Sunday, 6 Oct 2024
AstroG.in

ചരടുകെട്ടിയാൽ എത്ര ദിവസത്തേക്ക് ശത്രുദോഷം മാറി നിൽക്കും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ചരടുകെട്ടുന്നത് കൊണ്ട് ശത്രുദോഷം മാറുമോ?
പൂജിച്ചുകെട്ടുന്ന ചരടിന് ദീര്‍കാലം സംരക്ഷണ കവചം തീർക്കാൻ ശക്തിയുണ്ടോ? ഒട്ടേറെ വിശ്വാസികളും അവിശ്വാസികളും ഒരു പോലെ ചോദിക്കുന്ന കാര്യമാണ് ഇത്. ശത്രുദോഷ, ദൃഷ്ടിദോഷങ്ങളാൽ വിഷമിക്കുന്നവർ അതിൽ നിന്നും തല്‍ക്കാലികശാന്തി നേടുന്നതിനാണ് ചരടിനെ ആശ്രയിക്കുന്നത്. അതിനാൽ പെട്ടെന്നുള്ള രക്ഷയ്ക്കായി ചരട് പൂജിച്ച് ധരിക്കാം. അടിയന്തര ഘട്ടങ്ങളിൽ വിധിപ്രകാരം പൂജിച്ചു കെട്ടുന്ന ചരട് ഭീതി, ഉത്കണ്ഠ, ശത്രുശല്യം എന്നിവയിൽ നിന്നും നമുക്ക് ഒരു സംരക്ഷണ കവചം സൃഷ്ടിക്കും. എന്നാൽ ഈ ചരടിന് ദീര്‍ഘകാലശക്തി ഉണ്ടാകില്ല. അതിന് ഉപകരിക്കുന്നത് യന്ത്രമാണ്. അത് ദീര്‍ഘകാലത്തേക്ക് പ്രയോജനപ്പെടും. വിധിപ്രകാരം യന്ത്രം തയ്യാറാക്കാൻ പൂജയോ ഹോമമോ നടത്തുന്നതിന് കാലതാമസം നേരിടും. അതിന് വേണ്ടി വരുന്ന സമയത്തിനിടയിൽ തല്‍ക്കാലിക ശാന്തി മാത്രമാണ് ചരട് പൂജിച്ച് ധരിക്കുന്നത്.

1008 പ്രാവശ്യം മന്ത്രം ജപിച്ച് പൂജിച്ചു കെട്ടുന്ന ചരടിന് 64 ദിവസത്തേക്ക് ശക്തിയുണ്ടാകും. 504 പ്രാവശ്യം ജപിച്ച ശേഷം ധരിക്കുന്ന ചരട് 41 ദിവസത്തേക്ക് പ്രയോജനപ്പെടും. 336 പ്രാവശ്യം ജപിച്ചത് 21 ദിവസവും 108 പ്രാവശ്യം ജപിച്ചത് 12 ദിവസത്തേക്കും ശക്തിപ്രദം ആയിരിക്കും. ആ കാലയളവ് കഴിഞ്ഞാല്‍ ചരട് ജലാശയത്തില്‍ കളയണം.

ഏലസ് അഥവാ യന്ത്രത്തിനു പുറമെ ശത്രുദോഷ ശാന്തിക്ക് ചില പരിഹാര പൂജകള്‍ പ്രധാനമാണ്. സുദര്‍ശനഹോമം, നരസിംഹഹോമം, അഘോരഹോമം, ത്രിഷ്ടുപ് ഹോമം എന്നിവയാണ് അവ. കടുത്ത ദോഷങ്ങൾ ഉള്ളവർ പ്രത്യുംഗിരാഹോമം, വീരഭദ്രബലി, രക്തചാമുണ്ഡി ഹോമം എന്നിവ ചെയ്യണം.

ഓരോ കര്‍മ്മങ്ങളും സാത്വികാചാരത്തിലും, തമോഗുണ ശൈലിയിലും ചെയ്യാറുണ്ട്. ഗണപതിഹോമം, ഭഗവതിസേവ, മൃത്യുഞ്ജയഹോമം എന്നിവയോടെയാണ് കര്‍മ്മങ്ങള്‍ തുടങ്ങുന്നത്. ഭഗവതിസേവ 3 നേരം പൂജയായി വേണം ചെയ്യാന്‍. ശിവന്‍, ഭദ്രകാളി, നരസിംഹം, രക്തേശ്വരി, ഹനുമാന്‍ എന്നിവരുടെ ക്ഷേത്രങ്ങളില്‍ കൂടുതല്‍ ദര്‍ശനം നടത്തുക. നിര്‍മ്മാല്യ ദര്‍ശനം, ദീപാരാധന ദര്‍ശനം എന്നിവ നടത്തുന്നത് ശത്രുദോഷത്തിൽ നിന്നും പെട്ടെന്ന് മുക്തി നൽകും.

ദൃഷ്ടിദോഷം മാത്രമേ ഉള്ളു എങ്കിൽ അത് നീങ്ങാന്‍ അഘോരമന്ത്രം കൊണ്ട് പൂജ നടത്തി പൂജാപ്രസാദമായ ഭസ്മം നിത്യേന രാവിലെയും വൈകിട്ടും ധരിക്കണം. ഈ ഭസ്മം ചേര്‍ത്ത ജലം ഗൃഹത്തിലും സ്ഥാപനത്തിലും ഒക്കെ തളിക്കാം. 21 ദിനം ഇങ്ങനെ ചെയ്താല്‍ ദൃഷ്ടിദോഷം നീങ്ങും.

ശാപദോഷങ്ങൾ നേരിടുന്നവർക്ക് അതിൽ നിന്നും എളുപ്പം മോചനം നേടാൻ ദക്ഷിണാമൂര്‍ത്തിയെ പത്മത്തില്‍ പൂജിച്ച് പൂജാ ശേഷം വെറ്റില, പാല്‍, ദക്ഷിണ, പഴവര്‍ഗ്ഗങ്ങള്‍, ദക്ഷിണാമൂര്‍ത്തി പ്രതിമ എന്നിവ ദാനം ചെയ്യണം. വൃദ്ധസന്തതികള്‍ക്ക് അന്നദാനം, വസ്ത്രദാനം എന്നിവ ചെയ്യുന്നത് ശാപദോഷമകറ്റും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

Story Summary: Divinity and Power of wrist thread bands


error: Content is protected !!