ചിലന്തി വിഷബാധ അകറ്റുന്ന ചിലന്തിയമ്പലം
സർവചരാചരങ്ങളെയും ആരാധിക്കുന്നതാണ് ഭാരത സംസ്ക്കാരത്തിന്റെ മഹിമ. അതിൽ നിന്നാകണം മുപ്പത്തിമുക്കോടി ദേവതകൾ എന്ന പ്രയോഗം പോലും വന്നത്. ഗജമുഖനായ ഗണേശ ഭഗവാൻ ഇവിടെ പ്രഥമ പൂജ്യനായിത്തീർന്നത് അതിനാലാണ്. ഗണേശനെ പരക്കെ ആരാധിക്കുമ്പോൾ മറ്റ് ചില ജീവികൾക്കുള്ള ആരാധനാലയങ്ങൾ അപൂർവ്വമാണ്.
അതിലൊന്നാണ് പത്തനംതിട്ട കെടുമണിലുള്ള ചിലന്തി ക്ഷേത്രം. ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ കൊടുമണിൽ നിന്നും ഒന്നര കിലോ മീറ്റർ കിഴക്കുള്ള പള്ളിയറ ദേവീക്ഷേത്രമാണ് ചിലന്തിയമ്പലം എന്ന് അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിൽ വന്നു പൂജ ചെയ്തു പ്രസാദം കഴിച്ചാൽ എത്ര കടുത്ത ചിലന്തി വിഷ ബാധയും ശമിക്കുമെന്നാണ് വിശ്വാസം. ആശ്ചര്യ ചൂഢാമണി എന്ന കൃതിയുടെ കർത്താവും ചെന്നീർക്കര സ്വരൂപത്തിന്റെ അധിപനുമായ ശക്തിഭദ്രനുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും. കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്നതാണ് ഈ ദേവീ വിഗ്രഹം. നമ്പൂതിരിമാരുമായുള്ള അവകാശത്തർക്കത്തെ തുടർന്ന് ഈ വിഗ്രഹം ശക്തിഭദ്രനു ലഭിച്ചു. അത് കൊടുമൺപള്ളിയറ കാവിൽ പ്രതിഷ്ഠിച്ചു. തനിക്ക് ലഭിച്ച മഹാവിഷ്ണു, ഗണപതി വിഗ്രഹങ്ങൾ വൈകുണ്ഠ്പുരത്തും പ്രതിഷ്ഠിച്ചു.
ശക്തിഭദ്രകുടുംബത്തിന്റെ ആസ്ഥാനം കൊടുമൺ പള്ളിയറ ദേവീക്ഷത്രത്തിന് സമീപമുള്ള കോയിക്കൽ കൊട്ടാരം ആയിരുന്നു. ശക്തിഭദ്രന് ആശ്ചര്യചൂഢാമണി എന്ന വിശിഷ്ടകാവ്യം രചിക്കുന്നതിന് വേണ്ട അനുഗ്രഹം ലഭിച്ചത് പള്ളിയറ ദേവീക്ഷേത്രത്തിൽ അതായത് ചിലന്തിയമ്പലത്തിൽ നിന്നായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രമാണിത്. ചെന്നീർക്കര രാജസ്വരൂപത്തിന്റെ കൊട്ടാരം വക തേവാരമൂർത്തി ആയിരുന്ന ശ്രീ പള്ളിയറ ദേവീക്ഷേത്രത്തിലെ ദേവി. ക്ഷേത്രത്തിന് പിന്നീട് ചിലന്തിയമ്പലം എന്ന് പേര് വരാൻ കാരണം ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണമാണ്. കൊല്ലവർഷം 956- ൽ ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുക്കുകയും ചെയ്തു. പിന്നീട് ഇവർ കോയിക്കൽ കൊട്ടാരത്തിൽ (ചിലന്തി അമ്പലത്തിനു സമീപം) താമസമാക്കി. കാലാന്തരത്തിൽ അതിൽ ഒരു അന്തർജനം ആത്മീയതയിൽ ലയിച്ച് തപസ് അനുഷ്ഠിച്ചു. തുടർന്ന് ഇവരിൽ ചിലന്തികൾ വലകെട്ടുകയും ചിലന്തികൾ ഇവരുടെ ആജഞാനുവർത്തികൾ ആകുകയും ചെയ്തു. ഈ വലക്കുള്ളിൽ ഇരുന്ന് അന്തർജനം സമാധിയായി. ഈ ദേവിയുടെ ആത്മചൈതന്യം തൊട്ടടുത്ത ദേവീക്ഷേത്രത്തിൽ ലയിച്ചുചേർന്നു. അന്നു മുതലാണ് ക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന പേരു വന്നത്. ഇതേ തുടർന്ന് ചിലന്തി വിഷബാധയേറ്റ അനേകം പേരും മറ്റു തീർത്ഥാടകരും ഈ ക്ഷേത്രദർശനം നടത്തി രോഗശാന്തി നേടി.
ആയിരക്കണക്കിനാളുകളുടെ അനുഭവമാണിത്. ഈ ക്ഷേത്രത്തിനു സമീപമുള്ള വൈകുണ്ഠപുരം ക്ഷേത്രം ശക്തിഭദ്രനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ്. പറയപ്പെടുന്നു വൃത്താകൃതിയിലുള്ള ശ്രീകോവിലും അതിനോടു ചേർന്നുള്ള ചുവർചിത്രങ്ങളും ഈ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് ചരിത്രകാരന്മാരും ഗവേഷകരും സമർത്ഥിക്കുന്നു. ഈ രണ്ടു ക്ഷേത്രങ്ങളുടെയും സമീപത്തുനിന്നും ലഭിച്ചിട്ടുള്ള ചില കൽത്തൂണുകളും, കിണറുകളും, കുളങ്ങളും എല്ലാം പഴയ ചില നാഗരികതകൾ വിളിച്ചോതുന്ന ചരിത്ര സംഭവങ്ങൾ തന്നെയാണെന്ന് വിസ്മരിക്കാൻ പറ്റാത്ത കാര്യമാണ്.