Friday, 22 Nov 2024
AstroG.in

ചൊവ്വാഴ്ച വൈകിട്ട് ചന്ദ്രഗ്രഹണം; ഓം നമഃ ശിവായ ജപിക്കുക

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം 2022 നവംബർ 8 ചൊവ്വാഴ്ച വൈകിട്ട് പൗർണ്ണമി ദിനത്തിൽ സംഭവിക്കും. മേടക്കൂറിൽ ഭരണി നക്ഷത്രത്തിലാണ് ഈ രാഹുഗ്രസ്ത ചന്ദ്രഗ്രഹണം സംഭവിക്കുക. ഇന്ത്യയിൽ പൂർണ്ണ ചന്ദ്രഗ്രഹണം വൈകുന്നേരം 5:30 ന് ശേഷമാണ് ആരംഭിക്കുക. വൈകിട്ട് 6:19 മണി വരെ ഇത് നീളും. കേരളത്തിൽ ഗ്രഹണം ഭാഗികമായിരിക്കും. പൂർണ്ണമായ ചന്ദ്രഗ്രഹണം ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിൽ മാത്രം ദൃശ്യമാകും. കൊൽക്കത്ത, സിലുഗുരി , പാറ്റ്ന , റാഞ്ചി,
ഗൗഹട്ടി എന്നിവിടങ്ങളിൽ പൂർണ്ണ ഗ്രഹണം സംഭവിക്കും.

ഫലം ഒരു വർഷക്കാലം
ഗ്രഹണ ഫലം ഒരു വർഷക്കാലത്തേക്കോ അടുത്ത ഗ്രഹണം വരെയോ ഉണ്ടാകുമെന്ന് ജ്യോതിഷാചാര്യന്മാർ പറയുന്നു. രോഗക്ലേശം, കർമ്മ തടസം, തൊഴിൽ മാന്ദ്യം, മാനസിക വിഷമങ്ങൾ, വിദ്യാതടസം, ധനക്ലേശം, ദാമ്പത്യ പ്രശ്നങ്ങൾ, കുടുംബ ദോഷം തുടങ്ങിയവയാണ് ചന്ദ്രഗ്രഹണത്തിന്റെ പ്രധാന ദോഷഫലങ്ങൾ. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങൾ തുറക്കില്ല. വീടുകളിൽ പൂജാമുറിയിലും വിളക്ക് കത്തിക്കരുത്. ഗ്രഹണസമയത്ത് ശാരീരിക ബന്ധം പാടില്ല. വൈകല്യങ്ങളുള്ള കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ആ നേരത്ത് ആഹാരം കഴിക്കരുത്. ഗ്രഹണസമയത്ത് കഴിവതും സാത്വിക ചിന്തയോടെ കഴിയുന്നത്ര തവണ ഓം നമഃ ശിവായ ജപിക്കാൻ ശ്രമിക്കണം. ഗ്രഹണസമയത്ത് ജപിക്കാവുന്ന ഏക മന്ത്രം ഓം നമഃ ശിവായ മാത്രമാണ്. വെളുത്തവാവിലാണ് ചന്ദ്രഗ്രഹണം വരുന്നതെന്നതിനാൽ പൗർണ്ണമി വ്രതമെടുക്കുന്നവർക്ക് ഈ ചൊവ്വാഴ്ച അതി വിശേഷമാണ്.

ചന്ദ്രഗ്രഹണത്തില്‍ ഗ്രഹണത്തിന്റെ അവസാനം പുണ്യ മുഹൂര്‍ത്തമാണ്. ഈ സമയത്ത് തീര്‍ത്ഥ സ്നാനം, ജപം, ഹോമം, മന്ത്രോപാസന, ഇവയ്ക്ക് ശ്രേഷ്ഠമാണ്. ഈ സമയത്ത് തുടങ്ങി വയ്ക്കുന്ന ഈശ്വരോപാസന പെട്ടെന്ന് ഫലം തരും.

ചന്ദ്രഗ്രഹണഫലം ഒരോ കൂറുകാർക്കും:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ഈ കൂറുകാർക്ക് ഈ ഗ്രഹണ ഫലമായി സാമ്പത്തിക പ്രശ്നങ്ങൾ, അനാരോഗ്യം, ദാമ്പത്യക്ലേശം, ദ്രവ്യനാശം, കാര്യനാശം, മന:സുഖക്കുറവ്, യാത്രാക്ലേശം കുടുംബത്തിൽ അസ്വസ്ഥത തുടങ്ങിയവയുണ്ടാകാം. ശിവക്ഷേത്രത്തിൽ അർച്ചനയും ജലധാരയും നടത്തുക.

ഇടവക്കൂറ്
( കാർത്തിക 1, 2, 3 രോഹിണി, മകയിരം 1, 2)
സാമ്പത്തിക നഷ്ടം, വർദ്ധിച്ച പണച്ചെലവ്, കർമ്മതടസ്സം, സ്ഥാനഭ്രംശം, സ്വജനപീഡ, അനാരോഗ്യം. പണമിടപാടുകൾ വളരെ ശ്രദ്ധയോടെ ചെയ്താൽ മതി, വിശ്വസിച്ചിരുന്ന മേഖലകളിൽ നിന്ന് അപ്രതീക്ഷിത തിരിച്ചടി വരാതെ സൂക്ഷിക്കുക. ശിവക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തുക.

മിഥുനക്കൂറ്
(മകയിരം 3, 4 , തിരുവാതിര, പുണർതം 1, 2, 3)
അപ്രതീക്ഷിത ധനലാഭം. എന്നാൽ ചെലവ് വർദ്ധിക്കും, ശത്രു വിജയം. അംഗീകാരം, പദവി. സഹോദരങ്ങളെയും സഹായ സ്ഥാനത്തുള്ളവരെയും കണ്ണടച്ച് വിശ്വസിക്കണ്ട. തൊഴിൽ തടസ്സം നേരിടാം. സാമ്പത്തികലാഭം, തൊഴില്‍ നേട്ടം, ആഗ്രഹസാഫല്യം മുതലായവ പ്രതീക്ഷിക്കാം. ശിവന് കൂവളമാല ചാർത്തുന്നത് നല്ലതാണ്.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
തൊഴിൽ രംഗത്ത് വിജയം. സന്തോഷാനുഭവങ്ങൾ . അപ്രതീക്ഷിതമായി ചില പ്രശ്നങ്ങൾ വന്നാലും ഈശ്വരാനുഗ്രഹത്താൽ ഒടുവിൽ സന്തോഷകരമായി പരിണമിക്കും. പൊതുവേ എല്ലാ കാര്യങ്ങളിലും അനുകൂലമായ ഫലങ്ങൾ ലഭിക്കും. ധനവരവ് കൂടും. വീടും വാഹനവും വാങ്ങാൻ നല്ല സമയം. ശിവന് ധാര നടത്തിയാൽ നന്ന് .

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
തൊഴിൽ രംഗത്ത് നിർഭാഗ്യമുണ്ടാകാം. മന:ശാന്തി കുറയാം. ആരോഗ്യത്തിൽ ശ്രദ്ധ വേണം, കർമ്മ മാന്ദ്യം സ്വയം മാറ്റണം. മാനഹാനിക്ക് ഇടവരാം. മന:ക്ലേശം ഉണ്ടാകും. ബന്ധങ്ങളിൽ അകൽച്ചയ്ക്ക് സാദ്ധ്യത. കാര്യങ്ങൾക്ക് വിഘ്നം . ശിവന് ധാര രുദ്രാഭിഷേകം, എന്നിവ ദോഷപരിഹാരമാകും .

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
മൃത്യുഭയം ഉണ്ടാകാം. വീഴ്ചകള്‍, ക്ഷതം, മുറിവുകള്‍ മുതലായവയ്ക്ക് സാധ്യതയുള്ളതിനാല്‍ വാഹന ഉപയോഗം, സാഹസിക പ്രവര്‍ത്തനങ്ങള്‍ മുതലായവ പരിമിതപ്പെടുത്തുന്നത് നല്ലതാണ്. വൈദ്യുതി, യന്ത്രം, വാഹനം എന്നിവയുമായി ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗ്രതയും സംരക്ഷണവും സ്വീകരിക്കുക. ശത്രുക്കൾ കൂടും. അപവാദം കേൾക്കും. അലസത, ഓർമ്മക്കുറവ്, ഉൽക്കണ്ഠ തുടങ്ങിയവ ഉണ്ടാകാം. ധനനേട്ടം, യാത്ര കൊണ്ട് ഗുണം ഇവയും ലഭിക്കും. ശിവന് അർച്ചനയാണ് ദോഷപരിഹാരം.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ദാമ്പത്യ പ്രശ്നങ്ങളുണ്ടാകാം. ക്ഷമ ശീലമാക്കുക, പേരുദോഷം കേൾക്കാതിരിക്കാൻ ജാഗ്രത പുലർത്തുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. ദാമ്പത്യത്തിലും വ്യക്തി ബന്ധങ്ങളിലും വൈഷമ്യം വരാവുന്നതാകയാല്‍ കോപിച്ചുള്ള സംസാരം, എടുത്തുചാട്ടം എന്നിവ നിയന്ത്രിക്കണം. സാഹസികത ഒഴിവാക്കണം, സ്വജനവിരോധം, അപമാനം, അനാരോഗ്യം എന്നിവയ്ക്ക് സാധ്യത മനസ്സ് അസ്വസ്ഥമാകും. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കണം. ശിവന് കൂവളമാല, ജലധാര വഴിപാടുകൾ ചെയ്യുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
സുഖാനുഭവങ്ങളുണ്ടാകും. കടം വീട്ടാൻ സാധിക്കും. കുടുംബത്തിൽ സ്വസ്ഥത നിലനിറുത്തും. സ്ഥാനമാനങ്ങളും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. രോഗങ്ങൾ ശല്യം ചെയ്യും, ദാമ്പത്യജീവിതത്തിൽ ക്ലേശങ്ങളുണ്ടാകാം. ശിവക്ഷേത്രത്തിൽ അർച്ചന, കൂവളമാല, പിൻ വിളക്ക് വഴിപാടുകൾ പരിഹാരമാണ്.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
മനോദു:ഖം നേരിടും. അപവാദം കേൾക്കാൻ ഇടവരുത്തരുത് .കുടുംബസ്വസ്ഥത നിലനിറുത്തുക. എങ്കിലും ചില നല്ല അനുഭവങ്ങളും ഐശ്വര്യവും ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ വിഷമം, ഉൽക്കണ്ഠ, എന്നിവയുണ്ടാകാം. ശിവന് , ജലധാര, നടത്തുന്നത് പരിഹാരമാണ്.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1,2 )
ശാരീരികവും മാനസികവുമായ ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായി അകൽച്ചക്ക് ഇടവരാം. ചെലവുകൾ വർദ്ധിക്കും. പരീക്ഷകളിൽ തിരിച്ചടി. ധന ഇsപാടിൽ ശ്രദ്ധ വേണം, ധൈര്യക്കുറവ് നേരിടും . ശിവന് ജലധാര, കുവളാർച്ചന, മൃത്യുഞ്ജയ ഹോമം എന്നിവ ദോഷപരിഹാരമാകും.

കുംഭക്കൂറ്
(അവിട്ടം 3, 4 ചതയം, പൂരുട്ടാതി 1, 2, 3)
ഗുണഫലങ്ങൾ വർദ്ധിക്കും. ധനസമൃദ്ധി, വീട്ടിൽ മംഗള കർമ്മങ്ങൾ, തൊഴിൽ അഭിവൃദ്ധി, സഹോദര ഗുണം എന്നിവ ലഭിക്കും. അത്ഭുതകരമായി പല പ്രശ്നങ്ങളിൽ നിന്നും മുക്തി നേടും. എന്നാൽ ശാരീരിക വിഷമതകളുണ്ടാകാം. ചില ബന്ധുക്കളുമായി അകലും. വാഹനം വാങ്ങും. വീടിനു വേണ്ടി പണച്ചെലവ് വരാം. ശിവന് അർച്ചന, ദേവിക്ക് കുങ്കുമാർച്ചന എന്നിവ ദോഷപരിഹാരമാകും.

മീനക്കൂറ്
(പൂരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഈ കൂറുകാർക്ക് വ്രണം, ധനനഷ്ടം, കുടുംബത്തിൽ അസ്വസ്ഥത. അമിതമായ ചിലവുകള്‍, സാമ്പത്തിക നഷ്ടം തുടങ്ങിയ ദോഷാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ കാര്യസിദ്ധി, പരീക്ഷാവിജയം, തുടങ്ങിയ ഗുണഫലങ്ങളുമുണ്ടാകാം. ശിവന് അർച്ചന, ജല ധാര വഴിപാടുകൾ നടത്തുന്നത് ദോഷങ്ങൾ കുറയ്ക്കും.

പൊതുദോഷ പരിഹാരങ്ങൾ
ഗ്രഹണം തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ പരമശിവനെയും ദുര്‍ഗയെയും ഉപാസിക്കുക. ശിവ സ്തുതികളും ദേവീ സ്തുതികളും കീര്‍ത്തനങ്ങളും മന്ത്രങ്ങളും ജപിക്കുക. ഗ്രഹണ സമയം ക്ഷേത്രങ്ങള്‍ അടയ്ക്കുന്നതിനാല്‍ ക്ഷേത്ര ദര്‍ശനം നടത്താനാകില്ല. രാവിലെ ശിവദര്‍ശനവും ദുര്‍ഗാദര്‍ശനവും നാഗക്ഷേത്ര ദര്‍ശനവും നടത്തി കഴിവിനൊത്ത വഴിപാടു നടത്തി പ്രാര്‍ത്ഥിക്കുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ,

+91 9847575559
Summary: Predictions: Lunar Eclipse: Astrological Effects and Remedies

error: Content is protected !!