്തിയെ പ്രാർത്ഥിക്കുക. ചന്ദ്രഗ്രഹ പീഡ പൂർണ്ണമായും മാറിക്കിട്ടും. പരാശക്തി മന്ത്രം, ചന്ദ്രഗ്രഹ മന്ത്രം ഇവയും ജപിക്കുക. ചന്ദ്രഗ്രഹ പീഡ മാറാൻ
ചന്ദ്രപൊങ്കാലയോളം ഉത്തമമായ പരിഹാരം മറ്റൊന്നില്ല.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

  • 91 9847575559

Story Summary: Remedies for malefic influence of moon


error: Content is protected !!